ADVERTISEMENT

തിരുവനന്തപുരം∙ തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരും ജീവനക്കാരും തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ്, ശബരിമല തീർഥാടകരെ കയ്യേറ്റം ചെയ്ത നടപടി വിവാദത്തിൽ. തീർഥാടകരെ പൊലീസ് കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വെള്ളി രാത്രി 10.30ന് പുറപ്പെടേണ്ട ബസ് 11.30 ആയിട്ടും പുറപ്പെടാത്തതിന്റെ പേരിലാണ് യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായതെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു.

വൈകുന്നതിന്റെ കാര്യമന്വേഷിച്ചപ്പോൾ ഫ്രണ്ട് ഓഫിസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ യാത്രക്കാരോട് തട്ടിക്കയറി. യാത്രക്കാരിൽ ചിലർ ഇതു ചോദ്യം ചെയ്തതോടെ ജീവനക്കാർ സംഘടിച്ചു യാത്രക്കാർക്കെതിരെ തിരിഞ്ഞു. ഇതിനിടെ ഡിപ്പോയിലെ ഡ്രൈവർ അസഭ്യം പറഞ്ഞതോടെ പ്രശ്നം രൂക്ഷമായി. ഇതു കയ്യാങ്കളിയായതോടെയാണ് പൊലീസിനെ വിളിച്ചത്.തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് എഎസ്ഐയും 2 കോൺസ്റ്റബിൾമാരും സ്ഥലത്തെത്തിയതോടെ ജീവനക്കാർ പിരിഞ്ഞുപോയി. 

ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ബസിൽ കയറാതെ നിന്നു. ഇതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് തീർഥാടകർ ഉൾപ്പെടെയുള്ളവരെ ബസിൽ കയറ്റിയത്. എതിർത്തവരെ പൊലീസ് അസഭ്യം പറഞ്ഞതായും യാത്രക്കാർ പറഞ്ഞു. കെഎസ്ആർടിസി അധികൃതരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കെഎസ്ആർടിസി ജീവനക്കാരന്റെ പെരുമാറ്റം അതിരു കടന്നതാണു പ്രശ്നമായതെന്നും സംഘർഷം ഒഴിവാക്കാനാണ് തീർഥാടകരെ ബലംപ്രയോഗിച്ച് ബസ്സിൽ കയറ്റിയതെ‌ന്നും ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com