ADVERTISEMENT

തിരുവനന്തപുരം∙ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച തലസ്ഥാന നഗരത്തിൽ ക്രിമിനലുകളുടെ ആക്രമണത്തിൽ പൊലീസുകാർക്കും രക്ഷയില്ല. 3 മാസത്തിനിടെ ഡ്യൂട്ടിക്കിടെ ആക്രണത്തിന് ഇരയായത് 5 എസ്ഐമാർ ഉൾപ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥർ. രാത്രിയിലാണ് ആക്രമണങ്ങൾ ഏറെയും. ഹോട്ടൽ ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്ഐമാരെ കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. കരുതികൂട്ടിയുള്ള ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ ജീവൻ നഷ്ടമാകാതെ രക്ഷപ്പെട്ടത്.

വഞ്ചിയൂരിലെ ബാറിൽ രാത്രി മദ്യപ സംഘങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷം നിയന്ത്രിക്കാൻ എത്തിയ എസ്ഐയെയും പൊലീസുകാരനെയും കയ്യേറ്റം ചെയ്തു പരുക്കേൽപ്പിച്ചതാണ് മറ്റൊരു സംഭവം. വഞ്ചിയൂർ എസ്.ഐ അരുൺകുമാർ, സിപിഒ ഷാബു എന്നിവരെ കയ്യേറ്റം ചെയ്യുകയും അരുൺ കുമാറിന്റെ വിരലിന് പൊട്ടൽ ഉണ്ടാകുകയും ചെയ്തു. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട പെരുന്താന്നി മുരുകാഭവനിൽ കണ്ണാടി സുനിൽ (33), പേട്ട പിജിആർഎയിൽ സഞ്ജു (36) എന്നിവരായിരുന്നു ആക്രമണം നടത്തിയത്.

പട്രോളിങിന് ഇറങ്ങിയ പൂന്തുറ എസ്.ഐയേയും 3 പൊലീസുകാരെയും ബീമാപ്പള്ളിയിൽ അഞ്ചംഗ സംഘം വളഞ്ഞിട്ട് മർദിച്ചതും വിവാദമായിരുന്നു. എസ്ഐ എച്ച്.പി ജയപ്രകാശിനാണ് മർദനമേറ്റത്. ക്രിമിനൽ കേസ് പ്രതികളുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. വൈദ്യപരിശോധനയ്ക്കു ആശുപത്രിയിൽ എത്തിച്ച പ്രതിയും സഹോദരനും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് തമ്പാനൂർ എസ്ഐയ്ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും പരുക്കേറ്റത്.

വലിയതുറ സ്റ്റേഷനിൽ നിന്നു ഇറങ്ങി ഓടിയ പീഡനക്കേസ് പ്രതി പൊലീസുകാരനെ തള്ളിയിട്ടു പരുക്കേൽപ്പിച്ചതാണ് മറ്റൊരു സംഭവം. സാക്ഷി പറഞ്ഞയാളെ അക്രമിച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്ത് ഗവ.ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു എത്തിച്ച പ്രതിയും ഇയാളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി എത്തിയ സഹോദരനും ചേർന്ന് പൊലീസുകാരെ ആക്രമിച്ചു. തമ്പാനൂർ എസ്.ഐ സജികുമാറിനും പൊലീസ് ഉദ്യോഗസ്ഥൻ അജയകുമാറിനും പരുക്കേറ്റു.

യുവാവ് തട്ടിക്കെ‍ാണ്ടുപോകുന്നതിനിടയിൽ മതിലിലേക്ക് ഇടിച്ചു കയറിയ പെ‍ാലീസ് വാഹനം പാറശാല സ്റ്റേഷനിൽ എത്തിച്ചപ്പോൾ.  (ഇൻസെറ്റിൽ ഗോകുൽ. )
യുവാവ് തട്ടിക്കെ‍ാണ്ടുപോകുന്നതിനിടയിൽ മതിലിലേക്ക് ഇടിച്ചു കയറിയ പെ‍ാലീസ് വാഹനം പാറശാല സ്റ്റേഷനിൽ എത്തിച്ചപ്പോൾ. (ഇൻസെറ്റിൽ ഗോകുൽ. )

പൊലീസ് ജീപ്പുമായി കടന്നു കളയാൻ ശ്രമം

പാറശാല ∙ രാത്രിയിൽ പെ‍ാലീസുകാരെ കണ്ട് ഒ‍ാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി പെ‍ാലീസ് ജീപ്പുമായി കടന്നു. പിന്നീട് അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് യുവാവിനെ നാട്ടുകാർ തടഞ്ഞ് പാറശാല പെ‍ാലീസിനു കൈമാറി. പരശുവയ്ക്കൽ ജി.ആർ വില്ലയിൽ ഗോകുൽ (23) ആണ് പിടിയിലായത്. പരശുവയ്ക്കൽ കുണ്ടുവിളയിൽ ചെ‍ാവ്വ രാത്രി 10.30ന് ആണ് സംഭവം. 

പട്രോളിങ്ങിനിടയിൽ വാഹനം കണ്ട് 3 യുവാക്കൾ ഒ‍ാടി. ഗ്രേഡ് എസ്ഐ അടക്കം 3 പേർ ആണ് പെ‍ാലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങി പരിശോധിക്കുന്നതിനു ഇടയിൽ പിന്നിലൂടെ എത്തിയ ഗോകുൽ വാഹനം ഓടിച്ചു പോവുകയായിരുന്നു. അമിത വേഗത്തിൽ പാഞ്ഞ വാഹനം അടുമാൻകാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിൽ നേരിയ രീതിയിൽ തട്ടിയെങ്കിലും നിർത്താതെ മുന്നോട്ട് പോയി.

200മീറ്ററോളം പാഞ്ഞ വാഹനം റോഡ് വശത്തെ കുഴി കടന്ന് പറമ്പിലെ മതിലിൽ ഇടിച്ചു നിന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തി യുവാവിനെ തടഞ്ഞുവച്ചു. ഇതിനിടെ, പെ‍ാലീസുകാരും സ്ഥലത്തെത്തി. സ്വന്തം വാഹനം എന്ന് തെറ്റിദ്ധരിച്ചാണ് പെ‍ാലീസ് വാഹനം എടുത്തത് എന്നായിരുന്നു യുവാവ് പറഞ്ഞത്. ഇയാൾക്ക് വാഹനം ഇല്ലെന്ന് കണ്ടെത്തി. സീരിയലുകളിൽ മേക്കപ്പ് ആർട്ടിസ്റ്റാണ് ഗോകുൽ.

അനിൽ പൊലീസിനെ ബോംബ് എറിയുന്നത് മൂന്നാം തവണ

തിരുവനന്തപുരം∙ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ ബോംബ് എറിഞ്ഞു രണ്ട് എസ്ഐമാരെ കുത്തി പരുക്കേൽപിച്ച അനിൽകുമാർ എന്ന ജാങ്കോ കുമാർ നടത്തിയത് ആസൂത്രിത ആക്രമണം. ഹോട്ടൽ ഉടമയെ കുത്തിയ കേസിൽ പൊലീസുകാർ തന്നെ തിരയുന്ന വിവരം അറിഞ്ഞ കുമാർ, ഉദ്യോഗസ്ഥർ എത്തിയാൽ ആക്രമിക്കാന്‍ തയാറെടുത്തിരുന്നെന്നു വലിയതുറ പൊലീസ് പറഞ്ഞു. ചൊവ്വ രാവിലെ 11.30ന് ആണ് ഹോട്ടൽ ഉടമയെ കുമാർ കുത്തിയത്. വിവരം അറിഞ്ഞ് എത്തിയ പൊലീസ് സംഘം കുമാറിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

രാത്രി 7.15നു ബാലനഗറിലേക്ക് പൊലീസ് വീണ്ടും എത്തി. പൊലീസിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന കുമാർ തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന നാടൻ ബോംബ് പ്ലാസ്റ്റിക് കവറിലാക്കി ഇടുപ്പിൽ കെട്ടിവച്ച് റോഡിലേക്ക് ഇറങ്ങി. ജീപ്പിൽ നിന്നു പൊലീസുകാർ ഇറങ്ങിയ ഉടൻ ഇവർക്കു നേരെ കുമാർ ബോംബ് എറിഞ്ഞു. ഇതിൽനിന്ന് ഒഴിഞ്ഞുമാറിയ ഉദ്യോഗസ്ഥർ പലവഴിക്കായി. ഈ സമയം കുമാർ സമീപത്തെ ഇടവഴിയിലേക്ക് ഓടി പോയി. പിന്നാലെ എസ്ഐമാരായ അജേഷും ഇൻസമാമും പാഞ്ഞു.

ഇവിടെ വച്ച് നാട്ടുകാരിൽ ചിലർ കുമാറിനെ തടയുകയും ഇവർക്കു നേരെ കുമാർ കത്തി വീശുകയും ചെയ്തു. ഈ സമയത്താണ് കുമാറിനെ എസ്ഐ അജേഷ് പുറകിൽ നിന്നു പിടികൂടുന്നത്. കുമാറിന്റെ ഇടതു കയ്യിൽ ഇരുന്ന കത്തി പിടിച്ചു വാങ്ങാൻ ശ്രമിച്ച എസ്ഐയുടെ കൈ പിടിച്ചു തിരിച്ച് കുമാർ കടിച്ചു പരുക്കേൽപ്പിച്ചു. അജേഷ് പിടി വിട്ടതിനു പിന്നാലെ കുമാർ കത്തി വീശി. നെഞ്ചിനു നേരെയുള്ള കുത്ത് അജേഷ് തടയുകയും ഇടതു പുറംകൈ ഭാഗത്ത് പരുക്കേൽക്കുകയും ചെയ്തു.

മൂന്നു തവണ അജേഷിനെ കുത്തി പരുക്കേൽപ്പിച്ചു ഇതു തടയാൻ ശ്രമിച്ച ഇൻസമാമിന്റെ വലതു നെഞ്ചിലും കുത്തേറ്റു. പരുക്കേറ്റ് ചോരവാർന്നിട്ടും എസ്ഐമാർ പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചില്ല. മൂന്നു ദിവസം മുൻപ് ആണ് ജാങ്കോ കുമാർ ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾ 20 ഓളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽ ഉടമയെ കുത്തി പരുക്കേൽപ്പിച്ചത് പൊലീസിൽ പരാതി നൽകിയതിനാണ് കൊച്ചുവേളി ബിസ്മി ഹോട്ടൽ ഉടമ നസീറിനെ ആണ് ജാങ്കോ കുമാർ കുത്തി പരുക്കേൽപ്പിച്ചത്. 

അവശ്യ സമയത്ത് ആളില്ല

∙ രാത്രിയിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ 10 പേർ വീതമുള്ള 4 സ്ട്രൈക്കർ ടീമുകൾ സിറ്റി പൊലീസിന് ഉണ്ടെങ്കിലും ഇവരുടെ സേവനം പലപ്പോഴും സ്റ്റേഷനുകൾക്ക് ലഭിക്കുന്നില്ല. അംഗബലം കുറവുള്ള സന്ദർഭങ്ങളിൽ സ്ട്രൈക്കർ ടീമുകളിൽ നിന്ന് പൊലീസുകാരെ വിന്യസിക്കണമെന്നാണ് കമ്മിഷണറുടെ നിർദേശം. അടിയന്തര സാഹചര്യങ്ങളിൽ ഇതിൽ നിന്ന് മൂന്നോ നാലോ പൊലീസുകാരെ എസ്എച്ച്ഒമാർക്ക് ആവശ്യപ്പെടാം.

ബോംബുമായി സഞ്ചരിക്കുന്ന ഗുണ്ട ജാങ്കോ കുമാറിനെ പിടികൂടാൻ പോകുമ്പോൾ കൂടുതൽ പൊലീസുകാരെ അനുവദിക്കാത്തത് വീഴ്ചയായി. പൊലീസിന് നേരെ 2 തവണ ബോംബ് എറിഞ്ഞിട്ടുള്ള പ്രതിയെ പിടികൂടാൻ പോകാനായി ഡ്രൈവർ ഉൾപ്പെടെ 6 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുത്തേറ്റിട്ടും 2 എസ്ഐമാർ ചേർന്നു വളരെ പണിപ്പെട്ടാണ് ഗുണ്ടയെ കീഴ്പ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com