ADVERTISEMENT

തിരുവനന്തപുരം∙ മുതലപ്പൊഴിയെപ്പറ്റി പഠിക്കാൻ സംഘം ! ആചാരം പോലെ ചില ഏജൻസികൾ വന്നു മടങ്ങുകയാണ്. അവർ നൽകിയ റിപ്പോർട്ടുകളിലേതെങ്കിലും നടപ്പാക്കാൻ  തയാറാണോ എന്നാണ് തീരദേശവാസികളുടെ കാതലായ ചോദ്യം. പുണെ ആസ്ഥാനമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷന്റെ പഠനറിപ്പോർട്ട് ഡിസംബറിൽ ലഭിച്ചാലുടനെ മുതലപ്പൊഴിയിലെ പ്രശ്നത്തിനു പരിഹാരം കാണുമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഇന്നലത്തെ പ്രഖ്യാപനം.

മത്സ്യത്തൊഴിലാളികളും തൊഴിൽ സംഘടനകളുമെല്ലാം ഇതു തള്ളിക്കളയുന്നു. മരണക്കെണിയായ മുതലപ്പൊഴിയിലെ അപാകതകൾ പരിഹരിക്കാനായി നടന്ന പഠന പരമ്പരകളെല്ലാം പ്രഹസനമായി മാറിയ കാഴ്ച കണ്ടവരാണ് അവർ. 13 വർഷത്തിനിടെയുണ്ടായ 7 പഠനങ്ങളിലെ പ്രധാന ശുപാർശകളായ പൊഴിയുടെ ആഴംകൂട്ടലും മണൽ മാറ്റി നിക്ഷേപിക്കലും ഇതുവരെ കാര്യമായി നടന്നിട്ടില്ല. സുരക്ഷാ നടപടികളുടെ ഭാഗമായി സർക്കാർ ഇന്ന് തുടക്കമിടുന്നതും ഈ പ്രവൃത്തികൾക്കു തന്നെ. 

മുതലപ്പൊഴിയിലെ പ്രശ്നങ്ങളെക്കുറിച്ച് ഏറെ  പഠനങ്ങൾ നടത്തിയിട്ടുള്ളത് സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനാണ്. ഇവർ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് തുറമുഖം രൂപകൽപന ചെയ്തതും. നിർമാണത്തിൽ അപാകതകളുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് 2011– ൽ ഇതേ സ്ഥാപനം പഠനം നടത്തി. 2016 ലും 2018ലും പഠനം ആവർത്തിച്ചു. വിഴിഞ്ഞം പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുളള ആവശ്യത്തെ തുടർന്ന് 2022ലും മുതലപ്പൊഴിയെപ്പറ്റി പഠിച്ചതും ഇവർ തന്നെ. ആ റിപ്പോർട്ടിലാണ് ഇപ്പോൾ സർക്കാർ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.

അവർ അന്നേ പറഞ്ഞു 

മുതലപ്പൊഴി ഹാർബറിന്റെ തെക്കുഭാഗത്ത് തീരം വർധിപ്പിക്കണമെന്ന് ഈ ഏജൻസി 2011ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വടക്ക് ഭാഗത്ത് തീരശോഷണം തടയാൻ തെക്കുഭാഗത്തെ മണൽ എടുത്ത് വടക്കുഭാഗത്ത് നിക്ഷേപിക്കണമെന്നും നിർദേശിച്ചു. ഇവിടെയുള്ള വീടുകളും ഇതുവഴി സംരക്ഷിക്കാനാകും. പക്ഷേ റിപ്പോർട്ടിൽ നടപടിയുണ്ടായില്ല. വിഴിഞ്ഞത്തേക്ക് കല്ലു കൊണ്ടുപോകുന്നതിനായി  പുലിമുട്ടു പൊളിച്ചതോടെ തകർച്ച പൂർണമായി. ഡ്രജിങ് മുടങ്ങുക കൂടി ചെയ്തതോടെ അപകടങ്ങളുടെ എണ്ണവും കൂടി. ചെന്നൈ ഐഐടി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി, ഹാർബർ എൻജിനീയറിങ് വിഭാഗം എന്നിവയും മുതലപ്പൊഴിയിൽ പഠനം നടത്തിയിരുന്നു. സമാനമായ സംഗതികളാണ് ഏതാണ്ട് എല്ലാ ഏജൻസികളും കണ്ടെത്തിയത്.

പഠനം നടത്തിയവർ

∙ 2011 മുതൽ 7 പഠനങ്ങൾ, നാലും നടത്തിയത് ( 2011, 2016, 2018, 2022) സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ആഴം കൂട്ടാനും മണൽ മാറ്റിയിടാനുമുള്ള അവരുടെ ശുപാർശ നടപ്പിലായില്ല.
∙ ചെന്നൈ ഐഐടി
∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി
∙ സംസ്ഥാന സർക്കാരിന്റെ ഹാർബർ എൻജിനീയറിങ് വിഭാഗം

ഉത്തരം കിട്ടുമോ? 

∙ പുലിമുട്ടുകൾ സ്ഥാപിച്ച ഹാർബറുകളിൽ തിരയടിയുടെ ശക്തി കുറവായാണ് കാണുന്നത്. മുതലപ്പൊഴിയിലാകട്ടെ നേരേ തിരിച്ചും. പൊഴിമുഖത്തേക്ക് അടിച്ചു കയറുന്ന കൂറ്റൻ തിരകളാണ് ഇവിടുത്തെ കുരുക്ക്. ഇതു മറികടന്നുവേണം ബോട്ടുകൾക്കും വള്ളങ്ങൾക്കും മത്സ്യബന്ധനത്തിനായി പോകാനും വരാനും.

‘മുതലപ്പൊലിയിലെ അപകടങ്ങൾ ജീവനെടുത്തപ്പോഴെല്ലാം ജനരോഷം തണുപ്പിക്കാനാണ് പല പഠനസമിതികളയും നിയോഗിച്ചത്.’ ∙ അഗസ്റ്റിൻ ലോപ്പസ്, മത്സ്യത്തൊഴിലാളി

നടപടികളിൽ പുതുമയില്ല: യൂജിൻ പെരേര

തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ സർക്കാർ പ്രഖ്യാപിച്ച നടപടികളിൽ പുതുമയില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. അപകട മേഖലയിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇവയെല്ലാം തന്നെ. മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമാണത്തെക്കുറിച്ച് ഇനിയും പരിശോധിക്കേണ്ടതുണ്ടെന്നും പുലിമുട്ടിന്റെ പുന:ക്രമീകരണം അത്യാവശ്യമാണെന്നും അദ്ദേഹം പറയുന്നു. 

യോഗത്തിലേക്ക് വിളിക്കാതിരുന്നത് എന്തുകൊണ്ടാകും?

മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളെ  വിളിക്കുമെന്നായിരുന്നു ആദ്യം കേട്ടത്. പിന്നീടവരെ ഒഴിവാക്കി. ഉത്തരവാദപ്പെട്ട സംഘടനകളുടെ ജില്ലാ ഭാരവാഹികളെപ്പോലും വിളിക്കാൻ തയാറായില്ല. അതേ സമയം സർക്കാരിനു താൽപര്യമുള്ള ചില സംഘടനകളുടെ സംസ്ഥാന നേതാക്കളെ ക്ഷണിച്ചതായി കാണാം. വെറുതെ ആളുകളെ വിളിച്ചുകൂട്ടി എല്ലാം തീർക്കാമെന്നു കരുതി. അതു നടന്നില്ല. യോഗത്തിൽ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായാണ് മത്സ്യമേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചതെന്നാണ് മനസ്സിലാക്കുന്നത്.

സർക്കാർ പ്രഖ്യാപിച്ച നടപടികൾ ഫലം കാണില്ലേ?

മുതലപ്പൊഴി സർക്കാരിന്റെ കയ്യിൽ നിന്ന് വിട്ടു പോയി. അപകട പരമ്പരയാണ് അവിടെ.  തങ്ങൾ ഒന്നും ചെയ്യുന്നില്ലെന്ന കുറ്റബോധം  സർക്കാരിനുണ്ട്. ആ കുറ്റസമ്മതത്തിന്റെ ഭാഗമായി ഈ പ്രശ്നം എവിടെയെങ്കിലും കൊണ്ടുചെന്നു കെട്ടണം. അതിനുള്ള ശ്രമമാണ് നടന്നത്.

കേസ് തുടരുന്നു?

കേസു കൂടി പിൻവലിച്ചാൽ കയ്യിൽ നിന്ന് എല്ലാം വിട്ടുപോകില്ലേ? കേസിന്റെ കാര്യത്തിൽ വെറുതെ ദുശാഠ്യം കാണിക്കുകയാണ്. അതു വരുംപോലെ കാണാം.

യുദ്ധകാലാടിസ്ഥാനത്തിൽ നടപടി

തിരുവനന്തപുരം∙ മുതലപ്പൊഴി ഹാർബർ അടിച്ചിടുന്നത് തീരദേശ ജനതയുടെ ശക്തമായ പ്രതിഷേധത്തിന് വഴിവയ്ക്കുമെന്ന തിരിച്ചറിവിലാണ്  അടിയന്തര സുരക്ഷാ സംവിധാനങ്ങൾക്കു സർക്കാർ സന്നദ്ധമായത്. ഒന്നുകിൽ അടച്ചിടുക അല്ലെങ്കിൽ രക്ഷാമാർഗങ്ങൾക്കു തുടക്കമിടുക എന്നീ രണ്ടു വഴികൾ മാത്രമാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ‘യുദ്ധകാലാടിസ്ഥാന’ത്തിൽ മുതലപ്പൊഴി സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചതും ഇതേ കാരണത്താലാണ്. 

ലോങ് ബൂം ക്രെയിൻ റോഡ് മാർഗം എത്തിച്ചാണ് അദാനി കമ്പനി ഇന്നു മുതൽ പൊഴിയിലെ പാറകളും അവശിഷ്ടങ്ങളും നീക്കുക. അധികജോലിക്കായി എക്‌സ്‌കവേറ്ററുകളും എത്തിക്കും. 11 കോടിയുടെ സാൻഡ് ബൈപ്പാസിങ് 2 മാസത്തിനുള്ളിൽ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ലോറിയിൽ മണൽ കൊണ്ടുപോകാനും തീരുമാനമായിട്ടുണ്ട്. 1 കോടി രൂപ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. വൈകാതെ ടെൻഡർ നടപടികളും ആരംഭിക്കും. ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതായി കെൽട്രോണുമായി ചർച്ച നടത്തും. അപകടം ഒഴിവാക്കാൻ റിമോട്ട് കൺട്രോൾ ബോയികളും സ്ഥാപിക്കും. കടൽക്ഷോഭ വേളയിൽ സർക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും തീരത്തു പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഡ്രജർ കടൽ വഴിയാണ് കൊണ്ടുവരുന്നത്. ഉയർന്ന തിരമാല കാരണം ഇതിനു സാധിക്കില്ലെന്ന മ്പനിയുടെ നിലപാടിനോട് മന്ത്രിമാർ യോജിച്ചില്ല. മുതലപ്പൊഴിയിൽ സാൻഡ് ബൈപ്പാസിങ് ഒഴികെ എല്ലാ നിർമാണജോലികളും അദാനി കമ്പനിയാണ് നിർവഹിക്കുക. സാൻഡ് ബൈപ്പാസിങ്ങ് ഹാർബർ എൻജിനീയറിങ് വകുപ്പ് ഏറ്റെടുക്കും. പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ സംഘം വൈകാതെ മുതലപ്പൊഴി വീണ്ടും സന്ദർശിക്കും. മന്ത്രിമാർക്കു പുറമേ വി. ജോയ് എംഎൽഎ, ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് എംഡി അദീല അബ്ദുല്ല,  കലക്ടർ ജെറോമിക് ജോർജ്, ഫിഷറീസ്, ഹാർബർ എൻജിനീയിറിങ് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പ്രതീക്ഷ സാൻഡ് ബൈപാസിങ്ങിൽ

11 കോടി രൂപ ചെലവിൽ വൈകാതെ ഏർപ്പെടുത്താനൊരുങ്ങുന്ന സാൻഡ് ബൈപാസിങ് സംവിധാനമാണ് മുതലപ്പൊഴിയിൽ സർക്കാർ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു സുരക്ഷാ സംവിധാനം. ഹാർബറിലും പൊഴിയിലുമായി അടിഞ്ഞു കൂടിയ മണൽ കൂറ്റൻ പൈപ്പുകൾ ഉപയോഗിച്ച് മാറ്റുന്നതാണ് ഈ രീതി. നിലവിൽ ഹാർബറിനു തെക്കുഭാഗത്തുള്ള മണ്ണ് വടക്കുഭാഗത്തേക്കു മാറ്റിയിടും. കൂടുതൽ മണൽ ഒഴുകിവരുന്നതും തടയും. തെക്കുവശത്തെ തീരത്തിന്റെ ആഴം കൂട്ടുന്നതിനൊപ്പം വാരിയെടുക്കുന്ന മണൽ ഉപയോഗിച്ച്  വടക്കുള്ള തീരശോഷണത്തിനും പരിഹാരം കാണും. 11 കോടിക്കു പുറമേ മാസം തോറും നല്ലൊരു തുകയും പദ്ധതിക്കായി കണ്ടേത്തേണ്ടി വരുമെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗവും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com