ADVERTISEMENT

തിരുവനന്തപുരം ∙ നഗരത്തിന്റെ  സൗന്ദര്യം മറച്ച് അനുമതിയില്ലാതെ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചതിനു കോർപറേഷന്റെ പരാതിയിൽ 7 കേസ് പൊലീസ് റജിസ്റ്റർ ചെയ്തു. ​അതതു പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ സ്ഥാപിച്ചിരുന്ന 368 ബോർഡുകൾ നീക്കം ചെയ്ത ശേഷമാണ് കോർപറേഷൻ പൊലീസിൽ പരാതി നൽകിയത്. 

ഈ വർഷം ജനുവരി മുതൽ നഗരത്തിന്റെ വിവിധ സ്ഥാപിച്ചിരുന്ന 4227 ഫ്ലെക്സ് ബോർഡുകൾ നീക്കിയെങ്കിലും അനധികൃതമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡുകൾക്കും ഹോർഡിങ്ങുകൾക്കും എതിരെ ഹൈക്കോടതി കർശന നടപടികൾ സ്വീകരിച്ചു തുടങ്ങിയ ശേഷമാണ് കോർപറേഷൻ നിയമ നടപടികൾ ആരംഭിച്ചത്. ‌മ്യൂസിയം, പേട്ട, വഞ്ചിയൂർ, കരമന, പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. 

നിയമ നടപടികൾ സ്വീകരിക്കാനായി 286 ബോർഡുകളുടെ വിവരങ്ങൾ കൂടി കോർപറേഷൻ കൈമാറിയിട്ടുണ്ട്. ഇന്നോ നാളെയോ കേസ് റജിസ്റ്റർ ചെയ്യും. മെഡിക്കൽ കോളജ്, പേരൂർക്കട, വട്ടിയൂർക്കാവ്, ശ്രീകാര്യം, പോത്തൻകോട്, മണ്ണന്തല സ്റ്റേഷനുകളുടെ പരിധിയിൽ നിന്നും അനധികൃത ഫ്ലെക്സ് ബോർഡുകൾ കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തിരുന്നു. ഫ്ലെക്സ് ബോർഡുകളും ഹോർഡിങ്ങുകളും സ്ഥാപിക്കുന്നതിന് കർശന വ്യവസ്ഥകൾ അടങ്ങിയ നിയമാവലി കോർപറേഷൻ കൗൺസിൽ പാസാക്കിയിട്ടുണ്ട്.

സ്ഥാപിക്കുന്നതിന് മു‍ൻപ് അനുമതി വാങ്ങണമെന്നും പരിപാടി കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യണമെന്നും നിയമാവലിയിൽ നിർദേശിച്ചിട്ടുണ്ട്. കോർപറേഷൻ നീക്കുകയാണെങ്കിൽ ചെലവ് ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നവരിൽ രാഷ്ട്രീയ പാർട്ടികളും സർക്കാർ വകുപ്പുകളും കൂടുതലായതോടെ നടപടിക്ക് കോർപറേഷന്റെ മുട്ടിടിച്ചു.

കേരളീയം പോലുള്ള പരിപാടികളുടെ പ്രചരണാർഥം സ്ഥാപിച്ച കൂറ്റൻ ബോർഡുകൾ പോലും അനുമതിയില്ലാതെ സ്ഥാപിച്ചിട്ടും കോർപറേഷൻ അനങ്ങിയിരുന്നില്ല.  മുൻപ് നിരത്തുകൾ നിറയെ അനധികൃത ബോർഡുകൾ കണ്ട് തലസ്ഥാനത്ത് ഔദ്യോഗിക പരിപാടിക്കെത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ക്ഷുഭിതനായി കോർപറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com