ADVERTISEMENT

വിതുര∙ അധികമാരുടെയും കാൽപ്പാടുകൾ പതിയാതെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാത്ത വിതുരയിലെ ഒരു മനോഹര വെള്ളച്ചാട്ടം സോഷ്യൽ മീഡിയയിൽ വൈറൽ. പാലോട് വനം റേഞ്ചിൽ കല്ലാർ നെല്ലിക്കുന്ന് ആദിവാസി ഊരിനു സമീ വാമനപുരം നദിയുടെ പോഷക നദിയായ പന്നിവാസൽ പുഴയിലെ സൂര്യൻതോൽ വെള്ളച്ചാട്ടമാണു പുതിയ സോഷ്യൽ മീഡിയ സെൻസേഷൻ. തദ്ദേശീയരായ കുറച്ചു യുവാക്കൾ ഉൾ വനത്തിലൂടെ യാത്ര ചെയ്തെത്തി വെള്ളച്ചാട്ടത്തിന്റെ ആകാശ ദൃശ്യം ഉൾപ്പെടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സഞ്ചാരികൾ സൂര്യൻതോലിലേക്കു വരാനും ഇവിടത്തെ മനോഹാര്യത ആസ്വദിക്കാനും തിരക്കിട്ട ശ്രമം തുടങ്ങി.

ഉൾ വനത്തിൽ ആയതിനാലും സംരക്ഷിത വന മേഖല ആയതിനാലും പോകുന്ന വഴി കാട്ടു മൃഗങ്ങളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാലും അധികമാർക്കും ഇവിടേക്ക് എത്തിപ്പെടാനാകില്ല. വെള്ളച്ചാട്ടത്തിലേക്കു പ്രത്യേകം വഴിയില്ല. കാടിനുള്ളിലൂടെ വേണം പോകാൻ. തദ്ദേശീയരുടെ സഹായമില്ലാതെ ഇവിടേക്കു പോകാനാകില്ല. അഥവാ പോയാൽ തന്നെ വഴി തെറ്റി കാട്ടിൽ അകപ്പെട്ടേക്കാം. മാത്രമല്ല കല്ലാർ രണ്ടാം പാലത്തിനു സമീപത്തു നിന്നും വലത്തേക്കുള്ള വഴി വനം വകുപ്പ് അടച്ചതിനാൽ അധികൃതരുടെ അനുവാദമില്ലാതെ പ്രധാന റോഡിൽ നിന്നും പോലും യാത്ര തിരിയ്ക്കാനാകില്ല. കല്ലാർ രണ്ടാം പാലത്തിൽ നിന്നും 2.5 കിലോ മീറ്റർ അകലെയാണു വെള്ളച്ചാട്ടം. 

കൂറ്റൻ പാറയിടുക്കിലെ ചെറു വിടവിലൂടെ നൂൽ പോലെ ഊർന്നിറങ്ങി താഴെ ട്രഞ്ച് പൂളിലേക്കെത്തുന്നു. പാറയിടുക്കിലെ വിസ്തൃതി വളരെ കുറവായതിനാലും പാറക്കെട്ടിൽ തട്ടിൽ വെള്ളം താഴേക്കു പടർന്നു തെറിച്ചു വീഴുന്നതിനാലും എപ്പോഴും മഴയുടെ പ്രതീതി. മുഴുവൻ സമയവും തണുത്ത കാറ്റ്. സഞ്ചാരികളെ സംബന്ധിച്ചു അനുഭൂതി സ്വർഗ തുല്യം. ഇവിടേക്കുള്ള ട്രക്കിങ്ങിനു വനം വകുപ്പ് പ്രത്യേക പദ്ധതി കൊണ്ടു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. 

അതേ സമയം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 50 കോടി രൂപയുടെ ടൂറിസം ഇടനാഴി പദ്ധതിയിൽ സൂര്യൻതോലിനെയും ഉൾപ്പെടുത്തിയിരുന്നു. തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ചു വ്യക്തതയില്ല. പദ്ധതിക്കു ജീവൻ വച്ചാൽ ഗോൾഡൻ വാലി, വാഴ്‌വാംതോൽ, മീൻമുട്ടി, ബോണഫാൾസ് എന്നീ വെള്ളച്ചാട്ടങ്ങൾക്കു പിന്നാലെ വിതുരയിലെ സൂര്യൻതോൽ വെള്ളച്ചാട്ടവും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com