ADVERTISEMENT

തിരുവനന്തപുരം ∙ വടക്കു നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്ന ചില ട്രെയിനുകൾ ഔട്ടറിൽ ദീർഘനേരം പിടിച്ചിടുന്നുവെന്നു പരാതി. രാവിലെ എത്തിച്ചേരുന്ന ട്രെയിനുകൾ ഔട്ടറിൽ പിടിച്ചിടുന്നതിനാൽ യാത്രക്കാർക്കു പുറത്തേക്കിറങ്ങാനോ മറ്റു മാർഗങ്ങളിലൂടെ ആവശ്യമുള്ള സ്ഥലത്തേക്കു സമയത്ത് എത്തിച്ചേരാനോ കഴിയുന്നില്ലെന്നാണു പരാതി.

സെൻട്രൽ സ്റ്റേഷനിൽ തിരക്ക് കൂടുമ്പോഴാണ് ട്രെയിൻ ഔട്ടറിൽ പിടിച്ചിടുന്നത്. പ്ലാറ്റ്ഫോമുകളിൽ ഒഴിവില്ലാതിരിക്കുകയും ട്രാക്ക് ക്ലിയറൻസ് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണിത്. മുൻപ് ഇത്തരം സാഹചര്യങ്ങളിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിടുകയായിരുന്നു പതിവ്. അപ്പോൾ യാത്രക്കാർക്കു  ടാക്സിയോ മറ്റോ വിളിച്ച് ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചേരാനും കഴിയുമായിരുന്നു. ഇപ്പോൾ അര മണിക്കൂർ മുതൽ 45 മിനിറ്റിലധികം സമയം ഔട്ടറിൽ കുടുങ്ങിക്കിടക്കുന്നത് സമയ നഷ്ടവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയാണ്.  

എന്നാൽ, പേട്ട സ്റ്റേഷനിൽ പിടിച്ചിട്ടാൽ പിന്നീട് ട്രാക്ക് ക്ലിയറൻസും മറ്റും പൂർത്തിയാക്കി ട്രെയിൻ സെൻട്രൽ സ്റ്റേഷനിൽ എത്താൻ കൂടുതൽ സമയം വേണ്ടി വരുന്നുവെന്ന യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  ഔട്ടറിൽ പിടിച്ചിടാൻ തീരുമാനിച്ചതെന്ന് തിരുവനന്തപുരം ഡിവിഷൻ അധികൃതർ പറഞ്ഞു. 

ട്രെയിൻ ഹോം സിഗ്നലിന്   അടുത്തെത്തുന്നതോടെ കൂടുതൽ സമയം ക്ലിയറൻസിനു  കാത്തു കിടക്കാതെ പ്ലാറ്റ്‌ഫോം ഒഴിയുമ്പോൾ തന്നെ സ്റ്റേഷനിലേക്കെത്താൻ കഴിയും. സെൻട്രൽ സ്റ്റേഷനിലെ ട്രെയിനുകൾ പുറപ്പെടാൻ വൈകുമ്പോഴോ മറ്റിടങ്ങളിൽ നിന്ന് ട്രെയിൻ എത്തിച്ചേരാൻ വൈകുമ്പോഴോ ആണ് പലപ്പോഴും തിരക്കുണ്ടാകുന്നതെന്നും റെയിൽവേ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com