ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിൽ അതിരാവിലെ മുതൽ ആരംഭിച്ച മഴയിൽ ഗതാഗത കുരുക്കും വെള്ളക്കെട്ടും . കുന്നുകുഴിയിൽ മരവും വള്ളിപടർപ്പുകളും വീണു. ഇത് ചെങ്കൽച്ചൂളയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി നീക്കം ചെയ്തു. കണ്ണമൂല, ഗൗരീശ പട്ടം ഭാഗങ്ങളിൽ പകൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. എന്നാൽ തുടർച്ചയായി മഴ പെയ്തതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.  അവധി ദിനമായതിനാൽ അതിരൂക്ഷമായില്ല. പാങ്ങോട്, തിരുമല, പൂജപ്പുര, കരമന, വള്ളക്കടവ്, മണക്കാട് , കമലേശ്വരം ഭാഗങ്ങളിലെ റോഡുകളിൽ ചെറിയ വെള്ളക്കെട്ട് ഉണ്ടായി. മഴയെ തുടർന്ന് പൊന്മുടി, മങ്കയം, കല്ലയം ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കലക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.  മേയർ ആര്യരാജേന്ദ്രനും മറ്റു വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.  നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ ഇന്നലെ 30 സെന്റിമീറ്റർ കൂടി ഉയർത്തി. ചക്രവാത ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം  മഴ തുടരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നെയ്യാർ ഡാം തുറന്നു
കാട്ടാക്കട ∙ കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിലെ ഷട്ടറുകൾ ഉയർത്തി. ഒരാഴ്ചയായി 10 സെമി വീതം ഉയർത്തിയിരുന്ന ഷട്ടറുകൾ ഇന്നലെ വൈകുന്നേരത്തോടെ 60 സെമി ആയി വർധിപ്പിച്ചു. സംഭരണിയിലേക്ക് ശക്തമായ നീരൊഴുക്കാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. രാവിലെ 10 മുതൽ മണിക്കൂറിൽ 10സെമി വീതം ജലനിരപ്പ് ഉയരുകയായിരുന്നു. സംഭരണിയിൽ 84.07 മീറ്റർ ജലമുണ്ട്. 84.75 മീറ്ററാണ് ശേഷി. മഴ കനത്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.

പൊൻമുടി, മങ്കയം, കല്ലാർ ടൂറിസം കേന്ദ്രങ്ങൾ അടച്ചു 
പാലോട് ∙ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പൊൻമുടി, കല്ലാർ, മങ്കയം എക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചതായി ഡിഎഫ്ഒ കെ.ഐ.പ്രദീപ്കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com