ADVERTISEMENT

തിരുവനന്തപുരം∙ ദീപാവലിക്ക് പൊട്ടിച്ച പടക്കങ്ങളുടെ ശബ്ദം കേട്ട് ഭയന്ന് പല വീടുകളിലെയും വളർത്തു നായ്ക്കൾ വീടു വിട്ടു. 2 ദിവസമായി നേരിട്ടും സമൂഹമാധ്യമങ്ങളിലും തിരഞ്ഞ് ഉടമകളുടെ നെട്ടോട്ടം. ചില നായ്ക്കൾ പേടി മാറി സ്വയം വീട് കണ്ടെത്തി മടങ്ങിയെത്തി. വാട്സാപ് ഗ്രൂപ്പുകളുടെ സഹായത്തോടെ ചിലർ തന്റെ അരുമ മൃഗങ്ങളെ കണ്ടെത്തി വീട്ടിലെത്തിച്ചു. വീടുവിട്ട് ഓടി എത്തിയ നായ്ക്കളെ ചിലർ ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. 

കാണാതായ 
വളർത്തുനായയെ തേടി 
സമൂഹമാധ്യമങ്ങളിൽ വന്ന സന്ദേശം
കാണാതായ വളർത്തുനായയെ തേടി സമൂഹമാധ്യമങ്ങളിൽ വന്ന സന്ദേശം

എന്നാൽ ഇനിയും ഒരു വിവരവും ലഭിക്കാത്ത നായ്ക്കളും ഉണ്ട്. ദീപാവലി ദിനത്തിന്റെ പിറ്റേന്ന് രാവിലെ മുതൽ തന്നെ മൃഗസ്നേഹികളുടെ വാട്സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമ പേജുകളിലുമായി സഹായ മെസേജുകൾ എത്തിത്തുടങ്ങി. വീടുവിട്ടു പോയ നായ്ക്കളെ അന്വേഷിച്ചായിരുന്നു അവയെല്ലാം.നായയുടെ ഫോട്ടോ, ഇനം, കാണാതായ സ്ഥലം, കണ്ടെത്തിയാൽ അറിയിക്കേണ്ട നമ്പർ, ഏത് പേരിനോടാണ് പ്രതികരിക്കുക തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് മെസേജുകൾ. 

പടക്കങ്ങളുടെ ശബ്ദം കേട്ട് ഭയപ്പെട്ട ലാബ് ഇനത്തിൽ പെട്ട നായ ശ്രീകാര്യത്തെ കടയ്ക്കുള്ളിൽ ഒരുദിവസം കഴിച്ചുകൂട്ടി. തുടർന്ന് ഇവന്റെ ഉടമയെ തേടിയും ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ സന്ദേശം എത്തി. ഓടിയെത്തിയ നായ്ക്കളെ തിരികെ ഏൽപിക്കാനുള്ള ശ്രമവും മൃഗസ്നേഹികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലായി ഒട്ടേറെ നായ്ക്കൾ വീടു വിട്ടു പോയി എന്നാണ് ഇവർ പറയുന്നത്. പട്ടം–കേശവദാസപുരം റോഡിലായി രണ്ടു ദിവസമായി ഒരു വളർത്തുനായ അലഞ്ഞുതിരി‍ഞ്ഞു നടപ്പുണ്ട്. ഭക്ഷണം കൊടുക്കാൻ പലരും ശ്രമിച്ചെങ്കിലും കഴിക്കാൻ കൂട്ടാക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com