ADVERTISEMENT

ചിറയിൻകീഴ്∙ അഴൂർ റെയിൽവേ ഗേറ്റിനു സമാന്തരമായി പെരുമാതുറ തീരദേശ റോഡുമായി ബന്ധിപ്പിച്ചുള്ള മേൽപാലത്തിനു സർക്കാർ അനുമതിയായി. വർഷങ്ങളായി തീരദേശ ജനത അനുഭവിച്ചുവരുന്ന യാത്രാ ദുരിതങ്ങൾക്കു ശാശ്വതപരിഹാരമായി മാറുകയാണു അഴൂരിലെ മേൽപാല നിർമാണം. തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകളിലെ വലിയൊരു മേഖലയിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്കു ശക്തിപകരാൻ ഇതോടെ വഴിയൊരുങ്ങും.

നിലവിൽ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽനിന്നു ജില്ലയ്ക്കു പുറത്തേയ്ക്കുള്ള ഗതാഗതത്തിനു വേഗം പകരാനും പദ്ധതി പൂർത്തീകരണത്തോടെ സാധിക്കും. ചിറയിൻകീഴ്–അഴൂർ–പെരുങ്ങുഴി പ്രദേശങ്ങളിലെ യാത്രാ ദുരിതത്തിനും പാലം അറുതി വരുത്തും. ചിറയിൻകീഴ്–മുരുക്കുംപുഴ മുഖ്യപാതയിൽ അഴൂർ ഗണപതിയാംകോവിൽ ജംക്‌ഷനിൽ നിന്ന് അഴൂർ റെയിൽവേ ഗേറ്റു കടന്നുവേണം ഇപ്പോൾ പെരുമാതുറ തീരദേശപാതയിലെത്താൻ. ട്രെയിനുകൾക്കു കടന്നുപോകാൻ മണിക്കൂറുകളോളം റെയിൽവേ ഗേറ്റ് അടച്ചിടുന്നതു കടുത്ത യാത്രാ ദുരിതങ്ങൾക്കും ഗതാഗത സ്തംഭനത്തിനു വഴിയൊരുക്കുന്നതും ഇവിടെ പതിവു കാഴ്ചകളാണ്.

ഒരുവർഷം മുൻപു പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികൾ പൂർത്തിയായിരുന്നെങ്കിലും അലൈൻമെന്റിൽ മാറ്റം വേണമെന്ന ആവശ്യവുമായി സ്ഥലത്തെ ഒരുവിഭാഗം കുടുംബങ്ങൾ രംഗത്തിറങ്ങുകയും ബന്ധപ്പെട്ടവർക്കു പരാതികൾ കൈമാറുകയും ചെയ്തിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തുകൂടി പാലം നിർമാണം സാധ്യമാക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നായിരുന്നു ഒരാവശ്യം.എന്നാൽ അലൈൻമെന്റിൽ മാറ്റം വരുത്താതെ പദ്ധതി നടപ്പാക്കാനാണു റെയിൽവേ അധികൃതർ തീരുമാനിച്ചിട്ടുള്ളതെന്ന് അറിയുന്നു. പാലം നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമായി 77.65കോടി രൂപയാണു ചെലവഴിക്കുക. ഇതിൽ 48.38കോടി രൂപ ആദ്യഘട്ടമെന്ന നിലയിൽ ഒരുവർഷം മുൻപു അനുവദിച്ചിരുന്നു. ശേഷിച്ച തുകയായ 34.26കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതിക്കു വേഗതയേറുമെന്നുറപ്പായി. ചിറയിൻകീഴിനടുത്തു അഴൂർ അടക്കം സംസ്ഥാനത്തു ആറു ജില്ലകളിലായി 11റെയിൽവേ മേൽപാലങ്ങൾക്കാണ് അനുമതിയായിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com