ADVERTISEMENT

തിരുവനന്തപുരം ∙ തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി ഇഴയുന്നു. പദ്ധതി ആരംഭിച്ച് 11 ദിവസത്തിനിടെ, കഷ്ടിച്ച് 3% നായ്ക്കൾക്കു മാത്രമാണ് ഇതുവരെ കുത്തിവയ്പ് എടുത്തത്. 30 ദിവസം മാത്രം നിശ്ചയിച്ചിരിക്കുന്ന പദ്ധതിയുടെ കാലാവധി അവസാനിക്കാൻ 17 ദിവസം മാത്രം ബാക്കി നിൽക്കെ, അവേശിഷിക്കുന്ന ലക്ഷക്കണക്കിന് നായ്ക്കൾക്ക് പ്രതിരോധ കുത്തി‍വയ്പ് എടുക്കാൻ കഴിയുമോ എന്ന പ്രതിസന്ധിയിലാണു മൃഗസംരക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ പദ്ധതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടാൻ മൃഗസംരക്ഷണ വകുപ്പ് നീക്കം തുടങ്ങി.

പ്രതിരോധ കുത്തിവയ്പിനായി ആവശ്യത്തിനു വാക്സീൻ ഉണ്ടെങ്കിലും ആസൂത്രണത്തിലെ പിഴവും മുന്നൊരുക്കം ഇല്ലാത്തതും, കുത്തിവയ്പിനും മറ്റുമായി തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നീക്കി വയ്ക്കാത്തതുമാണു പദ്ധതി ഇഴയുന്നതിനു കാരണം. ആവശ്യത്തിന് ഡോഗ് ക്യാച്ചർമാരും കുത്തിവയ്പ് എടുക്കുന്നവരും വാഹനങ്ങളും ഇല്ലാത്തതും പദ്ധതി നടത്തിപ്പിനു തടസ്സമാകുന്നു.

മിഷൻ റേബീസ് എന്ന മൃഗ ക്ഷേമ സംഘടനയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഇത്തവണ പേവിഷ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്.  4.5 ലക്ഷം ഡോസ് വാക്സീനാണ് ജില്ലകൾക്കായി മൃഗസംരക്ഷണ വകുപ്പ് നൽകിയത്. ഇതേ അളവ് വാങ്ങി സ്റ്റോക്ക് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.  മൃഗസംരക്ഷണ വകുപ്പിന്റെ തുക ഉപയോഗിച്ചാണ് ഇപ്പോൾ ചിലയിടങ്ങളിൽ പദ്ധതി മുന്നോട്ടു പോകുന്നത്. 212 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണു പദ്ധതിക്കായി കുറച്ചെങ്കിലും തുക നീക്കി വച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളർത്തുനായ്ക്കളും ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. 11 ദിവസത്തെ കണക്കുകൾ പ്രകാരം ഇതു വരെ 7971 തെരുവുനായ്ക്കൾക്കും (ലക്ഷ്യമിട്ടിരുന്നതിൽ 2.75 %), 25,153 വളർത്തുനായ്ക്കൾക്കും (ലക്ഷ്യമിട്ടതിന്റെ 3 %) മാത്രമാണ് ഇതു വരെ കുത്തിവയ്പ് എടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com