ADVERTISEMENT

തിരുവനന്തപുരം ∙ കേരളീയത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയൊരുക്കി സിറ്റി പൊലീസ്. 1300 പൊലീസുകാരെയും 300 എൻസിസി വോളന്റിയർമാരെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ പദ്ധതിയാണ് കമ്മിഷണറുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നാല് എസ്പി, 11 എസിപി, 25 ഇൻസ്പെക്ടർ, 135 എസ്ഐ, 905 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, 242 വനിതാ പൊലീസ് ഉദ്യോഗസ്ഥർ,  300 എൻസിസി വോളണ്ടിയർമാർ എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചു.

ബോംബ് ഡിറ്റക്‌ഷൻ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എല്ലാ വേദികളിലും ഇടവിട്ട് പരിശോധന നടത്തുന്നുണ്ട്. മഫ്തി പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഷാഡോ പൊലീസിന്റെ സേവനവും എല്ലാ വേദികളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സിറ്റി പൊലീസിന്റെ നാല് ഡ്രോണുകൾ നിരീക്ഷണം നടത്തുന്നുണ്ട്. കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വേദികളിലും മറ്റു വേദികളിലും പൊലീസിന്റെയും സ്മാർട്ട് സിറ്റിയുടെയും സ്ഥിരം ക്യാമറകളും 270 താൽക്കാലിക സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

താൽക്കാലിക ക്യാമറ  ദൃശ്യങ്ങൾ കനകക്കുന്നിലും പുത്തരിക്കണ്ടത്തുമുള്ള പൊലീസ് കൺട്രോൾ റൂമിൽ ഇരുന്ന് തത്സമയം കാണാം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വീഥിയുമായി ചേരുന്ന എല്ലാ റോഡുകളിലും   പട്രോളിങ് ഉണ്ട്. എല്ലാ പ്രധാന വേദികളിലും പൊലീസ് എയ്ഡ് പോസ്റ്റും കനകക്കുന്ന്, പുത്തരിക്കണ്ടം എന്നിവിടങ്ങളിൽ രണ്ട് സ്പെഷൽ  കൺട്രോൾ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. 

കേരളീയത്തിലെ സന്ദർശകർക്കു സൗജന്യയാത്രയ്ക്കായി ഒരുക്കിയിരിക്കുന്ന 20 കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുന്നതിന് കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയും കനകക്കുന്നിലും പബ്ലിക് അഡ്രസ് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്.

മാലിന്യ നിർമാർജനത്തിനു ആക്‌ഷൻ പ്ലാനുമായി കോർപറേഷൻ
തിരുവനന്തപുരം ∙ കേരളീയത്തിന്റെ ഭാഗമായി മാലിന്യനിർമാർജനത്തിനു ആക്‌ഷൻ പ്ലാനുമായി കോർപറേഷൻ. കേരളീയം നടക്കുന്ന ഏരിയകളെ മൂന്നു സോണുകളായി തിരിച്ചാണ് പ്ലാൻ നടപ്പിലാക്കുന്നത്. മൂന്നു ഓഫിസർമാരുടെ മേൽനോട്ടത്തിൽ മൂന്നു സ്ക്വാഡുകൾ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. വൈകിട്ട് ആറു മുതൽ പുലർച്ചെ അഞ്ചുവരെയായിരിക്കും സ്ക്വാഡുകളുടെ പ്രവർത്തനം. 40 വേദികളെ പത്തു സോണുകളായി തിരിക്കും. ഓരോ സോണിന്റെയും ചുമതല ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നൽകും. 

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാനും   ക്യാംപെയ്നുമായി 40 വേദികളിലായി 200 ഗ്രീൻ  ആർമി വോളന്റിയർമാരെ നിയോഗിച്ചു. മാലിന്യം ശേഖരിക്കാൻ  40 വേദികളിലും 90 ഹരിതകർമസേന പ്രവർത്തകരെ നിയോഗിച്ചു. 9 വേദികളിലെ വാഷ്റൂമുകൾ വൃത്തിയാക്കാൻ രണ്ടു ഷിഫ്റ്റുകളിലായി 18 കുടുംബശ്രീ അംഗങ്ങൾ പ്രവർത്തിക്കും. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള റോഡുകളിലെ ചപ്പുചവറുകൾ മാറ്റാൻ തിരക്കേറിയ  വൈകിട്ട് ആറു മുതൽ രാത്രി പത്തു വരെയുള്ള സമയങ്ങളിൽ 100 പേരെ നിയോഗിച്ചു. 

പൊതുവിടങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കാനും വൃത്തിയാക്കാനും  120 പേരെയും  വൈകിട്ട് സാംസ്കാരിക പരിപാടികൾ നടക്കുന്ന വേദികളിൽ പുലർച്ചെയും വൈകിട്ടും വൃത്തിയാക്കാൻ 40 പേരെയും നിയോഗിച്ചു. മാലിന്യനീക്കത്തിന് പത്തു വണ്ടികളും വാടകയ്ക്ക് എടുത്തിട്ടുണ്ട്. 139 ഫുഡ് സ്റ്റാളുകളിൽ നിന്ന് ഭക്ഷണമാലിന്യം ശേഖരിക്കാൻ ആറു ഏജൻസികളെയും നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

English Summary:

Thiruvananthapuram ensures heavy security measures for the upcoming event: 1300 policemen and 300 NCC volunteers deployed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com