ADVERTISEMENT

കഴക്കൂട്ടം∙ ദേശീയ പാതയിൽ കാര്യവട്ടം ജംക്‌ഷൻ മുതൽ കഴക്കൂട്ടം അമ്പലത്തിൻകര വരെയുള്ള നടപ്പാത കയ്യേറി സ്ഥാപിച്ച കടകളെ നഗരസഭാ അധികൃതർ എത്തി എടുത്തു മാറ്റി. രണ്ടു കിലോമീറ്ററോളം വരുന്ന റോഡിനിരുവശത്തും 2017 മുതൽ നടപ്പാത കൈയേറി പെട്ടി കടകൾ മറ്റും സ്ഥാപിക്കുകയായിരുന്നു.നഗരസഭയുടെ മുൻ ഭരണ സമിതി കൈയേറ്റക്കാർക്ക് അനുകൂലമായ നയം സ്വീകരിക്കുകയും വൈദ്യുത കണക്ഷൻ നൽകുവാനുള്ള നടപടികൾ പോലും ചർച്ച ചെയ്തിരുന്നതായി ആരോപണവും ഉണ്ടായിരുന്നു. 

 ചിലർക്ക് വഴിയോട കച്ചവടം നടത്തുവാനുള്ള ലൈസൻസും നഗരസഭ നൽകിയിരുന്നു .എന്നാൽ ഏതാനും വർഷങ്ങളായി കാര്യവട്ടം ക്യാംപസിനു മുൻവശം മുതൽ കാര്യവട്ടം വരെ കൂണുകൾ പോലെ കടകൾ ഉയർന്നു പൊങ്ങി. രണ്ടു വർഷം മുൻപ് ദേശീയ പാത അധികൃതർ കാര്യവട്ടത്തെ ബിഎസ്എൻഎൽ ഓഫിസ് മുതൽ യൂണിവേഴ്സിറ്റി ക്യംപസിന്റെ മുൻവശം വരെ നടപ്പാത തറയോട് പാകി ഭംഗിയാക്കുകയും വശങ്ങളിൽ ഇരുമ്പു പൈപ്പ് കൊണ്ട് വേലികെട്ടി തറയോട് പാകുകയും ചെയ്തിരുന്നു .

രാവിലെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാൻ എത്തുന്ന നൂറ് കണക്കിനാളുകളുടെ സൗകര്യത്തിനു വേണ്ടി ദേശീയപാതാ അധികൃതർ ഇങ്ങനെ ചെയ്തത്. എന്നാൽ ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച തട്ടുകടക്കാരിൽ ചിലർ ദേശീയപാതാ അധികൃതർ സ്ഥാപിച്ച ഇരുമ്പു പൈപ്പ് മുറിച്ചു മാറ്റി അതു വഴി അകത്ത് കടക്കാൻ വഴിയുണ്ടാക്കി. ഇതിനെതിരെ ദേശീയപാത അധികൃതർ കടകളിൽ നോട്ടിസ് ഒട്ടിച്ചെങ്കിലും ഭരണകക്ഷിയിലെ ചില ഉന്നതരുടെ ഇടപെടലിനെ തുടർന്ന് കട ഒഴിപ്പിക്കാനായില്ല.

 നടപ്പാത കൈയേറി പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതിനെതിരെ ക്യാംപസ് അധികൃതരും നാട്ടുകാരും നഗരസഭക്കും ദേശീയപാത അധികൃതർക്ക് പരാതി നൽകിയിരുന്നു . നഗരസഭാ കഴക്കൂട്ടം സോണൽ ഓഫിസ് 2017 മുതൽ നടപ്പാത കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നതായി പറയുന്നു.  കഴക്കൂട്ടം സോണൽ ഓഫിസ് കഴക്കൂട്ടം ശ്രീകാര്യം കഴക്കൂട്ടം പൊലീസിന്റെ സഹായത്തോടെയാണ് പൊളിച്ചു മാറ്റിയത്. നൂറിലധികം തട്ടുകടകൾ പൊളിച്ചു മാറ്റിയിട്ടുണ്ട്. ഡിസംബർ ഒന്നിന് ആയുഷിന്റെ രാജ്യാന്തര സെമിനാർ ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com