ADVERTISEMENT

ആര്യനാട്∙ ജലജീവൻ മിഷന്റെ 146.39 കോടി രൂപയുടെ മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിന്റെ അനുമതി കാത്ത് ജലവിഭവ വകുപ്പ് അധികൃതർ. ആര്യനാട് പഞ്ചായത്തിലെ വീടുകളിൽ കണക്‌ഷൻ നൽകുന്നതിന് വെള്ളനാട്-ചെറ്റച്ചൽ റോഡിന്റെ ആര്യനാട് മുതൽ പറണ്ടോട് വരെയുള്ള വശങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനാണ് അനുമതി ലഭിക്കേണ്ടത്. ഇതിനായി മാസങ്ങൾക്ക് മുൻപ് തന്നെ വാട്ടർ അതോറിറ്റി കത്ത് നൽകിയെങ്കിലും കമ്പനിയുടെ ഭാഗത്ത് തുടർ നടപടി ഉണ്ടായിട്ടില്ല.

കമ്പനി ഡിമാൻഡ് നോട്ടിസ് നൽകിയാൽ മാത്രമേ ഇതിൽ പറയുന്ന പൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം റോഡ് പൂർവ സ്ഥിതിയിൽ ആക്കുന്നതിന് ആവശ്യമായ പണം വാട്ടർ അതോറിറ്റി അധികൃതർക്ക് അടയ്ക്കാൻ കഴിയൂ. സംസ്ഥാന റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ വെള്ളനാട്–ചെറ്റച്ചൽ റോഡിന്റെ 15 വർഷത്തെ നിർമാണവും പരിപാലനവും പെ‌ാതുമരാമത്തിന്റെ അധീനതയിൽ ഉള്ള റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ആണ് നടക്കുന്നത്.

ഇതിനായി പ്രത്യേകം രൂപം കെ‌ാടുത്ത ഇൻകൽ ഇകെകെ റോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് ചുമതല. പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനെ തുടർന്ന് ജോലികൾ നീണ്ടുപോകുകയാണ്. ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷന്റെ 146.39 കോടിയുടെ മങ്ങാട്ടുപാറ ശുദ്ധജല പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണ്. കരമനയാറിലെ ജലം ഏലിയാവൂരിൽ നിർമിക്കുന്ന വെൽകം പമ്പ് ഹൗസിൽ നിന്ന് റോ വാട്ടർ പമ്പിങ് ലൈനിലൂടെ മങ്ങാട്ടുപാറയിൽ നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കും.

തുടർന്ന് ജലം ശുദ്ധീകരിച്ച് സമീപത്ത് നിർമിക്കുന്ന 15 ലക്ഷം ലീറ്ററിന്റെ വലിയ ടാങ്കിൽ (സംപ്) എത്തിക്കും.  ആര്യനാട് പഞ്ചായത്തിൽ ജലവിതരണം നടത്തുന്നതിന് വെട്ടിച്ചാൻകുന്നിൽ 5.5 ലക്ഷം ലീറ്ററിന്റെയും പള്ളിവേട്ടയിൽ 9 ലക്ഷം ലീറ്ററിന്റെയും ടാങ്കുകൾ നിർമിക്കും. വീടുകളിൽ കണക്‌ഷൻ നൽകുന്നത് വെള്ളനാട് –ചെറ്റച്ചൽ റോഡിന്റെ ആര്യനാട് മുതൽ പറണ്ടോട് വരെയുള്ള വശങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് ആണ് അധികൃതരുടെ അനുമതി ലഭിക്കേണ്ടത്. വീടുകളിൽ കണക്‌ഷൻ നൽകുന്നതിന് ആര്യനാട് പഞ്ചായത്തിൽ 180 കിലോമീറ്റർ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com