യാത്രക്കാരെ വഴിതെറ്റിച്ച് കാരോട് ബൈപാസ്; വ്യക്തമായ ദിശാബോർഡുകൾ ഇല്ലാത്തത് പ്രതിസന്ധി
Mail This Article
പാറശാല∙കാരോട് ബൈപാസിൽ വ്യക്തമായ ദിശാബോർഡുകൾ ഇല്ലാത്തത് വാഹന യാത്രക്കാരെ വഴി തെറ്റിക്കുന്നു. പാത അവസാനിക്കുന്ന ചെങ്കവിള ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ വലിപ്പം കുറഞ്ഞതും രണ്ട് റോഡുകൾ നിലവിലുള്ളതിലെ ആശയക്കുഴപ്പവും ആണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് അടക്കം വഴി തെറ്റാൻ കാരണം. തിരുവനന്തപുരം ഭാഗത്ത് നിന്നും തമിഴ്നാട്ടിലേക്ക് പോകേണ്ട റോഡ് അവസാനിക്കുന്ന ഭാഗത്ത് ദിശാസൂചിക നൽകി നാഗർകോവിൽ, കന്യാകുമാരി എന്നീ രണ്ട് ചെറിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടിലേക്ക് പോകേണ്ട മുകളിൽ സ്ഥിതി ചെയ്യുന്ന സർവീസ് റോഡ് ഒറ്റനോട്ടത്തിൽ കാണാൻ കഴിയാത്തതിനാൽ ഡ്രൈവർമാർ കൂടുതലും തിരിയുന്നത് വീണ്ടും ബൈപാസിലേക്ക് ആണ്.
വഴി തെറ്റിയത് അറിയാതെ കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോഴാണു പിഴവ് മനസ്സിലാക്കുന്നത്. ബൈപാസിന്റെ അവസാന ഭാഗത്തു വലതു വശത്തേക്ക് തിരിഞ്ഞു സർവീസ് റോഡിൽ കയറി പാറശാല–ഉൗരമ്പ് റോഡിലേക്ക് കടന്ന് കിണറ്റുമുക്ക് വഴി വേണം തമിഴ്നാട് ഭാഗത്തേക്ക് പോകേണ്ടത്. വിജനമായ പാതയിൽ കാൽനട യാത്രികർ കുറവായതിനാൽ വഴി ചോദിക്കാൻ പോലും കഴിയില്ല. ശബരിമല സീസൺ ആരംഭിച്ചതോടെ നൂറുകണക്കിനു വാഹനങ്ങൾ ആണ് ബൈപാസ് വഴി സഞ്ചരിക്കുന്നത്. ഉയർന്ന ടോൾ നിരക്ക് നൽകി യാത്ര ചെയ്യുന്ന വാഹന യാത്രികർക്ക് പരമാവധി സൗകര്യം നൽകേണ്ട സ്ഥാനത്താണ് വഴി തെറ്റിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത്. പാതയുടെ അവസാന ഭാഗത്തെ അവ്യക്തതകൾ ഒഴിവാക്കി വിവിധ ഭാഷകളിൽ ബോർഡ് സ്ഥാപിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.