ഇലക്ട്രിക് ബസ് രാജ്ഭവനു മുന്നിലെ ഡിവൈഡറിൽ ഇടിച്ചു; കൂറ്റൻ ലോറി വഴിയിൽ കുടുങ്ങി

Mail This Article
തിരുവനന്തപുരം ∙ ബാറ്ററി ചാർജ് ചെയ്ത് തിരികെ വരുന്നതിനിടെ കെഎസ്ആർടിസി ഇലക്ട്രിക് ബസ് രാജ്ഭവനു മുന്നിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു നിന്നു. ബസ് വഴി മുടക്കിയതിനെ തുടർന്ന് വിഎസ്എസ്‍സിലേക്ക് പോകാനായി എത്തിയ കൂറ്റൻ വാഹനം കവടിയാർ കടക്കാൻ കഴിയാതെ വെള്ളയമ്പലത്ത് കുടുങ്ങി. മറ്റു വാഹനങ്ങളും വഴിതിരിച്ചുവിട്ടു.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പേരൂർക്കട ബസ് ഡിപ്പോയിൽ നിന്ന് ബാറ്ററി ചാർജ് ചെയ്ത ശേഷം കിഴക്കേകോട്ടയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാജ് ഭവന്റെ പ്രധാ നഗേറ്റിന് മുന്നിൽ ബസ് റോഡിനു കുറുകെ കിടന്നു.
ഈ സമയം വട്ടിയൂർക്കാവ് വിഎസ്എസ്‍സി സ്റ്റേഷനിലേക്ക് യന്ത്ര ഭാഗങ്ങൾ കയറ്റാനായി പോകുകയായിരുന്നു കൂറ്റൻ ലോറി. ലോറിക്ക് പോകാൻ വഴി തടസ്സമായതോടെ പൊലീസ് എത്തി ഗതാഗതം മുഴുവനായി വഴി തിരിച്ചു വിട്ടു. ഇടിയുടെ ആഘാതത്തിൽ ഡിവൈഡറിലെ വൈദ്യുത പോസ്റ്റ് തകർന്നു. ബസിന്റെ മുൻ ചക്രങ്ങൾ രണ്ടും ഇളകി മാറി. രാത്രി വൈകിയും ബസ് റോഡിൽനിന്നു മാറ്റാൻ പൊലീസ് ശ്രമം തുടർന്നു. ബസിൽ ആളില്ലാത്തിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവറും കണ്ടക്ടറും മെഡിക്കൽ കോളജിൽ ചികിത്സ തേടി.