ADVERTISEMENT

തിരുവനന്തപുരം ∙ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് പുതുതായി പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും നിലവിലുള്ള ലൈനുകളുടെ ശേഷി വർധിപ്പിക്കാനുമായി വകയിരുത്തിയ 3 കോടി രൂപ  കോർപറേഷൻ വകമാറ്റി. ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറും മറ്റ് ഉപകരണങ്ങളും നൽകുന്നതിന് വകയിരുത്തിയ തുകയിൽ നിന്ന് 27.42 ലക്ഷം രൂപ വെട്ടി. 97.42 ലക്ഷം രൂപയാണ് ഉൾക്കൊള്ളിച്ചിരുന്നത് എങ്കിലും പദ്ധതി നടത്തിപ്പിന് തുക 70 ലക്ഷമായി കുറച്ചു. നഗര പരിധിയിലെ വീടുകളിൽ പുതുതായി സുവിജ് കണക്‌ഷൻ നൽകുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതി പൂർണമായി ഉപേക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണ് കോർപറേഷന്റെ കടുംവെട്ട്.

സ്കൂളുകളിൽ സിസിടിവി സ്ഥാപിക്കാൻ പത്തു ലക്ഷം വകയിരുത്തിയെങ്കിലും ഈ വർഷം നടപ്പാക്കാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. ജീവിത ശൈലി രോഗ നിർണയത്തിനായി ആവിഷ്ക്കരിച്ച സ്നേഹ സ്പർശം, ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നടപ്പാക്കാൻ തീരുമാനിച്ച സുഭോജനം പദ്ധതികളും ഈ വർഷം നടപ്പാക്കാൻ കഴിയാത്തതിനാൽ ഉപേക്ഷിച്ചിരിക്കുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടിയ അന്നു മുതൽ വെറുതേ കിടക്കുന്ന വിളപ്പിൽശാലയിലെ സ്ഥലത്ത് ടൗൺഷിപ്  നിർമിക്കാനുള്ള പദ്ധതികളൊന്നും ഈ സാമ്പത്തിക വർഷം നടപ്പാകില്ലെന്ന് ഉറപ്പായി. ഹോസ്റ്റൽ നിർമാണം, കുളം നവീകരണം. റോഡ് നിർമാണം ഉൾപ്പെടെ ടൗൺഷിപ് നിർമാണത്തിന്റെ പ്രാരംഭ നടപടികളെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു. കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, എൽപി സ്കൂൾ എന്നിവയുടെ അറ്റകുറ്റപ്പണികളും ഇവിടത്തെ ടർഫ് നി‍ർമാണവും ഉപേക്ഷിച്ചു. സ്ഥലം ലഭ്യമല്ല എന്ന കാരണം പറഞ്ഞാണിത്. 40 ലക്ഷം ചെലവിൽ കിഴക്കേകോട്ടയിൽ ടേക്ക് എ ബ്രേക്ക് പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും പദ്ധതി ഭേദഗതിയിലൂടെ ഉപേക്ഷിച്ചു. 

വയോജനങ്ങൾക്ക് കട്ടിൽ നൽകാനുള്ള പദ്ധതിയിൽ നിന്ന് 25 ലക്ഷം രൂപ വെട്ടിമാറ്റി. അഡീഷനൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായ പദ്ധതിക്ക് 51.23 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ലൈഫ് ഭവന പദ്ധതിക്ക് വസ്തു വാങ്ങാനുള്ള തുകയിൽ 1.48 കോടി കുറച്ചു. 19.45 കോടിയാണ് ആദ്യം വകയിരുത്തിയത്. പട്ടികജാതി വിഭാഗക്കാരുടെ വീട് വാസ യോഗ്യമാക്കാൻ വകയിരുത്തിയ തുകയിൽ നിന്ന് അരക്കോടി രൂപ കുറച്ചു. ഗുണഭോക്താക്കളുടെ എണ്ണക്കുറവ് കാരണം മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും നൽകാനുള്ള പദ്ധതിക്ക് വകയിരുത്തിയ തുക പൂർണമായി വകമാറ്റി. സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേന സൗജന്യ ഡയാലിസിസ് പദ്ധതിക്കായി വകയിരുത്തിയ 50 ലക്ഷം രൂപ പത്തു ലക്ഷമാക്കി കുറച്ചിട്ടുണ്ട്. വാർഷിക പദ്ധതിയിൽ എല്ലാ സാമ്പത്തിക വർഷവും ഭേദഗതി വരുത്താറുണ്ടെന്നാണ് ഭരണസമിതിയുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com