ADVERTISEMENT

തിരുവനന്തപുരം ∙ കാനം രാജേന്ദ്രന്റെ വിയോഗം ഇതുവരെ മനസ്സു കൊണ്ട് അംഗീകരിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാനം ഇപ്പോഴും നമുക്കിടയിൽ എവിടെയോ ഉണ്ടെന്ന ചിന്തയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെപ്പറ്റി എപ്പോഴും ഓർമപ്പെടുത്തിയിരുന്നു അദ്ദേഹം. അസ്വാരസ്യമുണ്ടാക്കുന്ന ചോദ്യങ്ങളോട് കലഹിക്കാതെയും ശബ്ദമുയർത്താതെയും  മറുപടി നൽകി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പകരം വയ്ക്കാനില്ലാത്ത നേതാവാണ് കാനം. എൽഡിഎഫിനു വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്.

തന്റെ പാർട്ടിയുടെ നിലപാടുകൾക്കുവേണ്ടി ശക്തമായി നിലകൊള്ളുമ്പോഴും ഇടതുമുന്നണി രാജ്യത്തിന് മാതൃകയായി നിലനിൽക്കണമെന്ന് അദ്ദേഹം പറയുകയും പ്രവർത്തിക്കുകയും ചെയ്തു. ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ വലുതാണ്. തോട്ടം മേഖലയിലെ തൊഴിലാളി ക്ഷേമത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. നിയമസഭാംഗമെന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

കോടിയേരിയുടെ മരണത്തിനു പിന്നാലെ കേരള രാഷ്ട്രീയത്തിൽ ശൂന്യത സൃഷ്ടിച്ച വിയോഗമാണ് കാനത്തിന്റേതെന്നു  രമേശ് ചെന്നിത്തല എംഎൽഎ  പറഞ്ഞു. ബിനോയ് വിശ്വം എംപി അധ്യക്ഷനായി. മന്ത്രി കെ.കൃഷ്ണൻകുട്ടി, നിയുക്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ, ഒ. രാജഗോപാൽ, എംഎൽഎമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ‍, സിപിഐ ദേശീയ സെക്രട്ടറി അമർജീത് കൗർ, പി.സി.ചാക്കോ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com