ADVERTISEMENT

തിരുവനന്തപുരം∙ ബാസ്‌കറ്റ്ബോൾ  ജീവിതത്തിന്റെ ഭാഗമായവരും ആ കളിയിലൂടെ നാടിന് അഭിമാനകരമായ നേട്ടങ്ങൾ കൊയ്തവരും ചേർന്നൊരുക്കുന്ന ഉത്സവമാണു പാളയത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ. കേരളത്തിലെ മുൻകാല ബാസ്കറ്റ്ബോൾ താരങ്ങളുടെയും  പരിശീലകരുടെയും  കൂട്ടായ്മയായ ടീം റീബൗണ്ടിന്റെ ആറാം വാർഷിക സംഗമം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, ഈ കൂട്ടായ്മയിൽ പങ്കെടുക്കാനായി മാത്രം ഇതര സംസ്ഥാനങ്ങളിൽ  നിന്നും വിദേശത്തു നിന്നുമെല്ലാം എത്തിയവരുമുണ്ട്.

ആവേശം ജ്വലിക്കുന്ന കളിയോർമകളുമായി  സൗഹൃദ തണലിൽ ഒത്തുചേർന്ന അവർ ആഘോഷമായി  മത്സരങ്ങളിലും പങ്കെടുക്കുന്നു. വെറ്ററൻ താരങ്ങളുടെ പുരുഷ–വനിത ടീമുകൾ അണിനിരക്കുന്ന മത്സരം തന്നെയാണ് കൂട്ടായ്മയുടെ മുഖ്യ സവിശേഷത. അവർക്കൊപ്പം പന്ത് തട്ടാൻ സംഘാടക സമിതി ചെയർമാനും മുൻ ബാസ്കറ്റ്ബോൾ താരവുമായ  ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്തുമുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സി.വി.സണ്ണി, മുൻ രാജ്യാന്തര താരങ്ങളായ മുഹമ്മദ് ഇഖ്ബാൽ, അൻവിൻ ജെ.ആന്റണി, ലീലാമ്മ സന്തോഷ്, ഷീബാമ്മ അഗസ്റ്റിൻ, എമിലി കെ.മാത്യു, ഇന്ദു ലേഖ, മേഴ്‌സിയമ്മ സെബാസ്റ്റ്യൻ തുടങ്ങി മുന്നോറോളം താരങ്ങളാണു സംഗമത്തിൽ പങ്കെടുക്കുന്നത്. 

സാധാരണ കൊച്ചിയിൽ നടക്കുന്ന സംഗമത്തിന് ആദ്യമായാണ് തലസ്ഥാനം വേദിയാകുന്നത്. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം കൂട്ടായ്മയും വെറ്ററൻ ചാംപ്യൻഷിപ്പും ഉദ്ഘാടനം ചെയ്തു. എസ്.ശ്രീജിത്ത് അധ്യക്ഷനായിരുന്നു. ബാസ്കറ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദവ് അർജുൻ ഓൺലൈനായി പങ്കെടുത്തു. ടീം റീബൗണ്ട് പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ, ജനറൽ സെക്രട്ടറി കെ.എ.സലിം, സംഗമത്തിന്റെ ജനറൽ കൺവീനർ എസ്.ജയശേഖർ എന്നിവർ പ്രസംഗിച്ചു. 

വെറ്ററൻ ചാംപ്യൻഷിപ്പിൽ 55 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ടീം സിനർജി ചാംപ്യൻമാരായി. മറ്റു വിഭാഗങ്ങളിലെ ഫൈനലുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് 1ന് സമാപന സമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങൾ നൽകും. കഴിഞ്ഞ വർഷം ബാസ്കറ്റ്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ സെജിൻ മാത്യു, വനിതാ ഏഷ്യ കപ്പ് ചാംപ്യൻഷിപ്പിൽ കളിച്ച ആർ.ശ്രീകല, അനീഷ ക്ലീറ്റസ്, കെ.എ.അഭിരാമി, അണ്ടർ18 ദേശീയ ടീമിൽ കളിച്ച ഐറിൻ എൽസ ജോൺ എന്നിവരെ ആദരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com