ഔട്ടർ റിങ് റോഡ്; 8 പ്രധാന കേന്ദ്രങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളാക്കും
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാനത്ത് ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി 8 കേന്ദ്രങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളായി വികസിപ്പിക്കുന്ന പദ്ധതിക്കു രൂപമായി. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയും തേക്കട മുതൽ മംഗലാപുരം വരെയും ആകെ 414.56 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 34,000 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുകയും 8 പ്രധാന കേന്ദ്രങ്ങളെ വ്യത്യസ്ത വ്യവസായ, സാമ്പത്തിക മേഖലകളായി വികസിപ്പിക്കുകയുമാണ് ലക്ഷ്യം.
തലസ്ഥാന മേഖല വികസന പദ്ധതിയുടെ ഭാഗമായാണ് വികസന മേഖലകൾ രൂപീകരിക്കുക. ഇതിന് ആവശ്യമായ ഭൂമി ലാൻഡ് പൂളിങ്ങിലൂടെ ലഭ്യമാക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഔട്ടർ റിങ് റോഡിന്റെ ഭാഗമായി 5000 കോടി രൂപയുടെ വ്യവസായ ഇടനാഴി പദ്ധതി പ്രഖ്യാപിക്കുകയും 1000 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ആകെ 60000 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ വരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
സാമ്പത്തിക വികസന മേഖലകൾ
∙ കോവളം (4.01 ചതുരശ്ര കിലോമീറ്റർ) – ആരോഗ്യ ടൂറിസം ഹബ്
∙ വിഴിഞ്ഞം (6.3 ച.കി.മീ)– ലോജിസ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള വ്യവസായ ടൗൺഷിപ്
∙ കാട്ടാക്കട (7.37 ച.കി.മീ) – ഗ്രീൻ ആൻഡ് സ്മാർട് വ്യവസായ ക്ലസ്റ്റർ
∙ നെടുമങ്ങാട് (5.58 ച.കി.മീ) – പ്രാദേശിക വ്യാപാരങ്ങളുടെയും സ്ഥാപനങ്ങളുടെയും ഹബ്
∙ വെമ്പായം (7.47 ച.കി.മീ) – മരുന്നിന്റെയും ഭക്ഷ്യവസ്തുക്കളുടെയും സംസ്കരണ ക്ലസ്റ്റർ
∙ മംഗലാപുരം (6.37 ച.കി.മീ) – ലൈഫ് സയൻസിന്റെയും ഐടിയുെടയും ഹബ്
∙ കിളിമാനൂർ (5.28 ച.കി.മീ) – കാർഷിക, ഭക്ഷ്യ സംസ്കരണ ഉപകരണങ്ങൾ
∙ കല്ലമ്പലം (8.28 ച.കി.മീ) – കാർഷിക, ഭക്ഷ്യ സംസ്കരണം.
∙ തലസ്ഥാനത്തു പുതിയ ടൗൺഷിപ്
തലസ്ഥാനത്ത് ടെക്നോപാർക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ നിയോപൊളിസ് ടൗൺഷിപ് നിർമിക്കുന്നതിന് കേന്ദ്ര സർക്കാരിനു ശുപാർശ നൽകിയിട്ടുണ്ട്. രാജ്യത്തെ 8 കേന്ദ്രങ്ങളിൽ 1000 കോടി രൂപ മുതൽ മുടക്കിൽ ടൗൺഷിപ്പുകൾ നിർമിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി തലസ്ഥാനത്തു നേടിയെടുക്കാനാണ് ശ്രമം. ഇതിനായി ടെക്നോപാർക് മൂന്നാം ഘട്ടത്തിൽ ഒഴിഞ്ഞു കിടക്കുന്ന 158 ഹെക്ടർ ഭൂമിയിൽ നിയോപൊളിസ് ടൗൺഷിപ് നിർമിക്കാനുള്ള രൂപരേഖയാണ് കേന്ദ്രത്തിനു നൽകിയത്. കേന്ദ്രം അംഗീകാരം നൽകിയാൽ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയവ ഉൾപ്പെടുന്ന ടൗൺഷിപ് വരും.