ADVERTISEMENT

തിരുവനന്തപുരം ∙ പനി ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം ജില്ലയിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണവും അനുദിനം പെരുകുന്നു. ഇന്നലെ പനി ബാധിച്ച് 1208 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെത്തിയത്. 12 പേരെ അഡ്മിറ്റ് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ ഒരു മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. കാട്ടാക്കട സ്വദേശിയാണ് മരിച്ചത്. 8 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 17 പേർക്ക് രോഗം ബാധിച്ചതായി സംശയം.

കോട്ടുകാൽ, മംഗലപുരം, കൊല്ലയിൽ, ആര്യനാട്, പനവൂർ, വട്ടിയൂർക്കാവ്, കണ്ണമ്മൂല എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ടു ചെയ്തത്. ഒരാൾക്ക് എലിപ്പനി ബാധിച്ചതായും റിപ്പോർട്ടുണ്ട്. നെടുമങ്ങാട് ജില്ല ആശുപത്രിയിൽ നിത്യേന  1500 പേരിൽ കൂടുതൽ ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നുണ്ട്.  ഇതിൽ മുന്നൂറ്റി അൻപതിലധികം പേരും പനി ബാധിച്ച് എത്തുന്നതാണ്. പനി ബാധിതർക്ക് പ്രത്യേക ക്ലിനിക് ആരംഭിച്ചിട്ടുണ്ട്.  വൈകിട്ട് അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെ പരിശോധിക്കാൻ മിക്കപ്പോഴും ഒരു ഡോക്ടറെ ഉണ്ടാകാറുള്ളൂ. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പനി ബാധിതരുടെ എണ്ണം  വർധിച്ചു തന്നെ. 

ഡെങ്കിപ്പനി : ഒരാൾ മരിച്ചു

കാട്ടാക്കട ∙ ഡങ്കിപ്പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൂങ്ങാംപാറ ചെട്ടികോണം അയണിവിള അഭിൻ നിവാസിൽ വിജയകുമാർ(56)മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയാണ്. വെള്ളിയാഴ്ച വരെയും ഇദ്ദേഹം ജോലിക്ക് പോയിരുന്നു. ഭാര്യ: ചെല്ലകുട്ടി .മകൻ: അഭിൻ.

കല്ലമ്പലത്ത് സിക്ക 

കല്ലമ്പലം മേഖലയിൽ പനി ബാധിതരുടെ എണ്ണം പെരുകുന്നു. നാവായിക്കുളത്ത് സിക്ക സ്ഥിരീകരിച്ചു. ഡീസന്റ്മുക്ക് സ്വദേശിയായ യുവതിക്ക് ആണ് 5 ദിവസം മുൻപ് സിക്ക സ്ഥിരീകരിച്ചത്.  ഇപ്പോൾ രോഗം കുറഞ്ഞതായി ആരോഗ്യ വിഭാഗം അറിയിച്ചു. സർക്കാർ ആശുപത്രികളിൽ പനി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു.പള്ളിക്കൽ,നാവായിക്കുളം,കരവാരം,മണമ്പൂർ പഞ്ചായത്തുകളിലാണ് എണ്ണത്തിൽ വർധന ഉണ്ടായിട്ടുള്ളത്. പള്ളിക്കൽ, നാവായിക്കുളം പഞ്ചായ. ആശുപത്രികളിൽ ഒരു ദിവസം ശരാശരി 22നും 40നും ഇടയ്ക്ക് പനി ബാധിതർ എത്തുന്നു എന്നാണ് കണക്ക്. 

എച്ച്1എൻ1: ഉടൻചികിത്സ തേടണം

ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമേ ഇൻഫ്ലുവൻസ, എലിപ്പനി, ചിക്കുൻഗുനിയ, സിക്ക വൈറസ് രോഗം എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയൽ, ഛർദി, വയറിളക്കം തുടങ്ങിയവയാണ് എച്ച് 1 എൻ 1 ലക്ഷണങ്ങൾ. പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, ഗർഭിണികൾ, തടി കൂടിയവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ചികിത്സ തേടണം. എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

വെള്ളം കുടിക്കാം

ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ, പഴച്ചാർ എന്നിവ നൽകാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാനീയങ്ങൾ സഹായിക്കും.

പനി മുൻകരുതൽ : ജില്ലയിലെ ആശുപത്രികളിൽ പ്രത്യേക സംവിധാനം  

തിരുവനന്തപുരം ∙ പനി ബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ(ഡിഎംഒ) അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജനറൽ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക് ആരംഭിക്കുന്നതിനും ഒപി ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ കർശന നിർദേശം നൽകിയതായും ഡിഎംഒ പറഞ്ഞു. ഇ- സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. esanjeevaniopd. in എന്ന അഡ്ര‍സിൽ ലോഗിൻ ചെയ്യാം. സംശയനിവാരണത്തിനായി ‘ദിശ’യുമായി ബന്ധപ്പെടാം. ദിശ നമ്പർ : 1056/104/ 0471 255 2056. 

English Summary: Zika reported in Kallampalam; Dengue fever on the rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com