ADVERTISEMENT

പുരോഗമനപരമായ നിലപാടുകൾ എക്കാലവും ഉയർത്തിപ്പിടിച്ച കാർട്ടൂണിസ്റ്റായിരുന്നു അജിത് നൈനാൻ. വിമർശിക്കേണ്ടത്എന്നു തോന്നിയ കാര്യങ്ങളെയൊന്നും വെറുതെ വിട്ടില്ല. ഒന്നിനെയും ഭയപ്പെട്ടതുമില്ല. കലാകാരനെന്ന നിലയിൽ സർഗാത്മക സ്വാതന്ത്ര്യത്തിന് വലിയ വില കൽപിച്ചു. അജിത് നൈനാന്റെ പിതാവ് ദീർഘകാലം ആന്ധ്രയിലായിരുന്നു. ഏതാണ്ട് 40 വർഷത്തോളം. ഞങ്ങൾ മദ്രാസ് ക്രിസ്ത്യൻ കോളജിൽ വച്ച് സൗഹൃദത്തിന് തുടക്കമിടുമ്പോൾ അജിത്തിന് മലയാളം നല്ലതുപോലെ വഴങ്ങുമായിരുന്നില്ല. മലയാളം പറയും, പക്ഷേ വായിക്കാനറിയില്ല. ഇംഗ്ലിഷിലായിരുന്നു വർത്തമാനം. കോളജ് മാഗസിനു വേണ്ടി അജിത് രണ്ടുമൂന്നു വർഷം പതിവായി വരച്ചിരുന്നു. എഡിറ്റോറിയൽ ചുമതലയിൽ ഉണ്ടായിരുന്നതിനാൽ അജിത് വരയ്ക്കുന്നതെല്ലാം എന്റെ കയ്യിലാണ് വന്നുപെട്ടത്. കാർട്ടൂണുകളും ഇലസ്ട്രേഷനുമൊക്കെ ഗംഭീരമായി തോന്നി. വരച്ചയാളെ തേടി ഞാൻ ഹോസ്റ്റൽ മുറിയിലെത്തി. പരസ്പരം പരിചയപ്പെട്ടു. ജീവിതകാലം മുഴുവൻ അതു മുറിയാതെ നീണ്ടുനിന്നു. 

ക്രിസ്ത്യൻ കോളജ് കഴിഞ്ഞ് സിവിൽ സർവീസ് പരിശീലനത്തിനായി ഞാൻ ഡൽഹിയിലേക്ക് മാറി. അജിത്തും വൈകാതെ അവിടെയൊരു അഡ്വർടൈസിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. മദിരാശിയിലേതിനു സമാനമായ ജീവിതം ഞങ്ങൾ ഡൽഹിയിലും തുടർന്നു. അജിത് എന്നെയും കൂട്ടി കാർട്ടൂണിസ്റ്റ് അബു ഏബ്രഹാമിന്റെ അടുത്തേക്കു പോകും. അബുവിന്റെ സഹോദരീപുത്രൻ കൂടിയാണ് അജിത്. അതുകൊണ്ട് അബുവിന്റെ വീട്ടിൽ എനിക്കും സ്വാതന്ത്ര്യമായി. അബുവുമായി മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്നത് ഞങ്ങളുടെ പതിവായിരുന്നു. അബു വരയ്ക്കുന്നത് അടുത്തു നിന്ന് കണ്ടു. പക്ഷേ അബുവിന്റെ രീതിയിലല്ല, അജിത് നൈനാൻ വരച്ചിരുന്നത്.  

∙ കുടുസ്സു മുറി പങ്കിട്ട സൗഹൃദം

ഡൽഹിയിൽ ഞാൻ ജ്യേഷ്ഠൻ ടി.പി.ശ്രീനിവാസന്റെ കൂടെ നിന്നാണ് സിവിൽ സർവീസിന് തയാറെടുത്തിരുന്നത്. അദ്ദേഹത്തിനു വൈകാതെ പോസ്റ്റിങ് ആയി വിദേശത്തേക്കു പോയി. അപ്പോൾ സഫ്ദർജങ് എൻക്ലേവിലെ ഞങ്ങളുടെ മുറിയിലേക്ക് അജിത് താമസിക്കാനായി വന്നു. ഒരു ചെറിയ താമസ ഇടമാണ്. ‘ബാത്ത് അറ്റാച്ച്ഡ് ആണ് മുറി’യെന്നു സാധാരണ ആളുകൾ പറയാറുണ്ട്. എന്നാൽ, അജിത് ഞങ്ങളുടെ താമസസ്ഥലത്തെ തിരിച്ചാണ് വിശേഷിപ്പിച്ചത്. ‘ബാത്ത്റൂമിന് അറ്റാച്ച്ഡ് ആയി ഒരു മുറിയുണ്ട്’ എന്നായിരുന്നു കക്ഷിയുടെ കമന്റ് ! 

ഞങ്ങൾ ഒരേ ബാത്ത്റൂമും അതിന്റെ അറ്റത്തെ ബെഡ്റൂമും ഉപയോഗിച്ചു പോന്നു. ഒരു കട്ടിൽ മാത്രമേയുള്ളൂ. ഒരാൾ കട്ടിലിലും മറ്റെയാൾ കാർപ്പറ്റിലും മാറി മാറി കിടക്കും. ആ സമയത്ത് അദ്ദേഹം ഇന്ത്യ ടുഡേ ഗ്രൂപ്പിലുള്ള ഒരു മാഗസിനു വേണ്ടി ‘ഡിറ്റക്ടീവ് മൂച്ച്‌വാലാ’ എന്നൊരു സീരീസ് വരയ്ക്കാൻ ആരംഭിച്ചു. വരയ്ക്കാൻ വേണ്ട ആശയങ്ങൾ പാതിരാത്രി വരെയൊക്കെ ഇരുന്ന് ചർച്ച ചെയ്യുമായിരുന്നു. ആശയം കിട്ടിയാൽ വൈകാതെ വരച്ച് മാഗസിന് അയക്കുന്നതായിരുന്നു അജിത്തിന്റെ രീതി. 

∙ സർഗാത്മക സ്വാതന്ത്ര്യം 

എക്കാലവും പുരോഗമനപരമായ നിലപാടുകൾ വരയിലൂടെ ഉയർത്തിപ്പിടിച്ച കാർട്ടൂണിസ്റ്റാണ് അജിത്തെന്നു തോന്നിയിട്ടുണ്ട്. വിമർശിക്കേണ്ടത് എന്നു തോന്നിയ കാര്യങ്ങളെയൊന്നും വെറുതെ വിട്ടില്ല. ഒന്നിനേയും ഭയപ്പെട്ടതുമില്ല. കലാകാരനെന്ന നിലയിൽ സർഗാത്മക സ്വാതന്ത്ര്യത്തിന് വലിയ വിലയാണ് കൽപിച്ചിരുന്നത്. അനിമേഷൻ രംഗത്തെ അജിത്തിന്റെ കഴിവുകൾ ഞാൻ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് രാജ്യത്തിന് വെളിയിൽ പോയി സാമ്പത്തികാഭിവൃദ്ധിയുള്ള തൊഴിലുകളിൽ പ്രവേശിക്കാമായിരുന്നു. പക്ഷേ, കാർട്ടൂണിസ്റ്റായി നിലനിൽക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഇച്ഛയെന്നതിനാൽ ഇവിടെ തുടർന്നു.

കാർട്ടൂൺ രചനയിൽ അജിത് നൈനാൻ
കാർട്ടൂൺ രചനയിൽ അജിത് നൈനാൻ

∙ ജനകീയനായ കാർട്ടൂണിസ്റ്റ് 

കാർട്ടൂണിന്റെ ലോകത്ത് വളരെ വേഗത്തിലായിരുന്നു അജിത്തിന്റെ വളർച്ച. ലോകം അറിയുന്ന കാർട്ടുണിസ്റ്റായി. കെനിയയിലും ഓസ്ട്രേലിയയിലും അദ്ദേഹത്തിന്റെ കാർട്ടൂണുകൾ കാണാൻ ആളുകൾ തടിച്ചുകൂടുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. ഭംഗിയായും ലളിതമായും വരയ്ക്കുന്നത് അജിത്തിനെ പോപ്പുലറാക്കി. ആളുകളെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകുയം ചെയ്തു. കംപ്യൂട്ടറിൽ വരച്ചു തുടങ്ങിയപ്പോഴും വരയുടെ സൗന്ദര്യം കറുപ്പിലും വെളുപ്പിലുമാണെന്ന് അജിത് പറഞ്ഞു. അടുത്ത കാലത്ത് ഫോണിലും വരയ്ക്കുമായിരുന്നു. വാട്സാപ്പിലൂടെ കാർട്ടൂണുകൾ എനിക്കയച്ചു തരുമായിരുന്നു. തന്റെ മാത്രമല്ല, പുതുതലമുറ കാർട്ടൂണിസ്റ്റുകളുടെ വരയും അക്കൂട്ടത്തിൽ ഉണ്ടാകുമായിരുന്നു. ഈയിടെ കുറച്ചു വാട്ടർ കളർ സ്കെച്ചുകളാണ് അയച്ചുതന്നത്. 

ഞങ്ങൾ രണ്ടുപേരുടെയും ജീവിതത്തിൽ ഒരുപാടു മാറ്റമുണ്ടായെങ്കിലും കോളജുകാലം മുതലുള്ള സൗഹൃദം മുറിഞ്ഞില്ല. ഒന്നിലും വരയിട്ടു വിഭജിച്ചില്ല. അജിത്തിന്റെ മരണവാർത്തയറിഞ്ഞയുടൻ ഞാൻ മൈസൂരുവിലേക്ക് തിരിച്ചു. നേരത്തെ വിദേശത്ത് നിന്ന് ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ അവന്റെ വീട്ടിലേക്ക് ഓടിയെത്തുമായിരുന്നു. പിന്നീട് മൈസൂരുവിലേക്ക് താമസം മാറിയതോടെ ഒത്തുകൂടൽ പതിവായി. അങ്ങോടുമിങ്ങോടും ‘കെയർ’ ചെയ്യുന്ന സൗഹൃദമായിരുന്നു ഞങ്ങളുടേത്. എന്റെ മകൾ ദേവിയും അജിത്തിന്റെ മകൾ അപരാജിതയും ഞങ്ങളെങ്ങനെയായിരുന്നു അതേപോലെയുള്ള ഉറ്റസുഹൃത്തുക്കളാണ്; കലാതൽപരരും. അജിത്താകട്ടെ, രണ്ടു പേരെയും ഉപദേശിക്കുന്നതിൽ വിദഗ്ധനുമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com