മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് കാറിലിടിച്ചു; പൊലീസുകാരനെ ആക്രമിച്ചു, പ്രതി പിടിയിൽ
Mail This Article
പോത്തൻകോട് ∙ മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് മുന്നിൽ പോകുന്ന കാറിൽ ഇടിക്കുകയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി മടങ്ങവേ പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.. കൊല്ലം കല്ലുവാതുക്കൽ പാറയിൽ സ്വാതിഭവനിൽ ആർ. സ്വാതിരാജ് (24) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് സ്റ്റേഷനിൽ നിന്നും മംഗലപുരത്ത് ഡ്യൂട്ടിക്കെത്തിയ വിഷ്ണു എന്ന പൊലീസുകാരനെയാണ് ആക്രമിച്ചത്.
ശനിയാഴ്ച വൈകിട്ട് 5.30തോടെ മംഗലപുരം സഫാ ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു കാറിൽ ഇടിപ്പിച്ചത്. തുടർന്ന് ഹൈവേ പൊലീസ് കസ്റ്റഡിയിലെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി . തിരികെ രാത്രി 7ഓടെ ജീപ്പിൽ മടങ്ങുന്നതിനിടെ സ്റ്റേഷന് സമീപം എത്താറായപ്പോൾ സ്വാതിരാജ് അക്രമാസക്തനായെന്ന് പൊലീസ് പറയുന്നു. ഇതു തടഞ്ഞ വിഷ്ണുവിനെ കൈവിലങ്ങുകൾ കഴുത്തിൽ ചുറ്റി ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.