ADVERTISEMENT

നെയ്യാറ്റിൻകര ∙ വൈദ്യുതി വിതരണം തടസ്സപ്പെട്ടു; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയതായി പരാതി. പ്രതിഷേധവുമായി രോഗികളും ബന്ധുക്കളും. വിവരം അറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. ഇതിനിടെ സൂപ്രണ്ട് ഓഫിസിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ശസ്ത്രക്രിയ അടുത്ത തിങ്കൾ, ബുധൻ ദിവസങ്ങളിൽ നടത്തുമെന്ന് ആശുപത്രി അധികൃതർ.

ഓർത്തോ, നേത്ര വിഭാഗങ്ങളിലായി 11 ശസ്ത്രക്രിയകളാണ് മുടങ്ങിയതായി ആക്ഷേപമുള്ളത്. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകളും നടന്നില്ല. പൊടുന്നനെ, ശസ്ത്രക്രിയ മറ്റൊരു ദിവസത്തേയ്ക്കു മാറ്റിയതായി രോഗികളെയും ബന്ധുക്കളെയും അറിയിച്ചപ്പോൾ അവർ ആദ്യം അമ്പരന്നു.

പിന്നീട് കാരണം അന്വേഷിച്ചപ്പോൾ ആശുപത്രിയിലെ, കെഎസ്ഇബി സബ് സ്റ്റേഷൻ തകരാറിലെന്ന് അറിയിച്ചു. ഇതോടെ രോഗികളും ബന്ധുക്കളും പ്രതിഷേധവുമായി എത്തി. പിന്നാലെ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർ ആർ.അജിത എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു.

വിവരം അറിഞ്ഞ് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി വളപ്പിൽ മുദ്രാവാക്യം മുഴക്കി. പിന്നീട് മണ്ഡലം പ്രസിഡന്റ് തവരവിള റെജിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിന്റെ ഓഫിസിലേക്ക് തള്ളിക്കയറി. ഇതേ തുടർന്നാണ് പൊലീസെത്തി അവരെ അവിടെ നിന്ന് നീക്കിയത്. ശസ്ത്രക്രിയയ്ക്കു വേണ്ടി അനസ്തീസിയ നൽകിയ നേത്ര രോഗികളെ വരെ പറഞ്ഞു വിട്ടതായി കോൺഗ്രസ് ആരോപിച്ചു. ആശുപത്രിയുടെ പേരിൽ കോടികൾ മുടക്കിയതായി അവകാശവാദം ഉന്നയിക്കുന്നവർ ഇതൊന്നും കാണുന്നില്ലേ എന്നായി നേതാക്കളുടെ ചോദ്യം.

ഇതിനിടെ വൈദ്യുതി തടസ്സത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പഞ്ചായത്ത് അസി. എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള 11 കെവി വിതരണ ബോർഡിന്റെ തകരാറാണെന്നായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് കെഎസ്ഇബിയുടെ ഡിസ്ട്രിബ്യൂഷൻ ഭാഗത്തെ പിഴവാണെന്ന് തിരുത്തി.

ആശുപത്രിയിൽ 200 കെവി ശേഷിയുള്ള ജനറേറ്റർ ആണ് ഉള്ളതെന്ന് സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ അറിയിച്ചു. പല ഘട്ടങ്ങളിൽ ആശുപത്രി നവീകരിച്ചപ്പോൾ 200 കെവി തികയാതെ വന്നു. ഇതാണ് വൈദ്യുതി തടസ്സം ഉണ്ടായപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനു കാരണം. 400 കെവി ശേഷിയുള്ള ജനറേറ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.

സാധാരണക്കാരുടെ ആശ്രയമായ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയത് നീതീകരിക്കാൻ കഴിയില്ലെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ പറഞ്ഞു. അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ പ്രതിഷേധ മാർഗങ്ങളിലേക്ക് തിരിയുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com