ADVERTISEMENT

വിതുര ∙‘കാറിന്റെ മുൻ സീറ്റിൽ ഇടതു ഭാഗത്തായിരുന്നു ഞാൻ. ശക്തമായ കോടമഞ്ഞ് കാഴ്ച മറച്ചു. ഹെയർപിൻ വളവ് കണ്ടില്ല. രാവിലെ എട്ടു മണിയോടെയാണ് പൊന്മുടിയിൽ എത്തിയത്. കോടമഞ്ഞ് അതിതീവ്രമായിരുന്നു. ഇതോടെ മടങ്ങാൻ തീരുമാനിച്ചു. തിരികെ മടങ്ങുമ്പോൾ 22ാം വളവിൽ എത്തിയപ്പോൾ കോടമഞ്ഞ് മുൻ ഗ്ലാസിലൂടെ‍യുള്ള കാഴ്ച മറച്ചു.  വാഹനം എവിടെയോ ഇടിച്ച ശബ്ദം കേട്ടു. നിമിഷങ്ങൾക്കകം കാർ കൊക്കയിലേക്ക് പതിച്ചു.

പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്കു മറിഞ്ഞതിനെ തുടർന്ന് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിലേക്കു മാറ്റുന്നു. ചിത്രം : മനോരമ
പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്കു മറിഞ്ഞതിനെ തുടർന്ന് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിലേക്കു മാറ്റുന്നു. ചിത്രം : മനോരമ

പലവട്ടം കരണം മറിഞ്ഞ കാർ മരത്തിൽ തട്ടി കുറച്ചു നേരം നിന്നു. അപ്പോഴാണ് വൻ അപകടത്തിൽ‍പ്പെട്ടത് മനസ്സിലായത്. മുകളിലേക്കു ഊർന്നു കയറാൻ ശ്രമിച്ചു.  അപ്പോഴാണു അവിടെ ഉണ്ടായിരുന്നവർ പിടിച്ചു റോഡിലേക്കു കയറ്റിയത്. ഇതിനിടെ കാർ താഴേക്കു പതിക്കുന്നതും കണ്ടു’

സ്പൈൻ ബോർഡും മറ്റ് സുരക്ഷാ സാമഗ്രികൾ ഇല്ല

അപകടത്തിൽ ഗുരുതര പരുക്കേറ്റു കിടക്കുന്നവരെ ആംബുലൻസിലോ മറ്റോ എത്തിക്കുന്നതിന് ആവശ്യമായ സുരക്ഷാ സാമഗ്രികൾ പോലും ഇല്ലാത്ത സാഹചര്യമായിരുന്നു പൊന്മുടിയിൽ. പരുക്കേറ്റു കിടക്കുന്നയാളെ വേഗത്തിൽ ആംബുലൻസിൽ എത്തിക്കുന്നതിനെക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് സുരക്ഷിതമായി എത്തിക്കാനാണെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയവർ പറയുന്നു. പരുക്കേറ്റവരെ അശ്രദ്ധയോടെ പുറത്തെത്തിച്ചാൽ ആന്തരിക അവയവങ്ങൾക്കു ക്ഷതമേൽക്കാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

നട്ടെല്ലിന് ഉൾപ്പെടെ പ്രശ്നമില്ലാതെ കൊണ്ടു വരാൻ സ്പൈൻ ബോർഡ് ഉൾപ്പെടെയുള്ളവ ആവശ്യമാണ്. എന്നാൽ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ഇതൊന്നും ലഭ്യമല്ല. സാധാരണ സ്ട്രച്ചറുകൾ മാത്രമാണ് ഇവിടെ ലഭ്യമായിട്ടുള്ളൂ. കാറിനുള്ളിൽ കുടുങ്ങിയ 2 പേരെ സ്ട്രെക്ചറിലും, ഒരാളെ പുതപ്പിൽ കിടത്തി ചുമന്നുമാണ് ഇന്നലെ പുറത്തെത്തിച്ചത്. 

രക്ഷാദൗത്യം അതീവദുഷ്കരം

പൊന്മുടി 22ാം വളവിൽ കാർ കൊക്കയിൽ പതിച്ചുണ്ടായ അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ. മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് കാറിലുണ്ടായിരുന്ന അവസാന വ്യക്തിയായ അമൽ മുഹമ്മദിനെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.കൊക്കയിലേക്കു മറിഞ്ഞ കാറിനുള്ളിൽ നിന്നും പുറത്തിറങ്ങി മുകളിലേക്കു കയറാൻ ശ്രമിച്ച നവ്ജ്യോതിനെ ആദ്യം രക്ഷപ്പെടുത്തി. താഴേക്കു പതിച്ച കാറിനുള്ളിൽ കുടുങ്ങിയവരെ പ്രധാന റോഡിലേക്ക് എത്തി‍ക്കാൻ മൂന്നു മണിക്കൂറാണു വേണ്ടി വന്നത്.

ശക്തമായ കോടമഞ്ഞും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിബന്ധങ്ങളായി. തുടർന്നാണു വനം സെക‍്ഷൻ ഓഫിസിനു മുന്നിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ കമ്പിമൂടിൽ മറ്റൊരു വഴി കണ്ടെത്തിയത്. കാടിനുള്ളിലൂടെ പുതിയ വഴി ചുരുങ്ങിയ സമയം കൊണ്ടു ഫയർ ഫോഴ്സ്, വനം വകുപ്പ്, സന്നദ്ധ പ്രവർത്തകർ നാട്ടുകാർ, പൊലീസ് എന്നിവർ ചേർന്നു വെട്ടിത്തെളിച്ചു. മൂന്നു പേരെയും ചുമന്നാണ് റോഡിലെത്തിച്ചത്.

ഓടിയെത്തി, രാജേന്ദ്രൻ

  രാജേന്ദ്രൻ
രാജേന്ദ്രൻ

അപകടം നടന്ന സമയത്ത് വനം സെക‍്ഷൻ ഓഫിസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നതു പൊന്മുടി വന സംരക്ഷണ സമിതി അംഗമായ രാജേന്ദ്രനായിരുന്നു. വൻ ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയതും ഇദ്ദേഹം തന്നെ. കോടമഞ്ഞ് കാരണം രാജേന്ദ്രന് ആദ്യം ഒന്നും കാണാൻ കഴിഞ്ഞില്ല.സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണു റോഡിനു സമീപത്തെ സംരക്ഷണ ഭിത്തി തകർന്നതു ശ്രദ്ധിച്ചത്.

രാജേന്ദ്രനെ കൂടാതെ, പിആർടിയിലെ രമേശ്, വന സംരക്ഷണ സമിതിയിലെ വിഘ്നേഷ്, രാഹുൽ എന്നിവരും രക്ഷാ ദൗത്യത്തിൽ ഫയർ ഫോഴ്സിനും സന്നദ്ധ പ്രവർത്തകർക്കും പൊലീസിനുമൊപ്പം പങ്കാളികളായി. അപകടവിവരം അറിഞ്ഞ് തിരുവനന്തപുരം ഡിഎഫ്ഒ കെ.ഐ.പ്രദീപ്കുമാർ, കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു, വിതുര ഫയർ സ്റ്റേഷൻ ഓഫിസർ കെ.കെ.രാജേന്ദ്രൻ എന്നിവരും സ്ഥലത്തെത്തി.

മുന്നിൽ നിന്നു നയിച്ച് രഞ്ജിത് ഇസ്രയേൽ

രഞ്ജിത് ഇസ്രായേൽ
രഞ്ജിത് ഇസ്രായേൽ

‘പങ്കെടുക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ എല്ലാവരെയും രക്ഷിക്കാൻ കഴിയുന്നത് നൽകുന്ന സന്തോഷം വലുതാണ്. പ്രതിഫലം സ്വീകരിക്കാതെ വീണ്ടും മുന്നിട്ടിറങ്ങാൻ അതു നൽകുന്ന പ്രചോദനം വിവരണാതീതം...’ –പൊന്മുടി 22ാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഉള്ളിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം സന്നദ്ധ പ്രവർത്തകനായ രഞ്ജിത് ഇസ്രയേൽ പറഞ്ഞ വാക്കുകളാണിത്. ആരും വിളിച്ചില്ലെങ്കിലും അപകട വിവരം അറിഞ്ഞ് പല ദുരന്ത മുഖങ്ങളിലും രഞ്ജിത് രക്ഷകനായി എത്തും.

രണ്ട് പ്രളയ കാലത്തും കഴിഞ്ഞ വർഷം ഇടുക്കി പെട്ടിമുടിയിൽ ദുരന്തം ഉണ്ടായപ്പോഴും രഞ്ജിത്ത് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.ഇന്നലെ പൊന്മുടിയിലെ അപകടം അറിഞ്ഞയുടൻ രഞ്ജിത് സംഭവ സ്ഥലത്തെത്തി. കാടിനുള്ളിലൂടെ വഴി വെട്ടിത്തെളിക്കാനും രക്ഷാ ദൗത്യം പൂർത്തിയാക്കാനും തുടക്കം മുതൽ ഒടുവിൽ വരെ രഞ്ജിത് മുന്നിൽ നിന്നു.

English Summary: Car accident in Ponmudi, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com