ADVERTISEMENT

തിരുവനന്തപുരം∙എംഎൽഎ ഹോസ്റ്റലിന്റെ നെയ്യാർ ബ്ലോക്കിൽ 2ബി ക്വാർട്ടേഴ്സിനകത്തും പുറത്തും ഇന്നലെ രാവിലെ മുതൽ തിക്കും തിരക്കുമായിരുന്നു. അവർക്കിടയിൽ ചോക്ലേറ്റ് പാത്രവുമായി രാമചന്ദ്രൻ കടന്നപ്പള്ളി ഓടി നടന്നു. നിയുക്ത മന്ത്രിയെ സന്ദർശിക്കാനെത്തിയവർക്കെല്ലാം അദ്ദേഹം തന്നെ ചോക്ലേറ്റ് എടുത്തു നൽകി. പൂച്ചെണ്ടുകൾ വാങ്ങി ഫോട്ടോയ്ക്കു നിന്നുകൊടുത്തു. ഭക്ഷണം കഴിക്കാൻ ഇരുന്നിടത്തുനിന്നു പലവട്ടം എഴുന്നേറ്റു ചെന്നു സന്ദർശകരെ സ്വീകരിച്ചു. കോൺഗ്രസ് (എസ്) എന്ന ചെറുപാർട്ടിയുടെ ആഹ്ലാദ നിമിഷത്തിൽ ഒരു പ്രവർത്തകനെപ്പോലും നിരാശനാക്കരുതെന്ന നിർബന്ധം.

മുട്ടൊപ്പം നീണ്ട വെള്ള ജുബ്ബയുടെ  പോക്കറ്റിൽ പതിവുപോലെ പനിനീർപ്പുവുണ്ടായിരുന്നു. ആരെങ്കിലും സമ്മാനിക്കുന്ന പൂവാണു കടന്നപ്പള്ളി പോക്കറ്റിൽ തിരുകുക. സത്യപ്രതിജ്ഞയ്ക്കിറങ്ങുമ്പോൾ പോക്കറ്റിൽ വയ്ക്കാനുള്ള പൂവുമായെത്തിയതു കോഴിക്കോട് നഗരസഭയിലെ കൗൺസിലർ മൊഹ്സീനയായിരുന്നു.രാവിലെ മുതൽ മുന്നണിയിലെ നേതാക്കളെ സന്ദർശിച്ച് ആശീർവാദം സ്വീകരിക്കുന്ന തിരക്കിലായിരുന്നു കടന്നപ്പള്ളി. ഏറ്റവുമാദ്യമെത്തിയതു ക്ലിഫ് ഹൗസിൽ.

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം എകെജി സെന്ററിലെത്തി സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദനെയും പട്ടത്തെ പിഎസ് സ്മാരകത്തിലെത്തി സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെയും കണ്ടു. എംഎൽഎ ക്വാർട്ടേഴ്സി‍ൽ തിരിച്ചെത്തിയപ്പോഴേക്കും ഉച്ചയൂണിന്റെ സമയം അതിക്രമിച്ചു. ഭാര്യ സരസ്വതിയും മകന്റെ ഭാര്യ ബിജി ബാലനും കാത്തിരിക്കുന്നുണ്ടായിരുന്നു. പുറത്തുപോയിരുന്ന മകൻ മിഥുൻ കൂടി വന്നിട്ട് ഉണ്ണാമെന്നായി കടന്നപ്പള്ളി.

സത്യപ്രതിജ്ഞയ്ക്കു സമയത്ത് എത്തണ്ടേ എന്നു കൂടെയുള്ളവർ ഓർമിപ്പിച്ചപ്പോൾ ഉണ്ണാനിരുന്നു. പുട്ടാണ് ഇഷ്ടഭക്ഷണം. മൂന്നുനേരവും പുട്ടു കിട്ടിയാലും അതു മതി. ശീലമറിയാവുന്നതിനാൽ പ്ലേറ്റിൽ പുട്ട് റെഡി. പേരിനൽപം ചോറുമെടുത്ത് ഉണ്ടെണീറ്റ് രാജ്ഭവനിലേക്കിറങ്ങാൻ കടന്നപ്പള്ളി തയാറായി. അന്തരിച്ച അമ്മ പാർവതിയമ്മയാണു പ്രചോദനവും വഴി കാട്ടിയും. പോക്കറ്റിൽ എപ്പോഴും സൂക്ഷിക്കുന്ന ഫോട്ടോയെടുത്ത് കണ്ണിൽചേർത്ത് കടന്നപ്പള്ളി എംഎൽഎ ഹോസ്റ്റലിൽനിന്നിറങ്ങി. കാറിൽ നിറയെ പാർട്ടി പ്രവർത്തകർ. അതിനിടയിൽ തനിക്കും ഭാര്യ സരസ്വതിക്കും ഇത്തിരി സ്ഥലം കണ്ടെത്തി നേരെ രാജ്ഭവനിലേക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com