ഗ്രാമീണ മേഖലയിൽ വ്യാപാര മാന്ദ്യം രൂക്ഷം; കാരണം ഒാൺലൈൻ വിപണി
Mail This Article
പാറശാല∙ഗ്രാമീണ മേഖലയിൽ വ്യാപാര മാന്ദ്യം രൂക്ഷം. ഒാൺലൈൻ വിപണി ശക്തമായതും ചെറിയ ജംക്‌ഷനുകളിൽ പോലും വൻകിട വിൽപന കേന്ദ്രങ്ങളുടെ ശാഖകൾ പിടിമുറുക്കിയതും ചില്ലറ വിൽപന സ്ഥാപനങ്ങൾക്ക് കനത്ത പ്രഹരമായി. കോവിഡ് സൃഷ്ടിച്ച മാന്ദ്യ കാലഘട്ടം പിന്നിട്ട് മറ്റ് മേഖലകൾ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടു ഒന്നര വർഷം കഴിഞ്ഞു. വിൽപന തോത് ദിവസം തോറും കുറയുന്ന സാഹചര്യത്തിൽ കോവിഡിനു മുൻപ് മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചു പൂട്ടലിന്റെ വക്കിൽ ആണ്. പല സ്ഥലങ്ങളിലും പിടിച്ച് നിൽപിന്റെ ഭാഗമായി സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറച്ചത് സ്ത്രീകൾ അടക്കം നൂറുകണക്കിനു പേർക്ക് ജോലി നഷ്ടപ്പെടുന്നതിനു ഇടയാക്കി.
സ്ഥിതി തുടർന്നാൽ പുട്ടൽ അല്ലാതെ മറ്റ് മാർഗം ഇല്ലെന്ന് കണക്കുകൾ നിരത്തി വ്യാപാരികൾ വ്യക്തമാക്കുന്നു. വാടക കെട്ടിടത്തിൽ രണ്ട് ജീവനക്കാരുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനു പോലും ഒരു ദിവസം ചെലവിനത്തിൽ മാത്രം രണ്ടായിരം രൂപ വേണ്ടി വരും. ഇതിനു പുറമേ ഉടമയുടെ ചെലവും സാധനങ്ങൾ കാലഹരണപ്പെടുന്നതും സ്റ്റോക്ക് കൂടുന്നതും മൂലം വരുന്ന നഷ്ടം കൂടി കണക്കാക്കുമ്പോൾ ഭൂരിഭാഗം സ്ഥാപനങ്ങളും വൻ സാമ്പത്തിക നഷ്ടത്തിൽ ആണ് പ്രവർത്തിക്കുന്നത്. കോവിഡ് ഒഴിഞ്ഞ കഴിഞ്ഞ രണ്ട് വർഷത്തെ ഓണം, ക്രിസ്മസ് വിപണികൾ ചില്ലറ വിൽപന മേഖലയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.
ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ സമ്മാന കൂപ്പണുകൾ അടക്കം ഒട്ടേറെ പദ്ധതികൾ സംഘടിപ്പിച്ചെങ്കിലും കാര്യമായ മാറ്റം ഇല്ലെന്നാണ് വിലയിരുത്തൽ. നാലു വർഷം മുൻപ് കെട്ടിട നിർമാണം ആരംഭിക്കുമ്പോൾ തന്നെ മുറി തരപ്പെടുത്താൻ മത്സരിച്ചിരുന്ന പ്രധാന ജംക്‌ഷനുകളിൽ പോലും കടമുറികൾ ഒഴിഞ്ഞ് കിടക്കുന്നതാണ് സ്ഥിതി.
വാടക വർധന, ദൈനംദിന ചെലവുകളുടെ വർധന, വിപണി മാന്ദ്യം എന്നിവ കണക്കിലെടുത്ത് പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ സംരംഭകർ താൽപര്യപ്പെടുന്നില്ല. ഇതോടെ വൻ തുക മുടക്കി കെട്ടിടം നിർമിച്ചവരും പ്രതിസന്ധിയിൽ ആണ്. പഴയ സ്ഥിതി തിരിച്ചെത്തിയില്ലെങ്കിൽ എത്ര കാലം നിലനിൽപ് സാധ്യമാകും എന്ന ആശങ്കയിൽ ആണ് വ്യാപാരികളും സ്ഥാപനങ്ങളെ ആശ്രയിക്കുന്ന നൂറുകണക്കിനു തൊഴിലാളികളും.