ADVERTISEMENT

തിരുവനന്തപുരം∙ വായനയുടെ പ്രാധാന്യം പുതുതലമുറയിലെത്തിക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിൽ പാഠ്യേതര വായനയും എഴുത്തും ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ദേശീയ വായന ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകം ഡിജിറ്റൽ വായനയിലേക്കു മാറുന്ന സാഹചര്യമുണ്ട്. അക്കാദമിക വിഷയങ്ങൾക്കൊപ്പം മറ്റു വായനയും വിദ്യാർഥികളിൽ വളർത്തണമെന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം വായന നൽകുന്ന കരുത്തും നേടിയെടുക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് അധ്യക്ഷനായിരുന്ന മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. സമ്പൂർണ സാക്ഷരതയ്ക്കായി നിസ്തുല സംഭാവനകൾ നൽകിയ മഹാനാണ് വായനാ ദിനത്തിലൂടെ നാട് ആദരം അർപ്പിക്കുന്ന പി. എൻ. പണിക്കരെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു.

പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എം.വിജയകുമാർ, ഒ.രാജഗോപാൽ, ടി.കെ.എ. നായർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്, മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, പിആർഡി അഡിഷനൽ ഡയറക്ടർ കെ. അബ്ദുൽ റഷീദ്, സ്റ്റേറ്റ് നാഷനൽ സർവീസ് സ്‌കീം ഓഫിസർ അൻസർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.‌ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വായനാ ദിനത്തോടനുബന്ധിച്ച് സി.റഹീമിന്റെ കൃതികളിലെ സൂഫി ദർശനം എന്ന പരിപാടി ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തനിക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങളും വായനയിൽ നിന്ന് ഉണ്ടായതാണെന്നും ചെറുപ്പകാലത്ത് താൻപുസ്തകങ്ങളെ ആഘോഷമാക്കിയിരുന്നതായും  അടൂർ പറഞ്ഞു.

രമേശ് നാരായൺ, ഡോ.കെ.എസ്.രവികുമാർ, പി.കെ.ശോഭന, പി.യു.അശോകൻ, സി.റഹിം എന്നിവർ പ്രസംഗിച്ചു. വായനയെ വീണ്ടെടുക്കാൻ സമൂഹം അതീവശ്രദ്ധ പുലർത്തണമെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ അഭിപ്രായപ്പെട്ടു. സാംസ്‌കാരിക അപചയങ്ങളെ ചെറുക്കാൻ നല്ല പുസ്തകമാണ് മികച്ച ആയുധമെന്ന് സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വായനാദിനാഘോഷം ഉദ്ഘാടനം ചെയ്ത്  അദ്ദേഹം വ്യക്തമാക്കി. ഡയറക്ടർ ഡോ. മ്യൂസ് മേരി അധ്യക്ഷയായി. ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിലെ അപൂർവ ഗ്രന്ഥങ്ങളുടെ പ്രദർശനവും നടന്നു. ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും വായനാ ദിനത്തിൽ പുസ്തകവും കുട്ടിപ്പാട്ടുകളുമായി ഒത്തുകൂടി. ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com