പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി മരങ്ങളിൽ ദീപാലങ്കാരം
Mail This Article
തിരുവനന്തപുരം∙ പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്കു ഭീഷണിയായി മരങ്ങളിലെ ദീപാലങ്കാരങ്ങൾ. കേരളീയം പരിപാടിയുടെ ഭാഗമായി നഗരത്തിലെ പല ഭാഗത്തും മരങ്ങളിലൊരുക്കിയ ദീപാലങ്കാരം ഇപ്പോഴും അഴിച്ചിട്ടില്ല. ഇതുമൂലം പക്ഷികളുടെ വാസസ്ഥലം നഷ്ടപ്പെടുന്നതായി പരിസ്ഥിതി പ്രേമികളും പക്ഷി പ്രേമികളുമാണ് ആരോപിക്കുന്നത്.
ശാസ്തമംഗലം ജംക്‌ഷൻ, മ്യൂസിയം റോഡ് എന്നിവിടങ്ങളിലെല്ലാമാണു കേരളീയത്തോടനുബന്ധിച്ചു ദീപാലങ്കാരം ചെയ്തത്. ഇവയിൽ പലതും പിന്നീട് അഴിച്ചുമാറ്റിയില്ല. ഇതിനെതിരെയാണു പക്ഷി പ്രേമികളുടെ പ്രതിഷേധം. ഇരുളും വെളിച്ചവും പ്രകൃതിദത്തമാണെന്നും രണ്ടുമുണ്ടെങ്കിൽ മാത്രമേ പ്രകൃതിദത്തമായ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും ഇവർ പറയുന്നു.നഗരത്തിൽ ഒട്ടേറെ മൂങ്ങകളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. രാത്രി മുഴുവൻ വെളിച്ചമുള്ളത് ഇവയ്ക്കു പ്രയാസമുണ്ടാക്കും. മരങ്ങളിലെ അമിതവെളിച്ചം ദേശാടനപ്പക്ഷികളുടെ വഴി തെറ്റിക്കുമെന്നും അഭിപ്രായമുണ്ട്.പ്രതിഷേധം ഉയർന്നതോടെ മരങ്ങളിലെ ദീപാലങ്കാരം ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.