ADVERTISEMENT

കാട്ടാക്കട ∙ പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ റോഡും നടപ്പാതകളും  കയ്യേറി നടത്തിയിരുന്ന വഴിയോര കച്ചവടം ഒഴിപ്പിച്ചു. ചില സ്ഥലങ്ങളിൽ അധികൃതരെ സ്വാധീനിച്ച് ചില തട്ടുകൾ നിലനിർത്തിയത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. വഴിയോര കച്ചവട യൂണിയന്റെയും സംഘടിച്ചെത്തിയ വഴിയോര കച്ചവട വ്യാപാരികളുടെയും ഭീഷണി വകവയ്ക്കാതെയാണ് അധികൃതർ ഒഴിപ്പിക്കൽ നടത്തിയത്. എന്നാൽ ചില സ്ഥലങ്ങളിൽ വേണ്ടപ്പെട്ടവർക്ക് തട്ട് നിലനിർത്താൻ അനുവദിച്ചത് വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തട്ട് പ്രത്യക്ഷപ്പെടാൻ ഇടയാക്കിയേക്കും. ഇന്നലെ പല സ്ഥലത്തും ലോട്ടറി,മത്സ്യ വ്യാപാരത്തിന്റെ മറവിൽ ചിലർ എത്തിയെങ്കിലും അധികൃതരെത്തി തുരത്തി വിട്ടു.

നെയ്യാറ്റിൻകര റോഡിലെ അനധികൃത മത്സ്യ കച്ചവടം ഒഴിപ്പിക്കുന്നതിനിടെ പൊലീസും ചില മത്സ്യ വിൽപനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷമുണ്ടായി. പൊലീസിനെ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പൂവച്ചൽ,കാട്ടാക്കട പഞ്ചായത്തുകൾ സംയുക്തമായാണ് വഴിയോര കച്ചവടം ഒഴിപ്പിക്കാൻ ഇറങ്ങിയത്. റവന്യു,പൊലീസ്,മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി. കോളജിനു മുന്നിലെ കച്ചവടം ഒഴിപ്പിക്കുന്നത് നീട്ടി വയ്ക്കണമെന്ന് നിർദേശം വന്നെങ്കിലും പഞ്ചായത്ത്–റവന്യു–മരാമത്ത് അധികൃതർ തയാറായില്ല. പൂവച്ചൽ പഞ്ചായത്ത് പട്ടകുളം മുതൽ തങ്ങളുടെ പരിധിയിലെ റോഡിനു ഇരുവശവുമുള്ള തട്ടുകൾ നീക്കി.

കാട്ടാക്കട പഞ്ചായത്ത് പരിധിയിൽ അപകടങ്ങൾക്ക് കാരണമായ നെയ്യാറ്റിൻകര റോഡിലെ മത്സ്യ ചന്ത മാറ്റാനായത് പഞ്ചായത്ത് അധികൃതരുടെ ഇഛാശക്തിക്ക് തെളിവായി. എന്നാൽ റോഡിന്റെ പല ഭാഗത്തുമുള്ള ബോർഡുകളും ഇറക്കുകൾ മാറ്റിയില്ലെന്ന് ആക്ഷേപമുണ്ട്. ഒഴിപ്പിച്ചവ വീണ്ടും വരാതിരിക്കാനും റോഡിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നത് തടയാനും തുടർ നടപടി ഉണ്ടായില്ലെങ്കിൽ ഇപ്പോഴത്തെ ഒഴിപ്പിക്കൽ വെറും പ്രഹസനമായി മാറും. ഓണ കച്ചവടത്തിന്റെ മറവിൽ പട്ടണത്തിൽ ഗതാഗതം മുടക്കി കാൽനട യാത്രക്കാരെ പെരുവഴിയിലാക്കി വഴിയോര കച്ചവടം വീണ്ടും തലപൊക്കും. ഇത് തടയാൻ പൊലീസിന്റെ ഭാഗത്തു നിന്നും ശ്രദ്ധ വേണമെന്നാണ് ആവശ്യം. 

വാഹനപാർക്കിങ്ങിനും കടിഞ്ഞാണിടണം 

കാട്ടാക്കട ∙ വഴിയോര കച്ചവടങ്ങൾ നീക്കി. ഇനി അനധികൃത പാർക്കിങ് കൂടി ഒഴിവാക്കിയാൽ ഒരു പരിധിവരെ പട്ടണത്തിലെ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാം. പാതയോരങ്ങൾ കയ്യേറിയുള്ള പാർക്കിങ്ങ്, ജംക്‌ഷനിലെ അനധികൃത പാർക്കിങ്,മാർക്കറ്റ് റോഡ് കഞ്ചിയൂർകോണം റോഡ് എന്നിവിടങ്ങളിലെ പാർക്കിങ്  ഒഴിവാക്കാനും ബോർഡ് സ്ഥാപിക്കാനും നിർദേശം ലംഘിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാനും തയാറായില്ലെങ്കിൽ ഓണ നാളുകളിൽ പട്ടണം മണിക്കൂറുകളോളം കുരുക്കിൽ അമരും എന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com