ADVERTISEMENT

തിരുവല്ലത്തെ ടോൾ പ്ലാസയിലെ ടോൾ നിരക്ക് കൊള്ളയടിക്കെതിരെ ജനം പ്രതികരിക്കുന്നു

നിരക്ക് വർധന അംഗീകരിക്കാനാകില്ല: കെ. വി. ഷാജി (അധ്യാപകൻ, വാഴമുട്ടം ഗവ എച്ച്എസ്)

അടിക്കടിയുളള ടോൾ വർധന ആർക്കും അംഗീകരിക്കാൻ പറ്റാത്തതാണ്. അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ അതുവഴി കടന്നുപോകുന്ന എല്ലാ വിഭാഗം ആൾക്കാർക്കും ഇതു ബുദ്ധിമുട്ടാകുകയാണ്. കാസർകോട് വരെ പല ആവശ്യങ്ങൾക്കായി സഞ്ചരിക്കേണ്ടി വരുമ്പോൾ തിരുവല്ലത്ത് ഉള്ളതുപോലുള്ള ടോൾ പിരിവ് മറ്റൊരിടത്തും കാണുന്നില്ല. യാതൊരു മാനദണ്ഡവും ഇല്ലാതെയുള്ള വർധനയാണ് ഇവിടെ. ഫാസ്റ്റ് ടാഗ് ഉള്ള വാഹനത്തിനു പോലും വളരെയേറെ നേരം പിന്നിൽ കാത്തു കിടക്കേണ്ട സ്ഥിതിയും ഇവിടെ മാത്രം. അമിത നിരക്ക് താങ്ങാനാകാത്തതിനാൽ ജീവനക്കാരും അധ്യാപകരും കൂടുതൽ ദൂരം ചുറ്റി പോകേണ്ട സ്ഥിതിയാണ്. 

താങ്ങാനാകാത്ത നിരക്ക്: അഡോൽഫ് ജെറോം (പിന്നണി ഗായകൻ)

കലാ സാംസ്കാരിക രംഗത്ത് സജീവമായവർക്ക് തലസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാനുള്ള ഏക യാത്രാ വഴിയാണ് പൂവാർ– തിരുവനന്തപുരം റോഡ്. ടോൾ പ്ലാസയിലെ അമിത നിരക്ക് താങ്ങാനാകാത്തതിനാലാണ് പാച്ചല്ലൂർ പാത തിരഞ്ഞെടുക്കുന്നത്. അതും കൂടി അടച്ച് കലാസാംസ്കാരിക പ്രവർത്തനത്തിൽ നിന്നു ഞങ്ങളെ പോലുള്ളവരെ ദയവായി അകറ്റി നിർത്തരുത്...

നീക്കം സംശയകരം: എൻ.എൽ.ശിവകുമാർ

കഴക്കൂട്ടം -കാരോട് ബൈപാസ് ഒരു ബിഒടി ഹൈവേ അല്ല .അവിടെ ടോൾ നിർബന്ധവുമില്ല. സംസ്ഥാന - കേന്ദ്രസർക്കാരുകൾ വിചാരിച്ചാൽ ടോൾ പൂർണമായി ഒഴിവാക്കാൻ കഴിയും. റോഡ് നിർമാണം പൂർത്തിയാകും മുൻപേ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. ടോൾ പ്ലാസ അവിടെ നിന്ന് തെക്ക് ദിശയിലേക്ക് മാറ്റാനുള്ള നീക്കത്തിനു പിന്നിൽ വാഹനങ്ങൾ ടോൾ ഒഴിവാക്കി പോകുന്നതു തടയുകയാണ് ഉദേശം. 

പുനപരിശോധിക്കണം: പനത്തുറ പി. ബൈജു (ജില്ലാ പ്രസിഡന്റ് അഖില കേരള ധീവരസഭ)  

കോടികൾ ചെലവഴിച്ചു നിർമിച്ച ബൈപാസ് യാത്ര അമിത ടോൾ നിരക്കു ഭയന്ന് യാത്രികർക്ക് ഒഴിവാക്കേണ്ട ഗതികേട്. ഇതിനാൽ വാഴമുട്ടം -പാച്ചല്ലൂർ - തിരുവല്ലം റോഡിൽ വാഹനങ്ങളുടെ വലിയ തിരക്കും നിരന്തരം അപകടങ്ങളുമാണ്. ടോൾ നിരക്ക് വർധന പുന:പരിശോധിക്കണം. 

സവാരി നഷ്ടപ്പെട്ടു: ജി.രാജേന്ദ്രൻ (ടെംപോ ഡ്രൈവർ, പാച്ചല്ലൂർ)

ടോൾ നിരക്ക് വർധന കാരണം ബൈപ്പാസ് വഴി ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിന് ആരും വാഹനം വിളിക്കാറില്ല. അതിനാൽ ഞങ്ങൾക്ക് സവാരി നഷ്പ്പെട്ട് കുടുംബം പോറ്റാനാകാത്ത സ്ഥിതിയാണ്. ടോൾ നിരക്കു വർധന പിൻവലിക്കണം. 

വാഹനങ്ങൾ കടത്തി വിടണം: പാച്ചല്ലൂർ നുജുമുദ്ദീൻ (പാച്ചല്ലൂർ മുസ്‌ലിം ജമാ അത്ത് പ്രസിഡന്റ് )

ടോൾ നിരക്ക്‌ വർധനവ് കാരണം തിരുവല്ലം- പാച്ചല്ലൂർ വാഴമുട്ടം റോഡിൽ വാഹനത്തിരക്ക് വർധിച്ചിരിക്കുകയാണ്. ഈ റോഡിനു സമീപത്തെ 3 സ്കൂളുകളിലെ വിദ്യാർഥികൾ, ഹൈന്ദവ – മുസ്‌ലിം - ക്രൈസ്തവ ദേവാലയങ്ങളിൽ പോകുന്ന ഭക്തജനങ്ങൾ എന്നിവർക്ക് റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. നിത്യേന അപകടങ്ങൾ ഉണ്ടാകുന്നു. ടോൾ നിരക്ക് വർധന പിൻവലിച്ച് ബൈപാസ് വഴി വാഹനങ്ങൾ കടന്നു പോകാനുള്ള സൗകര്യം ഏർപ്പെടുത്തണം.

അന്യായം പെരുകാവ് കെ.വിനോദ്  കുമാർ (പൗരാവകാശ സമിതി കേരള സെക്രട്ടറി)
തിരുവല്ലം ടോൾ പ്ലാസയിലെ അന്യായ ടോൾ നിരക്കു വർധന പിൻവലിക്കണം.ഈ വർധന ജനദ്രോഹമാണ്. 

ചോദിക്കാൻ ആരും ഇല്ല:ജോൺസൺ ബ്രൂണോ (മത്സ്യ മൊത്ത വ്യാപാരി)

മാനദണ്ഡങ്ങളൊന്നുമില്ലാതെയാണ് തിരുവല്ലത്തെ ടോൾ പിരിവ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി.കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത ഈ വർധന  ഉടൻ പിൻവലിക്കണം. ഇന്ധനത്തിന്റെ ക്ഷാമം , അമിതവില എന്നിവയ്ക്കിടെ യാത്രക്കുള്ള ടോൾ നിരക്കു വർധന മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയാണ്. 

ബസ് സർവീസ് പുന:രാരംഭിക്കണം: എം.എസ്.മധു തിലകം പാച്ചല്ലൂർ

ഓട നിർമാണം എന്ന പേരിൽ പരിസരവാസികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ടോൾ പ്ലാസ നിർമാണം. പൂർത്തിയായതോടെ ഇതുവഴിയുണ്ടായിരുന്ന കെഎസ്ആർടിസി ബസ് സർവീസ് നിലച്ചു. സർവീസ് റോഡിൽ ബസ് സ്റ്റോപ്പ് ബോർഡു പ്രഹസനമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും സർവീസ് ഇല്ല. രാത്രി ഉൾപ്പെടെ ഈ പാത അപകടക്കെണിയാണ്. തെരുവ് വിളക്കുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഈ പാതയിൽ റോഡു മുറിച്ചു കടക്കുമ്പോഴും മറ്റും നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ടോൾ നിരക്ക് കുറയ്ക്കുകയും യാത്രാദുരിതമകറ്റാൻ ബസ് സർവീസ് പുനരാരംഭിക്കുകയും വേണം. 

പിൻവലിക്കണം:ബി.ഷിനു, ചപ്പാത്ത്

അമിത ടോൾ നിരക്കു കാരണം മറ്റ് ഇട റോഡുകളെ ആശ്രയിക്കേണ്ട ഗതികേട്. ഇതു കാരണം സമയ–ഇന്ധന നഷ്ടമാണ്. ദൂരക്കൂടുതലുമുണ്ട്. ടോൾ നിരക്കു വർധന  പിൻവലിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com