ADVERTISEMENT

തിരുവനന്തപുരം ∙ ജനങ്ങൾക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനു സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പിന്റെ റിപ്പോർട്ട്. ജില്ലാ, സർക്കിൾ ഓഫിസുകളിലെ ഉദ്യോഗസ്ഥർക്ക് ഒട്ടേറെ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അതിനാൽ സ്ഥലപരിശോധന നടത്താതെ രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണ് ലൈസൻസും റജിസ്ട്രേഷനും അനുവദിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ തയാറാക്കുന്ന ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഒരറിവുമില്ല. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ സ്ഥാപനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുകയല്ലാതെ, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഒന്നും ചെയ്യുന്നില്ല. 

ഹൈറിസ്ക് വിഭാഗത്തിലുള്ള ഹോട്ടൽ, ബേക്കറി എന്നിവയുടെ മാത്രമേ പ്രീ ലൈസൻസ് പരിശോധന നടത്തുന്നുള്ളൂ. അതും എല്ലായിടത്തും നടക്കുന്നില്ല. ലൈസൻസ് എടുത്തോ, പുതുക്കുന്നുണ്ടോ എന്നിവ പരിശോധിക്കാത്തതിനാൽ വകുപ്പിനു വൻതോതിൽ റവന്യു നഷ്ടം ഉണ്ടാകുന്നുണ്ട്. ഒരു ഉത്തരവാദിത്തവും നിറവേറ്റാനുള്ള മനുഷ്യ വിഭവശേഷിയോ ഭൗതിക സൗകര്യങ്ങളോ വകുപ്പിന് ഇല്ല. ജില്ലകളിൽ അസി.കമ്മിഷണറാണ് മേധാവി. ഈ ഉദ്യോഗസ്ഥനെ സഹായിക്കാൻ മതിയായ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയമിക്കുന്നില്ല. സർക്കിൾ ഓഫിസിലുള്ളവരെ ജില്ലാ ഓഫിസുകളിൽ നിയോഗിക്കുന്നതു 2 ഓഫിസുകളുടെയും  പ്രവർത്തനത്തെ ബാധിക്കുന്നു. പുതുതായി നിയമനം ലഭിച്ച ക്ലാർക്കുമാരെയാണു ജില്ലാ ഓഫിസുകൾ നിയമിക്കുന്നത്.

ഇവർക്കു സർവീസ് ചട്ടങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ല. ക്ലാർക്കുമാരെ നിയന്ത്രിക്കാൻ മിനിസ്റ്റീരിയൽ വിഭാഗത്തിനു സൂപ്പർവൈസറി തസ്തികയില്ല. ഭരണപരമായ കാര്യങ്ങളിൽ അസി.കമ്മിഷണറുടെ അനുഭവക്കുറവും കൂടിയാകുമ്പോൾ ജില്ലാ ഓഫിസിന്റെ താളം എല്ലാ അർഥത്തിലും തെറ്റുന്നു. മറ്റു വകുപ്പുകളിൽ രണ്ടാം ഗസറ്റഡ് ഓഫിസർമാരാണു ജില്ലാ മേധാവികളാകുന്നതെങ്കിൽ ഭക്ഷ്യസുരക്ഷാവകുപ്പിൽ ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥർക്കാണു ചുമതല. മറ്റു വകുപ്പുകളിലെ മേധാവികൾ പദവിയിൽ താഴെയുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ജില്ലാ മേധാവിയുടെ അഭിപ്രായങ്ങൾ അംഗീകരിക്കാറില്ല.  എൻഫോഴ്സ്മെന്റിൽ 533 തസ്തികകളും അനലറ്റിക്കൽ വിഭാഗത്തിൽ 192 തസ്തികകളും ഉൾപ്പെടെ ആകെ 725 തസ്തികകളാണുള്ളത്. ഓഫിസുകൾ–163. 2022–23വലെ വരുമാനം 28.94 കോടി രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com