ADVERTISEMENT

ചെറുന്നിയൂർ∙ ഗവ.ഹൈസ്കൂളിൽ 2018ൽ നബാർഡ് സഹായത്തോടെ തുടങ്ങിയ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള കെട്ടിടനിർമാണം എങ്ങുമെത്താത്ത നിലയിൽ തുടരുന്നു. കെട്ടിടത്തിന്റെ അടിസ്ഥാനവും തൂണുകളുടെയും നിർമാണം പൂർത്തിയാക്കിയെങ്കിലും യഥാർഥ രൂപകൽപനയിൽ നിന്നു വ്യതിചലിച്ചെന്നു പരാതിയെ തുടർന്നു പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അഴിമതി ആരോപിച്ചു സമരത്തിനു ഇറങ്ങിയിരുന്നു. 

പൊതുമരാമത്തിനും വിജിലൻസിലും ഇതുസംബന്ധിച്ചു പരാതികൾ പോയതോടെ ജോലി തടസ്സപ്പെട്ടു. പിന്നാലെ കരാറുകാരൻ അവശേഷിക്കുന്ന നിർമാണ സാമഗ്രികളുമായി സ്ഥലംവിട്ടന്നാണ് അറിവ്. നേരത്തെയുണ്ടായിരുന്ന ഓഡിറ്റോറിയവും ശുചിമുറി ബ്ലോക്കുകളും പൊളിച്ചു നീക്കിയാണ് പുതിയ നിർമാണം തുടങ്ങിയത്. മൂന്നു ക്ലാസ് മുറികൾ, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ മുറി കൂടാതെ മുകളിൽ ഓഡിറ്റോറിയവും രണ്ടു ശുചിമുറി ബ്ലോക്കുകളാണ് ഉദ്ദേശിച്ചത്. 

2018ൽ ആദ്യത്തെ കരാറുകാരനു ശേഷം മറ്റൊരാൾ എസ്റ്റിമേറ്റ് പുതുക്കി തുടർനിർമാണം ഏറ്റെടുത്തതോടെ താഴത്തെ ക്ലാസ് മുറിയുടെ ഉയരം കുറയുകയും ബീമുകളുടെയും പില്ലറുകളുടെയും ഘനത്തിൽ കുറവു വരുകയും പ്ലാറ്റ്ഫോം സ്റ്റെപ്പുകളും ഇടനാഴിയും ഇല്ലാതായെന്നും ആരോപണം ഉയർന്നു. എന്നാൽ ഹൈസ്കൂൾ വിദ്യാർഥികൾക്കു നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ശുചിമുറി ബ്ലോക്ക് ഇനിയും യാഥാർഥ്യമായിട്ടില്ല. ഏതാണ്ട് മുന്നൂറോളം  വിദ്യാർഥികൾക്കു പരിമിതമായ ശുചിമുറികൾ മാത്രമാണുള്ളതെന്നും പരാതിയുണ്ട്. സ്തംഭനാവസ്ഥ നീക്കാൻ എംഎൽഎ അടക്കമുള്ളവർ രംഗത്ത് വരണമെന്നു ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com