ADVERTISEMENT

വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വിജയദശമി വിദ്യാരംഭം ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. 
കഴക്കൂട്ടം∙ മഹാദേവർ ക്ഷേത്രത്തിൽ നൃത്ത സംഗീതോത്സവത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചത്. വിജയദശമി ദിനമായ ഇന്നലെ ഒട്ടേറെ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കഠിനംകുളം മഹാദേവർ ക്ഷേത്രത്തിലും ആഘോഷങ്ങൾക്ക് വൻ തിരക്ക് അനുഭവപ്പെട്ടു. പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിൽ മേൽശാന്തി പ്രശാന്ത് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. ശ്രീനാരായണഗുരു രണ്ടാമതു ശിവ പ്രതിഷ്ഠ ചെയ്ത കോലത്തുകര ശിവ ക്ഷേത്രത്തിൽ ശ്രീനാരായണ കൺവൻഷനും വിദ്യാരംഭവും നടന്നു. കഴക്കൂട്ടം ആലുംമൂട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി പൂജവയ്പ് ഉത്സവം നടന്നു.

ശ്രീകാര്യം∙ ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീട്ടിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ഒട്ടേറെ  കുരുന്നുകൾ എത്തിയിരുന്നു. സ്വാമി അഭയാനന്ദയാണ് എഴുത്തിനിരുത്തിയത്. പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഇളംകുളം മഹാദേവ ക്ഷേത്രം, കരുമ്പൂക്കോണം മുടിപ്പുര ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.

നേമം∙ കാക്കാമൂല ഉമ്മൻചാണ്ടി ഭവനിലെ പ്രിയദർശിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങ് നടന്നു.  വെള്ളായണി കാർഷിക സർവകലാശാല അസി. ഡയറക്ടർ ഡോ. അനിത് നാരായണൻ കുട്ടികളെ എഴുത്തിനുരുത്തി. ഗ്രന്ഥശാല പ്രസിഡന്റ്‌ പെരിങ്ങമ്മല ജയൻ, വൈസ് പ്രസിഡന്റ് എറിക് മാർസിൽ, പ്രതീഷ്, സതികുമാരി, പഞ്ചായത്ത് അംഗം മിനി, കാക്കാമൂല ബിജു, മഹേഷ് ആനക്കുഴി, അനീഷ് പനവിള, റെജി പെരിങ്ങമ്മല, ജി.എസ്.ഗീതു, വി.അരുൺ, വെള്ളായണി സമ്പത്ത് എന്നിവർ പങ്കെടുത്തു.ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആയിരുന്നു കുട്ടികളുടെ പ്രഥമ അക്ഷരം കുറിക്കൽ.

വിജയദശമി ദിനത്തിൽ ശിവഗിരി മഠത്തിലും ജനാർദനസ്വാമി ക്ഷേത്രത്തിലും ഉൾപ്പെടെ നൂറുകണക്കിനു കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തി. ശ്രീശാരദാദേവി സന്നിധിയിൽ നടന്ന ചടങ്ങിനു ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമിമാരായ ഋതംഭരാനന്ദ, വിശാലാനന്ദ, ശിവനാരായണ തീർഥ, സൂക്ഷ്മാനന്ദ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. ജനാർദനസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിനു മേൽശാന്തി എം.ജെ.സത്യനാരായണപോറ്റി കാർമികത്വം വഹിച്ചു.  

തിരുവനന്തപുരം∙ സംസ്കാരിക വകുപ്പിനു കീഴിലുള്ള വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ വിദ്യാരംഭ ചടങ്ങ് ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ ഉദ്ഘാടനം ചെയ്തു. നടന ഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ.രാജ വാരിയർ, ആര്യനാട് സത്യൻ, ഡോ.സജീവ് നായർ എന്നിവർ കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചു. കേരള നടനം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം, വാദ്യോപകരണങ്ങൾ എന്നിവ പരിശീലിക്കുന്നതിനു പുതിയ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

പൂജ ഫെസ്റ്റ് 29 വരെ
തിരുവനന്തപുരം∙ പൂജപ്പുര സരസ്വതി ദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന വ്യാപാര മേളയിലും അമ്യൂസ്മെന്റ് പാർക്കിലും വൻ ജനപങ്കാളിത്തം. മഹാനവമി, വിജയദശമി ദിനങ്ങളിൽ പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ആയിരങ്ങളാണ് പൂജപ്പുര മൈതാനിയിൽ എത്തിയത്. രാവിലെ 11 മണി മുതൽ രാത്രി 11 വരെ സന്ദർശനം നടത്താം. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിലയിലുള്ള സംവിധാനങ്ങളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. 

നൂറിലധികം സ്റ്റാളുകളുള്ള വ്യാപാര വിപണന മേള അമ്യൂസ്മെന്റ് പാർക്ക്, കാർഷിക ഉൽപ്പന്നങ്ങളും, കാർഷിക ഉപകരണങ്ങൾ, തുണിത്തരങ്ങൾ എന്നിവ വൻ വിലക്കുറവിൽ വാങ്ങാനുള്ള അവസരം. വ്യത്യസ്ത തരം രുചിയേറിയ ഭക്ഷണങ്ങൾ, ഇരുനില മരണക്കിണർ, സർക്കസ് കൂടാരങ്ങളിലെ സാഹസിക പ്രകടനക്കാരായ വനിതകളുടെ കാർഓട്ടം, ജയിന്റ് വീൽ, ആകാശ തോണി, ഡ്രാഗൺ, ട്രെയിൻ, ബ്രേക്ക് ഡാൻസ്, തുടങ്ങിയ അമ്യൂസ്മെന്റ് റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് പൂജ ഫെസ്റ്റ് ഈ മാസം 29 വരെ നീട്ടിയതായി പൂജപ്പുര സരസ്വതി ദേവീ ക്ഷേത്രം ജനകീയ സമിതി അറിയിച്ചു.

പൗർണമിക്കാവ് ക്ഷേത്രം
ബാലരാമപുരം∙ വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ വിജയദശമി ദിവസമായ ഇന്നലെ എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.മാധവൻനായർ, വിഎസ്എസ്‌സി ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ, ലക്ഷ്മി നായർ തുടങ്ങിയവരാണ് ചടങ്ങ് നിർവഹിച്ചത്. വിവിധ കലകളിലെ അരങ്ങേറ്റവും നടന്നു. 300 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.

 പാലക്കാട് സ്നേഹാശ്രമത്തിലെ മഠാധിപതി സുനിൽ സ്വാമി പങ്കെടുത്തു. ഇന്നു മുതൽ പൗർണമിയായ ശനിയാഴ്ച വരെ നട തുറന്നിരിക്കും. നാളെ വൈകിട്ട് 7 ന് തീചാമുണ്ഡി തെയ്യം നടക്കും. പള്ളിക്കൽ സുനിൽ നടത്തുന്ന പഞ്ചാക്ഷര മാഹാത്മ്യവും ശിവയോഗി മാഹാത്മ്യ പാരായണവും വിശകലനവും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com