ADVERTISEMENT

തിരുവനന്തപുരം ∙ മരുഭൂമി മണ്ണ്, ചുവന്നതും മഞ്ഞ നിറത്തിലുമുള്ള മണ്ണ്, കറുത്ത മണ്ണ് അങ്ങനെ നമ്മുടെ രാജ്യത്ത് പ്രധാനമായുള്ള മണ്ണ് ഇനങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടോ ? പഠനകാലത്ത് പുസ്തകങ്ങളിലൂടെ മനസ്സിലാക്കിയും ഫോട്ടോകളിൽ കണ്ടും മാത്രം പരിചയപ്പെട്ട മണ്ണിനങ്ങളും അവയുടെ പ്രത്യേകതകളും നേരിട്ടറിയാൻ അവസരം ഒരുക്കുകയാണ് തലസ്ഥാനത്തു പാറോട്ടുകോണത്ത് പ്രവർത്തിക്കുന്ന സംസ്ഥാന സോയിൽ മ്യൂസിയം ആൻഡ് സോയിൽ ഇൻഫർമേഷൻ സെന്റർ. സംസ്ഥാന മണ്ണ് സംരക്ഷണ പര്യവേക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ സ്ഥാപനം രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്.

വിജ്ഞാനകേന്ദ്രം 
∙ വിദ്യാർഥികൾ മുതൽ കർഷകർ, ഗവേഷകർ വരെ എല്ലാ പേർക്കും ഒരു പോലെ വിജ്ഞാനപ്രദമാണ് ഇവിടം. കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന മണ്ണിനങ്ങളുടെ പരിഛേദികകൾ അതായത് മേൽമണ്ണ് തൊട്ട് രണ്ടു മീറ്റർ താഴ്ച വരെ പ്രകൃതിയിൽ മണ്ണ് എങ്ങനെ നിലനിൽക്കുന്നു അതു പോലെയാണ് സോയിൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത് . കൂടാതെ ഇന്ത്യൻ മണ്ണിനങ്ങളുടെ സ്ഥിരം പരിഛേദികകളും (20 എണ്ണം) മനസ്സിലാക്കാം.

ഇവ ഓരോന്നും രാജ്യത്തെ 20 കാർഷിക പരിസ്ഥിതി മേഖലയെ പ്രതിനിധികരിക്കുന്നു. മണ്ണ് സംരക്ഷണം, ജലസേചനം, നീർത്തടം, മണ്ണ് മലിനീകരണം എന്നിവയുടെ മാതൃകകൾ, കേരളത്തിലെ പാറകളുടെയും ധാതുക്കളുടെയും ശേഖരം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.‌‌ മണ്ണിനെ സംബന്ധിച്ച് കർഷകന് അറിവ് പകരുന്ന വിജ്ഞാന ഫലകങ്ങളും വിഡിയോകളും സന്ദർശകർക്കായി പ്രദർശിപ്പിക്കുന്നു.

ഇന്ത്യൻ മണ്ണ്
 ഹിമാലയൻ മേഖലയായ ലഡാക്ക് , ചൂടു കൂടിയ വരണ്ട പ്രദേശമായ രാജസ്ഥാൻ, ഡക്കാൻ പീഠ ഭൂമി, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡീഷ, മിസോറം, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച് തയാറാക്കിയ മണ്ണ് പരിഛേദികകളാണ് സോയിൽ മ്യൂസിയത്തിൽ പുതുതായി പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ഇവ ഓരോന്നിന്റെയും രാസഭൗതികഗുണങ്ങൾ എന്നിവയും അറിയാം.

മ്യൂസിയം എവിടെ ?
തിരുവനന്തപുരം എംസി റോഡിൽ പരുത്തിപ്പാറ പാണൻവിള ജംക്‌ഷനിൽ നിന്നും 700 മീറ്റർ മാറി പാറോട്ടുകോണത്താണ് സംസ്ഥാന സോയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം.  സ്കൂൾ വിദ്യാർഥികൾക്ക് 30 രൂപ, കോളജ് വിദ്യാർഥികൾക്ക് 40 രൂപ, പൊതുജനങ്ങൾക്ക് 50 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.  സംഘമായി എത്തുന്നവർക്ക് പ്രത്യേക പരിഗണന ഉണ്ട്.

സോയിൽ  ഇൻഫർമേഷൻ  സെന്റർ
∙ മ്യൂസിയത്തിലെ സോയിൽ ഇൻഫർമേഷൻ സെന്ററിൽ മണ്ണിനെ സംബന്ധിക്കുന്ന വിവിധ ആധികാരിക ഗ്രന്ഥങ്ങൾ, മണ്ണ് ഭൂവിഭവ റിപ്പോർട്ടുകൾ, ലഘു പ്രസിദ്ധീകരണങ്ങൾ എന്നിവ ലഭ്യമാണ്. സന്ദർശകർക്ക് ഇതു റഫറൻസിനും പ്രയോജനപ്പെടുത്താം.

ലോക മണ്ണ് ദിനാചരണം:  ഇന്ന് സംസ്ഥാനതല ഉദ്ഘാടനം
 മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പേയാട് കൊല്ലംകോണത്ത് ഓൺലൈനായി മന്ത്രി പി.പ്രസാദ് നിർവഹിക്കും. ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷനാകും. മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പരിപാടികൾ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com