ഈട്ടിമൂട് കുടുംബാരോഗ്യ സെന്ററിൽ ഡോക്ടർമാർ എത്തിയില്ല , രോഗികൾ വലഞ്ഞു
![strike-doctor-isukki strike-doctor-isukki](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2022/5/13/strike-doctor-isukki.jpg?w=1120&h=583)
Mail This Article
വെഞ്ഞാറമൂട്∙ വാമനപുരം പഞ്ചായത്തിൽ ഈട്ടിമൂട് കുടുംബാരോഗ്യ സെന്ററിൽ ഡോക്ടർമാർ എത്തിയില്ല. വിവിധ ചികിത്സകൾക്കായി എത്തിയ രോഗികൾ വലഞ്ഞു. പ്രതിഷേധം ശക്തമായതോടെ ആശുപത്രി ജീവനക്കാർ ഒപി വിഭാഗം അടച്ചിട്ടു. ശനിയാഴ്ചയാണ് സംഭവം. മെഡിക്കൽ ഓഫിസർ അടക്കം 3 ഡോക്ടർമാരാണ് ഇവിടെ ഉള്ളത്. പലപ്പോഴും ഇവിടെ ഒരു ഡോക്ടർ അവധിയിൽ ആയിരിക്കും. ശനിയാഴ്ച മെഡിക്കൽ ഓഫിസർ വിവിധ ആവശ്യവുമായി പുറത്ത് ആയിരുന്നു. എന്നാൽ ഇവിടെ ഒപി പ്രവർത്തിക്കുന്നില്ല എന്ന് ഉച്ചയ്ക്ക് നാട്ടുകാർ പരാതിപ്പെടുന്നതു വരെ മെഡിക്കൽ ഓഫിസർ അറിഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്ത് പനി ,അനുബന്ധ രോഗങ്ങളും വ്യാപകമാണ്. പ്രദേശവാസികൾക്ക് ഏക ആശ്രയം സർക്കാർ ആശുപത്രിയാണ്. ഇന്നലെ 100ൽ അധികം രോഗികൾ ഇവിടെ എത്തിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അത്യാവശ്യ ചികിത്സ വേണ്ടുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ ജീവനക്കാർ പറഞ്ഞതോടെയാണ് പരാതി ഉയരുന്നത്.
ഇതിനു മുൻപും പലതവണ ഇത് സംഭവിച്ചിട്ടുണ്ടെന്നും കൃത്യവിലോപം കാട്ടിയ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ ഡിഎംഒക്ക് പരാതി നൽകി.ആശുപത്രിയിലെ ഒരു ഡോക്ടർ അവധിയിൽ ആയിരുന്നുവെന്നും ശനിയാഴ്ച ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടർ എത്താത്തത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടില്ലെന്നും ആശുപത്രി മെഡിക്കൽ ഓഫിസർ അറിയിച്ചു.