ADVERTISEMENT

മലയിൻകീഴ്∙ ഡ്രൈവർ അവശനായതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ രക്ഷിച്ച് യാത്രക്കാരൻ. രക്ഷകനായ യാത്രക്കാരൻ കെഎസ്ആർടിസിയിലെ മറ്റൊരു ഡ്രൈവർ ആണെന്നതും യാദൃശ്ചികം. വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ വെള്ളൂർപാറ പെരിജ്യൂഡ് കോട്ടേജിലെ പി.വില്യം കുമാർ (55) ആണ് സഹപ്രവർത്തകന്റെയും സഹയാത്രികരുടെയും ജീവൻ രക്ഷിച്ചത്. അവശനായ ഡ്രൈവർ പി.ജയകുമാറിനെ ഇതേ ബസിൽ തന്നെ വില്യം ആശുപത്രിയിലും എത്തിച്ചു.

ബുധൻ വൈകിട്ട് കിഴക്കേക്കോട്ടയിൽ നിന്നും ആര്യനാട് ഭാഗത്തേക്ക് പോയ വെള്ളനാട് ഡിപ്പോയിലെ ബസിലാണ് സംഭവം. ആറരയോടെ ബസ് പുളിറയക്കോണം മണ്ണയം ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരനെ ഇറക്കാൻ കണ്ടക്ടർ ബെല്ലടിച്ചു. പക്ഷേ, ബസ് നിർത്തിയില്ല. വീണ്ടും ബെൽ മുഴക്കിയിട്ടും ബസ് മുന്നോട്ട് പോയപ്പോഴാണ് ഡ്രൈവറുടെ ഇടത് ഭാഗത്തെ സീറ്റിലിരുന്ന വില്യം ഡ്രൈവറെ വിളിച്ച് ബസ് നിർത്താൻ ആവശ്യപ്പെട്ടത്. പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഡ്രൈവറുടെ അടുത്തേക്ക് പോയത്. 

ഡ്രൈവർ ജയകുമാർ അവശനായി ഇരിക്കുകയാണെന്നും ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോകുകയാണെന്നും മനസ്സിലാക്കിയ വില്യം പെട്ടന്ന് സ്റ്റിയറിങ്ങിൽ പിടിച്ചു. ഇറക്കത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ബസ് നിർത്താനായി ഡ്രൈവറുടെ ക്യാബിനിലേക്ക് കാൽ കയറ്റി ബ്രേക്ക് ചവിട്ടുകയും ചെയ്തു. അപ്പോഴാണ് കണ്ടക്ടറും മറ്റ് യാത്രക്കാരും വിവരം മനസ്സിലാക്കിയത്. ജയകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മറ്റു വാഹനം കിട്ടാതായതോടെ ഇതേബസിൽ വില്യം ജയകുമാറിനെ ആശുപത്രിയിലുമെത്തിച്ചു. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് ഡിപ്പോയിൽ എത്തിക്കുകയും ചെയ്തു.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ജയകുമാറിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അഭിമാനകരം: വില്യംകുമാർ 

29 വർഷമായി കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി നോക്കുന്ന തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ് ബുധനാഴ്ച ഉണ്ടായതെന്നു വില്യംകുമാർ. സഹപ്രവർത്തകന്റെയും യാത്രക്കാരുടെയും ജീവൻ രക്ഷിക്കാനായത് ദൈവാനുഗ്രഹം കൊണ്ടാണ്. ഡ്യൂട്ടിയില്ലാത്തതിനാൽ വെട്ടുകാട് പള്ളിയിൽ പോയി വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു അന്ന്. ആര്യനാട് ഭാഗത്തേക്കുള്ള മറ്റൊരു ബസ് പ്രതീക്ഷിച്ചാണ് കിഴക്കേക്കോട്ടയിൽ എത്തിയത്.

പക്ഷേ, സമയം വൈകിയതിനാൽ ആ ബസ് കിട്ടിയില്ല. പിന്നാലെയാണ് ഈ ബസിൽ കയറിയത്. മാസങ്ങൾക്കു മുൻപ് കിഴക്കേക്കോട്ടയിൽ വച്ച് കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും ഉയർന്നപ്പോൾ സമയബന്ധിതമായ ഇടപെടൽ നടത്തിയതിന് വില്യംകുമാറിനെയും കൂടെ ഉണ്ടായിരുന്ന കണ്ടക്ടറെയും ആദരിച്ചിരുന്നു. 2011ൽ ആണ് വില്യം കുമാറിനെ കെഎസ്ആർടിസി സ്ഥിരപ്പെടുത്തിയത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com