ADVERTISEMENT

തിരുവനന്തപുരം ∙ ത്രീ... ടൂ... വൺ... കൗണ്ട്ഡൗൺ പൂർത്തിയായതും, തുമ്പ കടപ്പുറത്തെ വിക്ഷേപണത്തറയിൽ നിന്ന് ആർഎച്ച് 200 റോക്കറ്റ് കുതിച്ചുയർന്നു. ഇന്നലെ തുമ്പയിൽ വിക്ഷേപണത്തിനു മുൻപുയർന്ന അതേ ശബ്ദം തന്നെയായിരുന്നു 60 വർഷം മുൻപ് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനും മുഴങ്ങിയത്– പ്രമോദ് കാലെയുടെ ശബ്ദം. 1963 നവംബർ 21 ന് വൈകിട്ട് 6.25 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടേൾസ്) നിന്ന് അമേരിക്കൻ നിർമിത റോക്കറ്റ് ‘നൈക്കി അപ്പാച്ചി’ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിനു തുടക്കം കുറിച്ച നിമിഷത്തിലും പ്രമോദ് കാലെ ആണ് കൗണ്ട്ഡൗൺ നടത്തിയത്.

പ്രമോദ് കാലെ മാത്രമല്ല, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി വിയർപ്പൊഴുക്കിയ മുൻതലമുറയുടെ സംഗമം കൂടിയായി വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്‌സി) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ജി.മാധവൻ നായർ മുതൽ വിവിധ കാലഘട്ടങ്ങളിൽ വിഎസ്എസ്‌സിയിൽ ജോലി ചെയ്തിരുന്ന സാധാരണ ജീവനക്കാർ വരെ പരിപാടിയുടെ ഭാഗമായി. വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും ചരിത്രനിമിഷത്തിനു സാക്ഷികളായി.

thiruvananthapuram-60th-anniversary-of-indias-first-rocket-launch-
ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ 60–ാം വാർഷികം കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യുന്നു. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ, എച്ച്എസ്എഫ്‌സി ഡയറക്ടർ എം.മോഹൻ, എസ്എച്ച്എആർ ഡയറക്ടർ എ.രാജരാജൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, എൽപിഎസ്‌സി ഡയറക്ടർ ഡോ.വി.നാരായണൻ, ഐഐഎസ്‌യു ഡയറക്ടർ ഇ.എസ്.പത്മകുമാർ എന്നിവർ സമീപം. ചിത്രം : മനോരമ

ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിലൂടെ ബഹിരാകാശ ഗവേഷണത്തിനു തുടക്കം കുറിച്ചതിന്റെ അറുപതാം വർഷത്തിൽ തന്നെ ‘ചന്ദ്രയാൻ–3’ ദൗത്യത്തിലൂടെ ഇന്ത്യ ചന്ദ്രനിൽ ഇറങ്ങിയത് അഭിമാനകരമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ചടങ്ങു തന്നെ ആ ബഹിരാകാശ വിജയത്തിന്റെ ആഘോഷത്തിനു വേണ്ടിയായിരുന്നുവെന്നതും മന്ത്രി ഓർമിച്ചു.

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ, ഡപ്യൂട്ടി ഡയറക്ടർ എൻ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ചാൻസലർ ഡോ.ബി.എൻ.സുരേഷ്, സ്പേസ് ഫിസിക്സ് ലബോറട്ടറി മുൻ ഡയറക്ടർ പ്രഫ.ആർ.ശ്രീധരൻ എന്നിവർ ക്ലാസ് നയിച്ചു.

സൂര്യനെ കുറിച്ചു പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ‘ആദിത്യ എൽ1 ’ പേടകം ജനുവരി 7ന് ലക്ഷ്യസ്ഥാനത്ത്: സോമനാഥ്
തിരുവനന്തപുരം ∙ സൂര്യനെ കുറിച്ചു പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ എൽ1 പേടകം 2024 ജനുവരി 7 ന് ലക്ഷ്യസ്ഥാനമായ സൂര്യനും ഭൂമിക്കും ഇടയിലെ  ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1 പോയിന്റ്) എത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ വിക്ഷേപണം (ജിഎക്സ്) 2024 ഏപ്രിലിനു മുൻപ് വിക്ഷേപിക്കും.

ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികർ ഉൾപ്പെടുന്ന ക്രൂ മൊഡ്യൂൾ സുരക്ഷിതമായി ഇറക്കാനുള്ള 4 പരീക്ഷണ ദൗത്യങ്ങളിൽ രണ്ടാമത്തേത് (ടിവി–ഡി2) ജിഎക്സ് ദൗത്യത്തിനു മുൻപു നടത്താനാണു ശ്രമമെന്നും സോമനാഥ് പറഞ്ഞു. വിക്ഷേപണ വാഹനത്തിന്റെ ദ്രവ ഇന്ധന മോട്ടർ നിർമിച്ചു. ക്രയോജനിക് മോട്ടർ അടുത്ത മാസം പൂർത്തിയാകുമെന്ന് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ ഡോ.വി.നാരായണൻ പറഞ്ഞു. 

ആദ്യഘട്ട മോട്ടറുകൾ റോക്കറ്റിൽ ഘടിപ്പിച്ചു കഴിഞ്ഞു. ക്രൂ മൊഡ്യൂളിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും സോമനാഥ് പറഞ്ഞു. ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) സാങ്കേതികവിദ്യ കൈമാറ്റത്തിനു ചുരുക്കപ്പട്ടികയിലുള്ള കമ്പനികളിൽ നിന്ന് ഒരെണ്ണം ഉടൻ തിരഞ്ഞെടുക്കും. തമിഴ്നാട്ടിൽ തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്ത് ചെറു ഉപഗ്രഹ വിക്ഷേപണകേന്ദ്രം നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലാണ്. നിർമാണത്തിന് അടുത്ത മാസം ടെൻഡർ നൽകും 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.

സ്വകാര്യ മേഖലയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ലാർസൻ ആൻഡ് ടൂബ്രോയും (എൽ ആൻഡ് ടി) ചേർന്നുള്ള കൺസോർഷ്യം നിർമിക്കുന്ന പിഎസ്എൽവി എൻ1 റോക്കറ്റിന്റെ വിക്ഷേപണം 2024 ഒക്ടോബറിൽ നടക്കും.  സ്വകാര്യ മേഖലയുടെ വരവോടെ ഉപഗ്രഹ നിർമാണ, വിക്ഷേപണ ഹബ് ആയി ഇന്ത്യ മാറും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ അതു പ്രധാന പങ്കു വഹിക്കുമെന്നും സോമനാഥ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com