ADVERTISEMENT

തിരുവനന്തപുരം ∙ ‘എനിക്കാകുമ്പോൾ കൃഷ്ണന്റെ ശിൽപമല്ല, ദുര്യോധനന്റെ ശിൽപമായിരുന്നു നല്ലത്–’ നവതി ആഘോഷത്തിന്റെ ഭാഗമായി കൃഷ്ണനും രാധയും ചേർന്നു നിൽക്കുന്ന ശിൽപവുമായെത്തിയ ആരാധകനിൽ നിന്ന് ഉപഹാരം സ്വീകരിക്കുമ്പോൾ മധുവിന്റെ മറുമൊഴി.

നവതി ആശംസിക്കാനെത്തിയവരിൽ മധുവിന്റെ വീടിനുള്ളിലേക്ക് ആദ്യം പ്രവേശനം ലഭിച്ചത് നടൻ മോഹൻലാലിനാണ്. കഴിഞ്ഞ ദിവസവും ലാൽ മധുവിനെ കാണാനെത്തിയിരുന്നു. അന്നു സ്നേഹാശംസകൾ അറിയിച്ചെങ്കിലും ലാൽ പ്രസിഡന്റായ നടീനടന്മാരുടെ സംഘടന ‘അമ്മ’യുടെ ആശംസ അറിയിക്കാനുള്ള ഔദ്യോഗിക സന്ദർശനമായിരുന്നു ഇന്നലെ. ലാലിനു മുൻപു തന്നെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടൻ സുധീർ കരമനയും കണ്ണമ്മൂലയിലെ മധുവിന്റെ വസതിയിൽ എത്തിയിരുന്നു.

അതിനും മുൻപു രാവിലെ മുതൽ പലരും മധുവിനെ കാണാൻ എത്തിയിരുന്നെങ്കിലും 90–ാം പിറന്നാളിനും അദ്ദേഹം പതിവു ചിട്ടകളിൽ അൽപം പോലും അയവു വരുത്തിയില്ല. ആരുടെയും മുന്നിലേക്കു മധു എത്തിയില്ലെങ്കിലും മധുരമെത്തി. പാൽപായസവും ലഡുവും വിതരണം ചെയ്ത് മധുവിന്റെ സഹായി അനിൽ വീടിനു പുറത്തുണ്ടായിരുന്നു. ‘മധു സാർ ഉറക്കമാണ്, വൈകിട്ടു വരുന്നതാകും നല്ലത്’ എന്ന് സന്ദർശകരെ ഓർമപ്പെടുത്തുക മാത്രമല്ല, അൽപം നിർബന്ധിച്ചു തന്നെ മധുരം കഴിപ്പിക്കുകയും ചെയ്തു അനിൽ.

മധുവിന്റെ ചിട്ടകൾ നന്നായി അറിയുന്ന ലാൽ എത്തിയത് കൃത്യ സമയത്താണ്; വൈകിട്ട് 3.20ന്. പക്ഷേ ലാലിനും വീട്ടിലേക്കു കയറി അൽപനേരം കാത്തു നിൽക്കേണ്ടി വന്നു . ഹാളിൽ നിൽക്കുമ്പോൾ സെൽഫിയെടുക്കാനുള്ള ശ്രമങ്ങളെ ലാൽ  തടഞ്ഞു– ‘വീടിനുള്ളിലല്ലേ മോനേ, ഫോട്ടോ എടുക്കരുത്’.

ഉള്ളിൽ നിന്നു ഹാളിലേക്കുള്ള വാതിൽ ചെറുതായി തുറന്നപ്പോൾ ലാൽ എത്തിയ കാര്യം ഇടവേള ബാബു ഓർമിപ്പിച്ചു. ഉടൻ തന്നെ വാതിൽ പൂർണമായി തുറന്നു. മധുവിന്റെ അടുക്കലേക്ക് ഓടിയെത്തി അനുഗ്രഹം തേടിയ ശേഷം ലാൽ ചെറിയ പൊതി മധുവിനു കൈമാറി പറഞ്ഞു – ‘ഹാപ്പി ബർത്ത് ഡേ സർ. ‘അമ്മ’യുടെ സമ്മാനമാണ്.’ 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

അടുത്തു നിന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ മധുവിനരികിലേക്കു വിളിച്ച് ലാൽ പരിചയപ്പെടുത്തി– ‘സർ, ഇത് ആന്റണി!’ പരിചയപ്പെടുത്തേണ്ട, അറിയാം എന്ന ഭാവത്തിൽ മധു ചിരിച്ചു. വൈകിട്ടു ചടങ്ങിൽ കാണാം എന്നു പറഞ്ഞു ലാൽ പുറത്തേക്കിറങ്ങി. പിന്നാലെ മന്ത്രി ജി.ആർ.അനിൽ എത്തി ആദരം നൽകി. മധുവിനെക്കുറിച്ചു പാലോട് ദിവാകരൻ എഴുതിയ ‘മലയാള സിനിമയിലെ മധുവും അനശ്വര കഥാപാത്രങ്ങളും’ എന്ന പുസ്തകം മധുവിനു നൽകി പ്രകാശനം ചെയ്തു. ഉച്ചയ്ക്കു കുടുംബാംഗങ്ങൾ ചേർന്നു കേക്ക് മുറിച്ച് മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com