തലസ്ഥാനത്തോടു യാത്ര പറഞ്ഞു; കാനത്തിന് നാടിന്റെ ഹൃദയസലാം
Mail This Article
തിരുവനന്തപുരം ∙ അരനൂറ്റാണ്ടിലേറെ കയ്യിലേന്തിയ ചെങ്കൊടി പുതച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) തലസ്ഥാനത്തോടു യാത്ര പറഞ്ഞു. എംസി റോഡിലൂടെ കോട്ടയത്തേക്കുള്ള വഴിയിൽ തടിച്ചുകൂടിയവരെല്ലാം പ്രിയനേതാവിനു വിട ചൊല്ലി. വെള്ളിയാഴ്ച കൊച്ചിയിൽ അന്തരിച്ച കാനം രാജേന്ദ്രന്റെ സംസ്കാരം ഇന്നു 11നു വാഴൂർ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നവീകരണത്തിനായി പൊളിച്ചതിനാൽ എംഎൻ സ്മാരകത്തിൽനിന്ന് അന്ത്യയാത്രയ്ക്കിറങ്ങാൻ കാനത്തിനായില്ല. ജനറൽ സെക്രട്ടറിയായിരിക്കെ കാനം പണി കഴിപ്പിച്ച എഐടിയുസി സംസ്ഥാന കമ്മിറ്റി ഓഫിസിനായിരുന്നു ആ നിയോഗം. ഇടതുപക്ഷ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലയുറപ്പിച്ച നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ പാർട്ടിയും പക്ഷവും നോക്കാതെ തലസ്ഥാനത്തെ നേതൃനിര ഒഴുകിയെത്തി. ആദ്യമെത്തി കാത്തിരുന്നവരിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനുമുണ്ടായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പ്രത്യേക വിമാനത്തിലാണു രാവിലെ പത്തേകാലോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, ബിനോയ് വിശ്വം എംപി, കാനത്തിന്റെ മകൻ സന്ദീപ് എന്നിവർ വിമാനത്തിൽ അനുഗമിച്ചു. പന്ന്യൻ രവീന്ദ്രനും കെ.പ്രകാശ് ബാബുവുമടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം അനേകം വാഹനങ്ങളുടെ അകമ്പടിയിലാണു പട്ടത്തെ പിഎസ് സ്മാരകത്തിലെത്തിച്ചത്. 3 മണിക്കൂർ പൊതുദർശനം. രണ്ടേകാലോടെ കെഎസ്ആർടിസി ബസിൽ എംസി റോഡിലേക്കിറങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി എംസി റോഡിലെ ഇരുപതോളം കേന്ദ്രങ്ങളിൽ പൊതുദർശനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി, ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവർ പട്ടത്തെ എഐടിയുസി ഓഫിസിലെത്തി അന്തിമോപചാരമർപ്പിച്ചു.