ADVERTISEMENT

തിരുവനന്തപുരം∙ കനകക്കുന്നിൽ ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാൻ കഴിയാത്തവർ നിരാശരാകേണ്ടി വരില്ല. ജനുവരി 15 മുതൽ ഒരു മാസക്കാലം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ഈ കലാസൃഷ്ടി പ്രദർശിപ്പിക്കും. ഇതു രൂപകൽപന ചെയ്ത ബ്രിട്ടിഷ് ആർട്ടിസ്റ്റ് ലൂക്ക് ജെറമും വേദിയിലുണ്ടാകും. അദ്ദേഹവുമായി ആശയവിനിമയത്തിനും സൗകര്യമുണ്ടാകുമെന്നു ഫെസ്റ്റിവൽ ഡയറക്ടർ ഡോ. ജി. അജിത് കുമാർ അറിയിച്ചു. ചൊവ്വ ഗ്രഹത്തെ അടിസ്ഥാനമാക്കിയ ലൂക്ക് ജെറമിന്റെ മറ്റൊരു അദ്ഭുത കലാസൃഷ്ടിയും ഇവിടേക്ക് ഒരുങ്ങുകയാണ്. ചൊവ്വയുടെ സവിശേഷതകളെല്ലാം ഉൾപ്പെടുത്തിയുള്ളതാകും ലൂക്ക് ജെറമിന്റെ കലാസൃഷ്ടി. ഒരു ലക്ഷത്തോളം പേർ കനകക്കുന്നിൽ ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കണ്ടു.  

2.5 ലക്ഷം ചതുരശ്ര അടിയിൽ പവിലിയൻ 
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ കെഎസ്ഐഡിസിയും അമ്യൂസിയം ആർട് സയൻസും ചേർന്നാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സാണ് പ്രധാന ആകർഷണം. കെഎസ്ഐഡിസിയുടെ 20 ഏക്കർ സ്ഥലത്ത് 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവിലിയൻ തയാറായി വരുന്നു. ജർമൻ, യുഎസ് കോൺസുലേറ്റുകളും ബ്രിട്ടിഷ് കൗൺസിൽ, അമേരിക്കയിലെ സ്മിത്ത് സോണിയൻ സെന്റർ, യുകെ. സയൻസ് മ്യൂസിയം, കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ സർവകലാശാല, ഐസർ, ബെംഗളൂരുവിലെ വിശ്വേശ്വരയ്യ മ്യൂസിയം, സ്റ്റാർട്ടപ് മിഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയും ഫെസ്റ്റിവലിൽ പങ്കാളികളാണ്.

അമ്പരപ്പിച്ച് തിരക്ക്
‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവരുടെ തിരക്ക് അദ്ഭുതപ്പെടുത്തിയെന്നു ലൂക്ക് ജെറം.‘തിരുവനന്തപുരം ശരിക്കും അമ്പരപ്പിച്ചു. വലിയ ആൾക്കൂട്ടത്തിനിടയിൽ ഗാർഡനിലൂടെ നടക്കുന്നതു തന്നെ ശ്രമകരമായിരുന്നു. അംഗ രക്ഷകരെപ്പോലെ 5 പേർ ചുറ്റിലും നിന്നു സെൽഫിയെടുക്കാനും ഒരുപാടു പേരുണ്ടായിരുന്നു. ഈ നഗരത്തിന് ഏറെ നന്ദി’. ജെറം സാമൂഹിക മാധ്യമത്തിൽ ചിത്രങ്ങൾക്കൊപ്പം കുറിപ്പു പങ്കുവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com