ADVERTISEMENT

തിരുവനന്തപുരം∙ ഭൂമിയിലെ ഏറ്റവും മനോഹരമായ വൈകുന്നേരം ഇന്നലെ കനകക്കുന്നിലാവണം. പൂർണ നിലാവ് പരത്തി മാനത്തെ അമ്പിളി കനകക്കുന്നിൽ ഉദിച്ചുയർന്ന കാഴ്ച കാണാൻ വൈകിട്ടു മുതൽ ഇന്നു പുലർച്ചെ 4 വരെ കുട്ടികളും ശാസ്ത്രകുതുകികളുമായ ആയിരങ്ങളെത്തി. ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറം ഒരുക്കിയ, കലയും ശാസ്ത്രവും സമന്വയിച്ച കൂറ്റൻ ചാന്ദ്രമാതൃകയുടെ കലാപ്രദർശനമായ ‘മ്യൂസിയം ഓഫ് ദ് മൂൺ’ ആണ് ശ്രദ്ധ നേടിയത്. ‌

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവര്‍. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവര്‍. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ

 ജനുവരിയിലെ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്കു മുന്നോടിയായാണ് പ്രദർശനം നടന്നത്. ചാന്ദ്ര മിത്തുകളെപ്പറ്റിയുള്ള ചർച്ചകളും കാവ്യാലാപനവും നടന്നു. ‘ദി റീഡിങ്ങ് റൂം, സ്കെച് വാക്കുമായി ‘ഡിസൈനർ കമ്യൂണിറ്റി’, രാത്രികാല ഫൊട്ടോഗ്രഫിയുമായി ‘ദി ഡൈയിങ്  ആർട് കലക്ടീവ്’ എന്നിവരും നിലാവുദിച്ച രാവിനെ സജീവമാക്കി. കാണികൾക്കായി സെൽഫി മൽസരവും നടന്നു.

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവരുടെ തിരക്ക്. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവരുടെ തിരക്ക്. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ

ആധുനിക ഗവേഷണത്തിനൊപ്പം കണ്ടുപിടുത്തങ്ങളെ ഉൽപന്നമാക്കാൻ കഴിയുന്ന കാര്യങ്ങൾക്കാണു സയൻസ് പാർക്കുകളിലൂടെ കേരളം ലക്ഷ്യമിടുന്നതെന്നു പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വി.കെ.പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് ഡോ. എം.സി ദത്തൻ, കലക്ടർ ജെറോമിക് ജോർജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയും സയൻസ് ഫെസ്റ്റിവൽ ജനറൽ കൺവീനറുമായ ഡോ. കെ.പി. സുധീർ, ഡോ. എസ്. പ്രദീപ് കുമാർ, ഡോ. വൈശാഖൻ തമ്പി, ഡോ. ജി.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. 

ഇതുവരെ ലോകത്ത് പ്രദർശനം കണ്ടത് 2 കോടിയിലേറെ ആളുകൾ 
‘നിങ്ങൾ ഈ അമ്പിളി മാമനെ പിടിച്ചു വച്ചിരിക്കുന്നതെന്തിനാ? ആ പാവത്തെ വിട്ടയക്കില്ലേ..? ഒരു പ്രദർശന വേദിയിൽ ഒരു കുട്ടി കൗതുകത്തോടെ ആരാഞ്ഞ ചോദ്യമാണ് കനകക്കുന്നിൽ എത്തിയവരോട് ലൂക്ക് ജെറം പങ്കുവച്ചത്. കുട്ടികളെപ്പോലെ ചന്ദ്രനോടുള്ള കൗതുകമാണ് ഈ കലാസംരംഭത്തിനു പ്രേരണയായത്. വർഷങ്ങളുടെ പരിശ്രമവും അധ്വാനവും വേണ്ടിവന്നു. ഇതുവരെ ലോകത്തു 2 കോടിയിലേറെ ആളുകൾ പ്രദർശനം കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ വഴി പകർത്തിയ ചിത്രങ്ങളാണ് ലൂക്ക് ജെറം ഉപയോഗിച്ചത്.

തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവരുടെ തിരക്ക്. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവരുടെ തിരക്ക്. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ

അമേരിക്കയിലെ അസ്‌ട്രോണമി സയൻസ് സെന്ററിൽ  ഇവ ഹൈ റസലൂഷൻ ചിത്രമാക്കി മാറ്റി. കലാസൃഷ്ടിയുടെ ഓരോ സെന്റീമീറ്ററും 5 കിലോമീറ്റർ  ചന്ദ്രോപരിതലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. 3 നില  കെട്ടിടത്തിന്റെ ഉയരത്തിൽ ഭൂമിയിൽ നിന്ന് കാണാനാകാത്ത ചന്ദ്രോപരിതലത്തിന്റെ മറുപുറം കൂടി ഉൾപ്പെടുത്തി ഗോളാകൃതിയിൽ തൊട്ടടുത്തു കാണുംവിധം സ്ഥാപിച്ചു. 7 മീറ്റർ വ്യാസമുള്ള ചാന്ദ്രഗോളം പൗർണമി ചന്ദ്രനായി പ്രകാശം വിതറി കൺമുന്നിൽ നിറഞ്ഞത് കാണികൾ ക്യാമറയിലും ഫോണുകളിലും പകർത്തി. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതം അകമ്പടിയായി അലയടിച്ചു.

English Summary:

Kanakakunnu's Magical Moonlit Night: A Spectacle of Art and Science Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com