ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കാര്യവട്ടം എൽഎൻസിപിഇയും എസ്എൻ കോളജ് പുനലൂരും. തിരുവനന്തപുരം എൽഎൻസിപിഇ 99 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി. ഒരു പോയിന്റ് വ്യത്യാസത്തിൽ 98 പോയിന്റോടെ എസ്എൻ കോളജ് പുനലൂർ തൊട്ടുപിന്നിലുണ്ട്. 76 പോയിന്റ് നേടി എസ്ഡി കോളജ് ആലപ്പുഴയാണ് മൂന്നാം സ്ഥാനത്ത്. അഞ്ചൽ സെന്റ് ജോൺസ് (59), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (56) പോയിന്റുമായി നാലും അഞ്ചും സ്ഥാനത്താണ്.

നിലവിലെ ചാംപ്യന്മാരായ മാർ ഇവാനിയോസ് തിരുവനന്തപുരം 50 പോയിന്റോടെ 7–ാം സ്ഥാനത്താണ്. മീറ്റ് ഇന്ന് സമാപിക്കും. മീറ്റിലെ ആവേശകരമായ 110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ ആലപ്പുഴ എസ്ഡി കോളജിലെ ടി.എം.അശ്വിൻ ഒന്നാമതെത്തി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ എൽഎൻസിപിഇയിലെ അനുഷ്കാ ഉപാധ്യായ സ്വർണമണിഞ്ഞു. 

തിരുവവന്തപുരത്ത് കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 4–100 മീറ്റർ റിലേയിൽ ജേതാക്കളായ മുകുന്ദൻ, ജോമോൻ ജോയ്, ജോയ്.കെ.സൈമൺ, മുഹമ്മദ് ബാസിൻ, ടികെഎം കോളജ് കൊല്ലം.
തിരുവവന്തപുരത്ത് കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 4–100 മീറ്റർ റിലേയിൽ ജേതാക്കളായ മുകുന്ദൻ, ജോമോൻ ജോയ്, ജോയ്.കെ.സൈമൺ, മുഹമ്മദ് ബാസിൻ, ടികെഎം കോളജ് കൊല്ലം.

സ്വപ്നം വെട്ടിത്തെളിച്ച് ശിവപ്രസാദിന് ഇരട്ടസ്വർണം
തിരുവനന്തപുരം ∙ സ്വപ്നം മാത്രമല്ല, ജീവിതം കൂടി ചേർത്തുപിടിച്ചാണ് അഞ്ചൽ സെന്റ് ജോൺസ് കോളജിനെ പ്രതിനിധീകരിച്ച് പി.ശിവപ്രസാദ് മൈതാനത്തേക്ക് ഇറങ്ങിയത്. പ്രതീക്ഷക​ൾക്ക് മാറ്റുകൂട്ടുന്ന വിജയവുമായാ‌ണ് മടങ്ങി വരവ്. കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ ഹാഫ് മാരത്തൺ, 5000 മീറ്റർ എന്നീ പുരുഷ വിഭാഗം ഇനങ്ങളിൽ സ്വർണം നേടിയ ശിവപ്രസാദ് ഇരട്ട നേട്ടം കൈവരിച്ചു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുള്ള കുതിപ്പിലാണ് ശിവപ്രസാദ്.

അമ്മ രാധാമണി തൊഴിലുറപ്പ് തൊഴിലാളിയാണ്. അച്ഛൻ ഉപേക്ഷിച്ചുപോയ കുടുംബം ഒരാളുടെ വരുമാനത്തിൽ മാത്രം മുന്നോട്ട് പോകാൻ ആകില്ലെന്നു മനസ്സിലാക്കിയ ശിവപ്രസാദ് ഒഴിവു സമയങ്ങളിൽ കൂലിപ്പണി ചെയ്തും കാടു വെട്ടിതെളിക്കുന്ന പണിക്കു പോയുമാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. കോളജ് അധ്യാപികയാണ് ഉച്ചഭക്ഷണം സ്പോൺസർ ചെയ്യുന്നത്. ബിഎ മലയാളം രണ്ടാംവർഷ വിദ്യാർഥിയാണ്. അടുത്ത വർഷം മഹാരാഷ്ട്രയിൽ നടക്കുന്ന ഇന്റർ വാഴ്സിറ്റി മീറ്റിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ശിവപ്രസാദ്.

തിരുവവന്തപുരത്ത് കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 4–100 മീറ്റർ റിലേയിൽ ജേതാക്കളായ എസ്എൻ കോളജ് പുനലൂർ ടീം അംഗങ്ങളായ ഹർഷ, ടിഷി, ശിൽപ, ബിസ്മി എന്നിവർ.
തിരുവവന്തപുരത്ത് കേരള സർവകലാശാല അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 4–100 മീറ്റർ റിലേയിൽ ജേതാക്കളായ എസ്എൻ കോളജ് പുനലൂർ ടീം അംഗങ്ങളായ ഹർഷ, ടിഷി, ശിൽപ, ബിസ്മി എന്നിവർ.

വെറും ഒരു മണിക്കൂർ; ട്രിപ്പിളടിച്ച് ജോമോൻ 
തിരുവനന്തപുരം∙ ഒരു മണിക്കൂറിനുള്ളിൽ  3 സ്വർണം നേടി ഇന്നലത്തെ മിന്നും താരമായി കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ ജോമോൻ ജോയി.  ഹൈ ജംപ്, ലോങ് ജംപ്, 4x100 മീറ്റർ റിലേ ഇനങ്ങളിലാണ് ജോമോൻ മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണം അടിച്ചെടുത്തത്. ഹൈജംപിലും ലോങ് ജംപിലും മത്സരിക്കാനായിരുന്നുഉച്ചയോടെ ജോമോൻ സ്റ്റേഡിയത്തിലെത്തിയത്.

എന്നാൽ  രണ്ട് മത്സരവും ഒരേ സമയം. ആദ്യം ഹൈജംപിൽ മത്സരിക്കാൻ തീരുമാനിച്ചു. 2.06 മീറ്റർ ചാടി സ്വർണം ഉറപ്പിച്ചു. ആദ്യ സ്വർണ നേട്ടത്തിൽ ഇരിക്കുമ്പോൾ ലോങ് ജംപിനുള്ള അവസാന ശ്രമങ്ങൾക്കുള്ള വിളിയെത്തി. അവിടെയും ചാട്ടം സ്വർണത്തിലേക്ക്. 4X100 മീറ്ററിലെ മത്സരത്തിനുള്ള അനൗൺസമെന്റ്. അവിടെയും സ്വർണം. കക്കാകുന്ന് ശൂരനാട് സൗത്തിൽ  ലോട്ടറി കച്ചവടക്കാരൻ ജോയിക്കുട്ടിയുടെയും അങ്കണവാടി ജീവനക്കാരി കുഞ്ഞുമോളുടെയും മകനാണ് ജോമോൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com