ADVERTISEMENT

കിളിമാനൂർ∙ പദ്ധതി ഏറ്റെടുക്കുന്നതിനു മുൻപ് അനിവാര്യമായി വേണ്ടിയിരുന്ന മുന്നൊരുക്കങ്ങൾ നടത്താതെ നിർമാണം തുടങ്ങിയതു കാരണം ജില്ല പഞ്ചായത്തിന്റെ പോങ്ങനാട് വെന്നിച്ചിറ നീന്തൽ കുളം പദ്ധതി ഉപേക്ഷിച്ച നിലയിൽ. ജില്ല പഞ്ചായത്ത് ബഹു വർഷ പ്രോജക്ടിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ ഒരു കോടി രുപയാണ് അനുവദിച്ചത്. 26.09.2019ൽ  എഗ്രിമെന്റ് വച്ച് 8 മാസം കൊണ്ട് പൂർത്തിയാകേണ്ട  പദ്ധതി നാല് വർഷം പിന്നിട്ടിട്ടും ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയില്ല. വെന്നിച്ചിറ കുളത്തിന്റെ വടക്ക് ഭാഗത്ത് സ്വിമ്മിങ് പൂൾ, കലക്‌ഷൻ ‍ടാങ്ക്, പൂളിലേക്ക് ആക്സസ്, റോഡ്, റസ്റ്റ് റും എന്നിവ നിർമിക്കാനാണ് കരാർ നൽകിയത്. ആക്സസറി കെട്ടിടം നിർമിക്കാനുള്ള സൗകര്യത്തിനായി കലക്‌ഷൻ ടാങ്ക് തറ നിരപ്പിനു താഴെ ആണ് ഉദേശിച്ചിരുന്നത്. ഇതുവരെ നടത്തിയ പണികൾക്കായി മൂന്നു ബില്ലുകളിലായി 79,42,696 രൂപ ബില്ലുകൾ നൽകിയിട്ടുണ്ട്. 79 ലക്ഷത്തിൽ അധികം രൂപ ചെലവഴിച്ചു എങ്കിലും പൂളിന്റെ നിർമാണം പൂർത്തിയാക്കിയിട്ടില്ല. റസ്റ്റ് റൂം, ആക്സസറി കെട്ടിടം, പൂളിലേക്കുള്ള റോഡ്, മറ്റ് ഫിനിഷിങ് ജോലികൾ എന്നിവ ബാക്കിയുണ്ട്. 

മുൻ ജില്ല പഞ്ചായത്തിന്റെ കാലത്ത് നിർമാണം തുടങ്ങി അവസാനിച്ച നീന്തൽ കുളത്തിന്റെ നിർമാണം പൂർത്തിയാക്കാൻ തുടർന്നു വന്ന ജില്ല പഞ്ചായത്ത് കമ്മിറ്റി തുക വകയിരുത്തിട്ടില്ല. കിളിമാനൂർ പഞ്ചായത്തിൽ പോങ്ങനാട് ടൗണിനു സമീപത്താണ് വെന്നിച്ചിറ കുളം. ഏകദേശം ഒന്നര ഏക്കറോളം വിസ്തീർണം ഉള്ള കുളത്തിൽ സ്വിമ്മിങ് പൂളിന്റെ നിർമാണം തുടങ്ങുന്നതിനു മുൻപ് രാവിലെയും വൈകിട്ടും നൂറിലധികം കുട്ടികൾ നീന്തൽ പരിശീലനം നടത്തി വന്നിരുന്നു. ഇവർക്കും വരും തലമുറയ്ക്കും മികച്ച നീന്തൽ പരിശീലനം നടത്തുന്നതിനു വേണ്ടിയാണ് ഒരു കോടി രൂപ മുടക്കി സ്വിമ്മിങ് പൂൾ നിർമിക്കാൻ ജില്ല പഞ്ചായത്ത് ഇറങ്ങി പുറപ്പെട്ടത്. പൂൾ നിർമിച്ചതും ഇല്ല, നേരത്തെ ഉണ്ടായിരുന്ന നീന്തൽ പരിശീലനം നിലയ്ക്കുകയും ചെയ്തു. പൂൾ ഇപ്പോൾ കൊതുകുകളുടെ കേന്ദ്രമായി മാറി.

പ്രദേശത്തുള്ള നൂറ് കണക്കിനു ആളുകൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും  വെന്നിച്ചിറ കുളത്തെ ആശ്രയിച്ചിരുന്നു.  നിർമാണം മുടങ്ങിയതോടെ കുളത്തിൽ പായൽ വളർന്നു ഉപയോഗ ശൂന്യമായി. ചുറ്റാകെ കാട് വളർന്നതോടെ കുളത്തിലേക്ക് പോയി വരാൻ  വഴിയും  ഇല്ലാതെയായി . ബഹു വർഷ പ്രോജക്ട് ആയി നിർമാണം തുടങ്ങിയ വെന്നിച്ചിറ നീന്തൽ കുളത്തിന്റെ നിർമാണം പൂർത്തിയാക്കാൻ തുടർന്നു വന്ന ജില്ല പഞ്ചായത്ത് കമ്മിറ്റി മൂന്നു വർഷമായി തുക വകയിരുത്താത്തത് കിളിമാനൂർ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായതു കൊണ്ടാണെന്നും  നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com