ADVERTISEMENT

പാറശാല∙സഹകരണ സംഘത്തിൽ നിന്നു ഒന്നേകാൽ കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കേസിൽ സഹകരണ മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിൽ. കാരോട് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് സജിത്ത്, സെക്രട്ടറി മനു എന്നിവർ ആണ് പിടിയിലായത്. 2018–19 വർഷങ്ങളിൽ ആണ് ക്രമക്കേട് കണ്ടെത്തിയത്. നിക്ഷേപകർ അറിയാതെ തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കൽ, ചിട്ടി, സംഘത്തിൽ ജോലി വാഗ്ദാനം ചെയ്തു തുക വാങ്ങി തുടങ്ങിയ മാർഗങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. 

പിടിയിലായ പ്രതികളും സ്ഥാപനത്തിലെ ഒരു വനിത ജീവനക്കാരി അടക്കം മൂന്നു പേർക്ക് ക്രമക്കേടുകളിൽ പങ്കുണ്ടെന്നാണ് പെ‍ാലീസ് കണ്ടെത്തൽ. ഏതാനും നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിയപ്പോൾ തുകയിൽ കുറവ് കാണപ്പെട്ടതിനെ തുടർന്നാണ് ആദ്യ പരാതി പെ‍ാലീസിനും സഹകരണ വകുപ്പിനും ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 80 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. പെ‍ാലീസ് അന്വേഷണം മുറുകിയതോടെ പ്രസിഡന്റ് സ്ഥാനം രാജി വച്ച് സജിത്ത് വിദേശത്തേക്ക് പോയി.  അന്വേഷണത്തിൽ ക്രമക്കേട് ഒന്നേകാൽ കോടിയോളം ഉയർന്നു. ഇതോടെ നിലവിലെ ഭരണസമിതി അന്വേഷണം ആവശ്യപ്പെട്ട് പെ‍ാഴിയൂർ പെ‍ാലീസിൽ പരാതി നൽകി. സംഘം നടത്തിയ അഞ്ച് ലക്ഷം രൂപയുടെ ചിട്ടിയുടെ മറവിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. 

50 പേരെ ചേർത്ത് നടത്തേണ്ട ചിട്ടിയിൽ ആകെയുള്ള പത്ത് അംഗങ്ങളിൽ ഭൂരിഭാഗവും പ്രതികളുടെ ബെനാമികൾ ആയിരുന്നു. അറസ്റ്റിലായ ഒരാളുടെ ബന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് അൻപത്താറു ലക്ഷം രൂപ വരെ പല ഘട്ടത്തിൽ പിൻവലിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. നിക്ഷേപകരുടെ തുക ആണ് ബന്ധുവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ജോലി നൽകാം എന്ന പേരിൽ ഒട്ടേറെ പേരിൽ നിന്നു ഇരുവരും എട്ട് ലക്ഷത്തോളം രൂപ വരെ വാങ്ങിയിട്ടുണ്ട്. 

നിക്ഷേപകരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നേടി വിദേശത്തേക്ക് പോയ പ്രതികൾ തിരിച്ചെത്തി നാട്ടിൽ കരാർ ജോലികളും നഗരത്തിൽ ധനകാര്യ സ്ഥാപനവും നടത്തി വരികയായിരുന്നു. അടുത്തിടെ കേസ് അവസാനിപ്പിക്കാൻ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചതോടെ നടന്ന അന്വേഷണത്തിൽ കീഴ്ക്കോടതിയിൽ തീർക്കേണ്ട കേസ് എത്തിയതിന്റെ കാരണം നിരീക്ഷിച്ച ബെഞ്ച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പെ‍ാലീസിനു നിർദേശം നൽകുക ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com