ADVERTISEMENT

നെയ്യാറ്റിൻകര ∙ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തിരുപുറം ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച ‘തിരുപുറം ഫെസ്റ്റ്’ പുൽക്കൂട് പ്രദർശനത്തിൽ താൽക്കാലിക നടപ്പാലം തകർന്നു വീണ് 40 പേർക്ക് പരുക്ക്. 3 പേർക്ക് നട്ടെല്ലിനു പൊട്ടലുണ്ട്. കൈകാലുകളിലെ എല്ലുകൾ പൊട്ടിയവർ ഒട്ടേറെ. തിരുപുറം ഫെസ്റ്റ് നടത്തിയ സംഘാടക സമിതിക്കെതിരെ പൂവാർ പൊലീസ് കേസെടുത്തു. അയിര സ്വദേശി സനൽ (29), പത്തനാവിള തേരിവിള സ്വദേശി ജയൻ രാജ് (40), തിരുപുറം നെല്ലിവിള ജോയി (36), കുളത്തൂർ സ്വദേശി ആതിര (27), തിരുപുറം സ്വദേശികളായ വിദ്യ (32), റീജ (29), അനിൽ (32), ലൈല (30), കാഞ്ഞിരംകുളം കാക്കനംകാനം സ്വദേശി സഞ്ചു (47), നെല്ലിമൂട് സ്വദേശി ശരത്ത് (29) തുടങ്ങിയവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് നിംസ്, മെഡിക്കൽ കോളജ്, കിംസ്, എസ്പി ഫോർട്ട് ആശുപത്രികളിലും ചികിത്സ തേടി.

ക്രിസ്മസ് ദിനത്തിൽ രാത്രി എട്ടരയോടെയാണ് അപകടം. പുൽക്കൂട് പ്രദർശനത്തിനൊപ്പം ‘വാട്ടർ ഫൗണ്ടൻ ഷോ’ ഒരുക്കിയിരുന്നു. ഇതു കാണുന്നതിനു വേണ്ടി തടി ഉപയോഗിച്ചു നിർമിച്ച താൽക്കാലിക നടപ്പാലത്തിനു മുകളിൽ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. 10 അടിയോളം ഉയരത്തിലായിരുന്നു പാലം. ഭാരം താങ്ങാൻ കഴിയുന്നതിലും അപ്പുറമായതോടെ പാലം തകർന്നു വീഴുകയായിരുന്നു. സനൽ, ജയൻ രാജ്, വിദ്യ എന്നിവർക്കാണു നട്ടെല്ലിനു പരുക്കേറ്റത്. ജോയിയുടെ മുഖത്തിനാണ് പരുക്ക്. റീജയുടെ ഇടുപ്പിലും കാലിലും പൊട്ടലുണ്ട്. എസ്പി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശരത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ശരത്തിനൊപ്പം ഗർഭിണിയായ ഭാര്യ ഉണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.

പാലം പൊളിഞ്ഞു വീഴുമ്പോൾ ഇരുനൂറോളം പേർ പാലത്തിലുണ്ടായിരുന്നു. ഇതിൽ 40 പേർക്കാണ് സാരമായ പരുക്ക് . നിസ്സാര പരുക്കേറ്റവരുടെ എണ്ണം അതിലും അധികമാണ്. പലയിടങ്ങളിൽ നിന്ന് ആംബുലൻസ് എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ്, അഗ്നിശമന സേന, നാട്ടുകാർ തുടങ്ങിയവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. വിവരം അറിഞ്ഞെത്തിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

സുരക്ഷയില്ലാത്ത നടപ്പാലം, വിവാദങ്ങൾ 
‘തിരുപുറം ഫെസ്റ്റ്’ നടത്താൻ സംഘാടക സമിതി രൂപീകരിച്ച ശേഷം പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയില്ലെന്ന് പ്രതിപക്ഷം. എന്നാൽ കഴിഞ്ഞ മാസം 8ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ‘തിരുപുറം ഫെസ്റ്റ്’ നടത്താൻ തീരുമാനമെടുത്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ പറഞ്ഞു. പഞ്ചായത്തിന് ഫണ്ട് ഇല്ലാത്തതിനാൽ സംഘാടക സമിതി രൂപീകരിച്ചായിരുന്നു ഫെസ്റ്റ് നടത്തിയത്.ഇക്കാര്യം പ്രതിപക്ഷവും ശരിവയ്ക്കുന്നുണ്ട്.

പുൽക്കൂട് കാണാൻ ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ പഞ്ചായത്തിന്റെ സീൽ പതിപ്പിച്ചിരുന്നില്ല. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചന്തയിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടപ്പാലം നിർമിച്ചതെന്ന് പൊലീസിന്റെ എഫ്ഐആറിലും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com