ADVERTISEMENT

തിരുവനന്തപുരം ∙ ചിങ്ങ മാസത്തിലെ തിരുവോണ നാളിൽ ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പിക്കാനുള്ള ആചാര വില്ലുകൾ ഇന്നു മുതൽ ഒരുക്കിത്തുടങ്ങും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിർമിക്കുന്നത്. വില്ലിന്റെ രൂപം നേരത്തെ തയാറാക്കിയിട്ടുണ്ടെങ്കിലും പ്രതിഷ്ഠകളുടെ ആലേഖനമാണ് ഇന്നു മുതൽ ആരംഭിക്കുക. ശ്രീ പത്മനാഭനും ക്ഷേത്രത്തിലെ 5 ഉപദേവതകൾക്കുമായി 12 ഓണ വില്ലുകളാണ് നിർമിക്കുന്നത്.

അനന്ത ശയനം, ശ്രീ രാമ പട്ടാഭിഷേകം, ദശാവതാരം, ശാസ്താവ്, ശ്രീകൃഷ്ണ ലീല, വിനായകൻ തുടങ്ങിവയാണ് വില്ലുകളിൽ വരയ്ക്കുക. ഭക്തർക്ക് നൽകാനുള്ള വില്ലുകളും ഇതിനൊപ്പം നിർമിക്കുന്നുണ്ട്. കടമ്പു വൃക്ഷം , മഹാഗണി എന്നിവയാണ് വില്ല് നിർമാണത്തിനായി ഉപയോഗിക്കുന്നത്. അനന്തശയന വില്ലിന് നാലരയടി നീളവും ആറ് ഇഞ്ച് വീതിയും മുക്കാൽ ഇഞ്ച് കനവും ഉണ്ടാകും. ദശാവതാരം പട്ടാഭിഷേകം ശാസ്താവ് എന്നീ ചിത്രങ്ങൾ വരയ്ക്കുന്ന വില്ല് നാലടി നീളവും 5 ഇഞ്ച് വീതിയും മുക്കാൽ ഇഞ്ച് കനവും, കൃഷ്ണലീല, വിനായകൻ എന്നീ വില്ലുകൾക്ക് മൂന്നരയടി നീളവും നാല് ഇഞ്ച് വീതിയും മുക്കാൽ ഇഞ്ച് കനവും ഉണ്ടാകും.

കരമന മേലാറന്നൂർ വിളയിൽ വീട്ടിലാണ് ഓണവില്ല് നിർമാണം പുരോഗമിക്കുന്നത്. 8 തലമുറകളായി ഓണ വില്ലുകൾ സമർപ്പിക്കുന്നത് വിളയിൽ കുടുംബമാണ്. ആർ. ബിൻകുമാർ ആചാരിയാണ് പ്രധാന ശിൽപി. നാഗേന്ദ്രൻ ആചാരി, സുദർശൻ ആചാരി, ഉമേഷ് ആചാരി, സുലഭൻ ആചാരി, കാർത്തികേയൻ ആചാരി, കൃഷ്ണദാസ്, ശിവ പാർവതി പ്രണവ് ദേവ് എന്നിവരും സഹായത്തിനുണ്ട്. വില്ലിൽ ചിത്രങ്ങൾ വരയ്ക്കുന്ന ഭാഗത്ത് ചുവപ്പ് നിറവും മറു വശത്ത് മഞ്ഞ നിറവും പൂശും പഞ്ച വർണ്ണങ്ങളാൽ തയാറാക്കിയ നിറക്കൂട്ടുകൾ കൊണ്ടാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. തിരുവോണ നാളിൽ പുലർച്ചെയാണ് വില്ല് സമർപ്പണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com