ADVERTISEMENT

നെടുമങ്ങാട്∙ സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം നെടുമങ്ങാട് ഗവ: ജിഎച്ച്എസ്എസിലെ വിദ്യാർഥിനികളെ, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിക്ക് പഠനം ഉപേക്ഷിച്ച്, ശക്തമായ വെയിലുള്ള സമയത്ത് ഫ്ലക്സും പിടിച്ച് ടൗണിലൂടെ വിളംബര ജാഥ നടത്തുകയും ടൗൺ ചുറ്റി വരുന്ന സമയം മഴ ഏറ്റ് കുട്ടികൾ നനഞ്ഞതായും പരാതി. സ്കൂൾ പഠന സമയത്ത് പാഠ്യേതര വിഷയങ്ങളിലും, ജാഥകളിലും വിദ്യാർഥികളെ പങ്കെടുപ്പിക്കരുത് എന്ന് സർക്കാർ ഉത്തരവ് നിലനിൽക്കവെയാണ് രാഷ്ട്രീയക്കാരായ ചില അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും ഈ നിയമവിരുദ്ധ നടപടി എന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് കുറ്റപ്പെടുത്തി.

ഇതിനു പുറമേ വിളംബര ജാഥയ്ക്കു ശേഷം നെടുമങ്ങാട് ആലിന്റെ ചുവട്ടിലും, നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിലും യാതൊരു വിധ മുൻ കരുതലും ഇല്ലാതെ നവകേരള സദസ്സിന്റെ ഫ്ലാഷ് മോബ് നടത്തിയതായും പരാതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 19 വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ വിദ്യാർഥിനികളെ കൊണ്ട് ഫ്ലാഷ് മോബ് നടത്തുവാനാണ് ഇവരുടെ തീരുമാനമെന്നും താഹിർ പറഞ്ഞു. സ്കൂൾ വിദ്യാർഥികളെ നവ കേരള സദസ്സിന്റ പ്രചാരണത്തിന് ഉപയോഗിക്കുവാനുള്ള നടപടിയിൽ നിന്നും പിന്മാറണമെന്നും താഹിർ, അധികാരികളോട് ആവശ്യപ്പെട്ടു.

ഒരുക്കങ്ങൾ വിലയിരുത്തി കലക്ടർ
കാട്ടാക്കട ∙ നവകേരള സദസ്സ് നടക്കുന്ന കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ കലക്ടർ ജെറോമിക് ജോർജ് സന്ദർശനം നടത്തി. സദസ്സിനു മുന്നോടിയായി നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് വിലയിരുത്തിയ ശേഷം ഉദ്യോഗസ്ഥർക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകി.കോളജിന്റെ പ്രധാന കവാടത്തിൽ അടുത്തിടെ സ്ഥാപിച്ച ആർച്ച് ഗേറ്റിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാനും നവകേരള സദസ്സിനു ശേഷം തിരികെ സ്ഥാപിക്കാനും മോട്ടൊർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

ആർച്ച് ഗേറ്റ് പൂർണമായി പൊളിച്ച് നീക്കേണ്ടിവരില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. 2 ദിവസം മുൻപ് ലോ ഫ്ലോർ ബസ് ഉപയോഗിച്ച് ട്രയൽ റൺ നടത്തിയിരുന്നു. ഈ സമയം ആർച്ച് ഗേറ്റിന്റെ വശങ്ങളിൽ ബസ് ഉരഞ്ഞ് ഗേറ്റിനു കേട് സംഭവിച്ചു. സംഘാടക സമിതി കൺവീനർ ഡെപ്യൂട്ടി കലക്ടർ യു.ഷീജബീഗം,പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു. 22നാണ് കാട്ടാക്കട നിയോജക മണ്ഡലം നവകേരള സദസ്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com