ADVERTISEMENT

തിരുവനന്തപുരം∙ ഒട്ടേറെ നല്ലകാര്യങ്ങൾ ചെയ്തെങ്കിലും തെറ്റുപറ്റിയാൽ തിരുത്താറുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. മാധ്യമങ്ങളിൽ വരുന്നതനുസരിച്ച് തിരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിച്ച് നടപടിക്കു നിർദേശം നൽകും. മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ പത്രപ്രവർത്തകരുമായി പ്രമുഖർ സംവദിക്കുന്ന ‘ വാർത്തമാനം’ പരിപാടിയുടെ ആദ്യത്തെ അതിഥിയായി പങ്കെടുക്കുകയായിരുന്നു മന്ത്രി. തെറ്റുകണ്ടാൽ എസ്എഫ്ഐ പ്രവർത്തകരെയും ഉപദേശിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന വാർത്തകളെല്ലാം ശരിയാണെന്നു പറയാനാകില്ല. കാട്ടാക്കട ക്രിസ്ത്യൻ കോളജിലേത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. അതിൽ എസ്എഫ്ഐയെ താനും തള്ളിപ്പറഞ്ഞിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെ ആർഷോയുടെ കാര്യത്തിൽ പാർട്ടിതന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

ഏതു സർക്കാർ ഭരിച്ചാലും ഒരു വിഭാഗം ഉദ്യോഗസ്ഥർ സഹകരിക്കാതെ അവരുടെ ഇഷ്ടം പോലെ ചെയ്യുന്നു. ഉദ്യോഗസ്ഥർ ഫയൽ വച്ചു താമസിപ്പിക്കുന്നത് ദുഷ്ടലാക്കോടെയും ജനാധിപത്യപരമല്ലാത്ത മാർഗങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടിയുമാണ്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. രാഷ്ട്രീയ പ്രശ്നങ്ങളിൽ മന്ത്രിമാർ ഇടപെടുന്നുണ്ട്. മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നുമുണ്ട്. മന്ത്രിമാരുടെ ചുമതല സർക്കാരിന്റെ തലവനെ വിമർശിക്കുകയല്ലല്ലോ– ശിവൻകുട്ടി പറഞ്ഞു.

മന്ത്രി മാന്ത്രികനായി , കടലാസ് കത്തിച്ചിട്ട പാത്രത്തിൽ നിന്ന് വർണകടലാസുകൾ

പോത്തൻകോട് ∙ ഒഴിഞ്ഞ പാത്രത്തിൽ കടലാസ് കത്തിച്ചിട്ട് അടയ്ക്കുകയും തുറക്കുമ്പോൾ അതിൽ നിന്നും വർണക്കടലാസുകളും ‘പുകവലി ആപത്ത് എന്ന ഫ്ലെക്സും പുറത്തെടുത്ത് മാന്ത്രികനും അധ്യാപകനുമായ ഹാരിസ് താഹയോടൊപ്പം  മന്ത്രി വി. ശിവൻകുട്ടി മജിഷ്യന്റെ കറുത്ത തൊപ്പിയും വച്ച് ഇന്ദ്രജാലത്തിൽ പങ്കാളിയായത് കുട്ടികൾക്കും കൗതുകമായി. മംഗലപുരം പാട്ടത്തിൽ ഗവ എൽപി സ്കൂളിൽ പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്കൂളുകളിൽ പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ കുട്ടികൾക്ക് ഓടിക്കളിക്കാൻ ഇടങ്ങളുണ്ടാകണമെന്നും അവിടെയെല്ലാം കെട്ടിടങ്ങൾ കെട്ടിനിറയ്ക്കരുതെന്നും  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.  വി.ശശി എംഎൽഎ അധ്യക്ഷനായിരുന്നു. സ്കൂളിനെ മറച്ചുകൊണ്ട് വലിയ ഓഡിറ്റോറിയങ്ങൾ ഒഴിവാക്കണമെന്ന് വി.ശശി പറഞ്ഞു. 

മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. മുരളീധരൻ നായർ,പഞ്ചായത്തംഗങ്ങളായ എസ്. ശ്രീലത,വി.അജികുമാർ,  കെ.പി ലൈല, വനജകുമാരി, എ.എസ് സുനിൽ,എസ്. ജയ  കണിയാപുരം എഇഒ കെ.രവികുമാർ, ബിപിസി ഉണ്ണിക്കൃഷ്ണൻ പാറയ്ക്കൽ, പ്രധാന അധ്യാപകൻ കൃഷ്ണൻകുട്ടി മടവൂർ, സീനിയർ അസിസ്റ്റന്റ് ബി.ബീന, പിടിഎ പ്രസിഡന്റ് ജെ.എം. നൗഷാദ് വികസന സമിതി ചെയർമാൻ എ.ആർ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com