തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി; പാൽ വിതരണം ഇന്ന് മുതൽ വീണ്ടും

Mail This Article
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ കിടപ്പു രോഗികൾക്കുള്ള പാൽവിതരണം ഇന്നു പുനരാരംഭിക്കും. മന്ത്രിതലത്തിൽ നടത്തി ചർച്ചയിലാണ് തീരുമാനം. ഇന്നലെ പാൽ വിതരണം തടസപ്പെട്ടിരുന്നു. രോഗികൾക്ക് പാൽ നൽകിയ വകയിൽ മിൽമയ്ക്ക് 1.14 കോടി രൂപ കുടിശികയായതോടെയാണ് പാൽ വിതരണം നിർത്താൻ തീരുമാനിച്ചത്. പാൽവിതരണം പ്രതിസന്ധിയിലായതോടെ മന്ത്രമാരായ വീണാജോർജും ജെ.ചിഞ്ചുറാണിയും ചർച്ച നടത്തി. 3 ദിവസത്തിനകം പണം നൽകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാൽ വിതരണം പുനരാരംഭിച്ചത്.
ഇന്നു മുതൽ വിതരണം പുനസ്ഥാപിക്കുമെന്നു മിൽമ അധികൃതരും അറിയിച്ചു. കോടികൾ കുടിശികയായതിനു പിന്നാലെ 2 തവണ മെഡിക്കൽ കോളജ് അധികൃതർക്കും ഒരു തവണ ആരോഗ്യമന്ത്രിക്കും കത്ത് നൽകിയിട്ടും തീരുമാനമുണ്ടാകാത്തതിനാലാണ് മിൽമ വിതരണം നിർത്തിയത്. മേയ് 22 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കുടിശികയാണ് നൽകാൻ ഉള്ളത്.
എല്ലാ ദിവസവും ഒരു നേരം അര ലീറ്ററിന്റെ 1000 പായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. 2 മാസം മുൻപ് നിർത്തിയ ബ്രെഡ് വിതരണം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. പാറ്റയും എലിയും വർധിക്കുന്നതിനു കാരണം രോഗികൾ ഉപയോഗിക്കാതെ വലിച്ചെറിയുന്ന ബ്രെഡ് മൂലമാണെന്ന കണ്ടെത്തൽ നടത്തിയതാണ് ആശുപത്രി അധികൃതർ ഇത് നിർത്തിയത്.
പാലും ബ്രെഡും വിതരണം ചെയ്ത് കോൺഗ്രസ്
മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്രെഡും പാലും നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആശുപത്രി സൂപ്രണ്ട് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്.ബാബു ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി ആശുപത്രിയിലെ രോഗികൾക്ക് പാലും ബ്രെഡും വിതരണം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.സനൽ, ഡിസിസി സെക്രട്ടറി വണ്ടന്നൂർ സന്തോഷ്, കൗൺസിലർ സുരേഷ്, സിഎംപി നേതാവ് ശ്രീകണ്ഠൻ, മണ്ണന്തല ഷാബു, സജീവ്, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.