ഇന്ധനത്തിന് വകയില്ലാതെ ഓട്ടം നിലച്ച് പൊലീസ് സ്റ്റേഷൻ വാഹനങ്ങൾ
Mail This Article
പാലോട് ∙ ഓടിയെത്തി ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ ഇന്ധനത്തിന് വകയില്ലാതെ ഓട്ടം നിലച്ചു ‘ഓഫ് ദ് റോഡാണ്’. നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട്, പാലോട്, വിതുര, പൊൻമുടി, വലിയമല സ്റ്റേഷനുകളിൽ രണ്ടാഴ്ചയിലേറെയായി ഇന്ധനം ലഭിക്കുന്നില്ലെന്നും സ്റ്റേഷനുകളിലെ വാഹനങ്ങൾ കട്ടപ്പുറത്താണെന്നും പറയുന്നു. പ്രസ്തുത സ്റ്റേഷനുകളിൽ എണ്ണയടിച്ച വകയിൽ ഏകദേശം 10 ലക്ഷത്തിലേറെ രൂപ പമ്പുകൾക്ക് കൊടുക്കാനുണ്ടെന്നാണ് പറയുന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്നാണ് പണം നൽകുന്നത്. അതു രണ്ടാഴ്ചയായി നൽകാതെ വന്നതോടെ പമ്പുകൾ എണ്ണ കടമായി നൽകുന്നില്ല. വിവിധ സ്റ്റേഷനുകളിൽ നിന്നും ജില്ലാ ഓഫിസിൽ സ്ഥിതി വിശേഷം അറിയിച്ചിട്ടും പരിഹാരമില്ല. എന്നാൽ ഇന്ധനമില്ലെന്ന കാരണത്താൽ ഓടാതിരുന്നാൽ പണി പിന്നാലെ വരുമെന്ന ഭയത്താൽ അത്യാവശ്യ ഓട്ടങ്ങൾക്ക് പൊലീസുകാർ സ്വന്തം കീശയിൽ നിന്നാണ് പണം മുടക്കുന്നത്.
നൈറ്റ് പട്രോളിങ് അടക്കം നിലച്ചിരിക്കുകയാണ്. നല്ലൊരു തുക ഇതിനകം എസ്എച്ച്ഒമാരുടെയും പല പൊലീസുകാരുടെയും കയ്യിൽ നിന്നും ചെലവായിട്ടുണ്ട്. മുകളിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് ഓരോ സ്റ്റേഷനിൽ നിന്ന് നിയമ ലംഘനം ഒളിക്യാമറയിൽ ഒപ്പിയെടുത്തു അയയ്ക്കുന്നതുവഴി ലക്ഷക്കണക്കിന് രൂപയാണ് പെറ്റിയിനത്തിൽ സർക്കാരിലേക്ക് എത്തുന്നത്.
എണ്ണയില്ലെന്ന കാരണത്താൽ സംഭവ സ്ഥലങ്ങളിൽ ഓടിയെത്താതിരുന്നാൽ പണി ഉറപ്പാണ്. വല്ലാത്ത വിഷമസന്ധിയിലാണ് പൊലീസുകാർ. മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ മാത്രമല്ല മിക്കയിടത്തും ഇതാണ് അവസ്ഥയെന്നു പറയുന്നു. ജനസദസ്സിനായി അനാവശ്യ അകമ്പടി വാഹനങ്ങൾ അടക്കം ‘ഓൺ ദ് റോഡി’ൽ തലങ്ങും വിലങ്ങും പായുന്നത് വിവാദമാകുമ്പോഴും ജനത്തെ പിഴിഞ്ഞു ഒളിക്കാമറയിലൂടെയും അല്ലാത്ത കാമറയിലൂടെയും ലക്ഷങ്ങളുടെ പെറ്റി വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സർക്കാരിലേക്ക് ഒഴുകിയെത്തുമ്പോഴാണ് ഈ അവസ്ഥ.